50 ലക്ഷം തികച്ചുകൊണ്ട് പയ്യന്നൂർ സ്വദേശി അജീഷും ഭാര്യ കവിതയും കണ്ണൂർ വിമാനത്താവളത്തിലെത്തി
Mail This Article
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം അരക്കോടി കടന്നു. പ്രവർത്തനം ആരംഭിച്ച് 5 വർഷം വർഷം പൂർത്തിയാകാൻ രണ്ടു മാസത്തോളം ബാക്കിയുള്ളപ്പോഴാണ് 50 ലക്ഷം യാത്രക്കാരെന്ന നേട്ടത്തിലേക്കു കിയാൽ എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1.15നു ഷാർജയിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരായ പയ്യന്നൂർ സ്വദേശി അജീഷ്, ഭാര്യ കവിത എന്നിവരാണ് 50 ലക്ഷം തികച്ചുകൊണ്ട് ലാൻഡ് ചെയ്തത്.
ഇരുവർക്കും വിമാനത്താവള ടെർമിനലിൽ സ്വീകരണം നൽകി. സ്പീക്കർ എ.എൻ.ഷംസീർ, കെ.കെ.ശൈലജ എംഎൽഎ, കിയാൽ മാനേജിങ് ഡയറക്ടർ ദിനേശ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി, കിയാൽ സീനിയർ മാനേജർ ടി.അജയകുമാർ, ആദ്യ വിമാനത്തിലെ യാത്രക്കാരുടെ കൂട്ടായ്മയുടെ പ്രതിനിധികളായ ജയദേവൻ മാൽഗുഡി, എസ്.കെ.ഷംസീർ, മുഹമ്മദ് ഫൈസൽ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അവധി ആഘോഷിക്കാൻ കണ്ണൂരിലേക്കു ടിക്കറ്റെടുത്തു വിമാനം കയറുമ്പോൾ ഈ മാജിക് നമ്പറിലെ യാത്രക്കാർ ആവുമെന്നോ 50 ലക്ഷം യാത്രക്കാർ തികയുകയാണോ എന്നൊന്നും അറിഞ്ഞിരുന്നില്ല, പ്രതീക്ഷിക്കാതെ ലഭിച്ച ഭാഗ്യമാണെന്ന് അജീഷും കവിതയും പറഞ്ഞു. യാത്രക്കാരുടെ എണ്ണം ഒരു കോടി പിന്നിടാൻ ഇനി കൂടുതൽ സമയമെടുക്കില്ല, ഇന്ത്യയിലെ പ്രധാന വിമാനത്താവളമായി കണ്ണൂർ മാറുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.
50 ലക്ഷം യാത്രക്കാർ എന്നതു വിമാനത്താവളത്തിന്റെ വളർച്ചയുടെ നാഴികക്കല്ലാണെന്ന് കെ.കെ.ശൈലജയും അഭിപ്രായപ്പെട്ടു. 50 ലക്ഷം യാത്രക്കാർ കണ്ണൂരിനെ ആശ്രയിച്ച് യാത്ര ചെയ്തതിൽ ഏറെ സന്തോഷമുണ്ടെന്നു കിയാൽ എംഡി ദിനേശ് കുമാറും പറഞ്ഞു. കണ്ണൂരിൽ നിന്നു വിദേശ വിമാനങ്ങൾ കൂടി സർവീസ് നടത്തുന്നതിനുള്ള ഇടപെടൽ തുടരുമെന്ന് ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി ഗ്രൂപ്പ് പ്രതിനിധികളും പറഞ്ഞു.
English Summary: Kannur International Airport Reaches a Major Milestone: Half a Crore Passengers and Counting