ഹെൽമറ്റും സ്ത്രീകൾ ധരിക്കുന്ന മാക്സിയും ധരിച്ച് ബൈക്കിലെത്തി, ബൈക്ക് തീവച്ച് നശിപ്പിച്ചു

Mail This Article
പയ്യന്നൂർ ∙ ഹെൽമറ്റും സ്ത്രീകൾ ധരിക്കുന്ന മാക്സിയും ധരിച്ച് ബൈക്കിൽ വന്നയാൾ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് പെട്രോൾ ഒഴിച്ച് തീ വച്ച് നശിപ്പിച്ചു. യുക്തിവാദി സംഘം നേതാവും വാട്ടർ അതോറിറ്റി ജീവനക്കാരനുമായ രാമന്തളി കുരിശുമുക്ക് വട്ടപറമ്പുചാൽ പത്ത് സെന്റ് കോളനിയിലെ എം.പി.ഷൈനേഷ് ഖാദറിന്റെ ബൈക്കാണ് കത്തിച്ചത്. പുലർച്ചെ 1.30ഓടെയാണ് സംഭവം. വഴിത്തർക്കമാണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു. പൊലീസ് കേസെടുത്തു.
ബൈക്കിൽ പെട്രോൾ ഒഴിക്കുന്നതും തീയിടുന്നതുമെല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഹെൽമറ്റ് ധരിച്ച 2 പേർ വഴിയിൽ നിൽക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. കേരള യുക്തി വാദി സംഘം പയ്യന്നൂർ ഏരിയ കമ്മിറ്റി സംഭവത്തിൽ പ്രതിഷേധിച്ചു. കെ.പി.രാമചന്ദ്രൻ, മോഹൻ കുമാർ, ചന്ദ്രൻ, സി.കെ.ദിനേശൻ, എം.കെ.ചന്ദ്രൻ, പി.കെ.നിഷാദ്, കെ.രാധാകൃഷ്ണൻ. എന്നിവർ പ്രസംഗിച്ചു.