ദേശീയപാതയിൽ വഴിതെറ്റിയ നായയ്ക്ക് അഭയം നൽകി; ഉടമയെ തിരിച്ചേൽപിച്ചു
Mail This Article
മച്ചിയിൽ∙ ദേശീയപാതയിൽ വഴിതെറ്റിയ നായയ്ക്ക് അഭയം നൽകുകയും സോഷ്യൽമീഡിയ വഴി ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയും ചെയ്ത മച്ചിയിൽ സ്വദേശിയായ യുവാവ് നാട്ടിൽ താരമായി മാറി. വാഹനത്തിരക്കും തെരുവുനായശല്യവും മൂലം വഴിതെറ്റി പയ്യന്നൂരിൽ എത്തിയ നായയെ 2-ാം ദിവസം കഴിഞ്ഞാണു ഉടമയ്ക്ക് തിരികെ കിട്ടിയത്.
പയ്യന്നൂരിൽ ജോലി ചെയ്യുന്ന മച്ചിയിൽ സ്വദേശിയായ ആകാശാണു നായയ്ക്ക് തുണയായി മാറിയത്. വെള്ളൂർ സ്വദേശി അരവിന്ദാക്ഷ കുറുപ്പിന്റെ രണ്ടര വയസ്സുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട ടോമി എന്ന നായ വെള്ളൂർ ഭാഗത്തു നിർമാണം നടന്നു വരുന്ന ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ വഴി തെറ്റി.
വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറി പായുമ്പോൾ നായയ്ക്ക് വീടിന്റെ ഭാഗത്തേക്ക് തിരികെ പോകാൻ പറ്റാതായി.ഇതോടെ നായ കിലോമീറ്ററുകൾ സഞ്ചരിച്ചു പെരുമ്പയിലെത്തി. തെരുവുനായകളിൽ നിന്നു രക്ഷതേടി ടോമി സമീപത്തെ കടകളിലും ആൾക്കൂട്ടത്തിലും അഭയം തേടുന്നത് ശ്രദ്ധയിൽപ്പെട്ട മച്ചിയിൽ സ്വദേശിയും ടിവിഎസ് ഷോറൂമിലെ ജീവനക്കാരനുമായ ആകാശ് നായയുമായി ചങ്ങാത്തം കൂടി.
തന്നെ വിട്ടുപോകാൻ തയാറാകാതിരുന്ന നായയെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ ആകാശ് ഒപ്പം കൂട്ടി. തന്റെ സ്‌കൂട്ടറിൽ കയറ്റി 30 കിലോമീറ്റർ യാത്ര ചെയ്തു നായയെ തന്റെ വീട്ടിലെത്തിച്ചു ഭക്ഷണവും പരിചരണവും നൽകി സംരക്ഷിച്ചു.ഇതിനിടെ നായയെ അന്വേഷിച്ചു നടന്ന അരവിന്ദാക്ഷ കുറുപ്പ്, നായ നഷ്ടപ്പെട്ട വിവരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ആകാശ് അരവിന്ദാക്ഷ കുറുപ്പിനെ ബന്ധപ്പെടുകയും നായ തന്റെ വീട്ടിലുണ്ടെന്നു അറിയിക്കുകയും ചെയ്തു. തുടർന്നു ഇന്നലെ രാവിലെ മച്ചിയിലെ ആകാശിന്റെ വീട്ടിൽ എത്തിയ അരവിന്ദാക്ഷ കുറുപ്പ് തന്റെ പ്രിയപ്പെട്ട ടോമിയെ ഏറ്റുവാങ്ങി. 2 ദിവസം തനിക്ക് തുണയായി നിന്ന ആകാശിനോട് തന്റേതായ ഭാഷയിൽ നന്ദി പ്രകടിപ്പിച്ചു ടോമി തന്റെ യജമാനന്റെ സ്‌കൂട്ടറിൽ കയറി തിരികെപ്പോയി.