തീഗോളം വീണപോലെ! മലയോരത്തെ വിറപ്പിച്ച് ഇടിമിന്നൽ, കനത്തമഴ: സ്കൂൾ കെട്ടിടത്തിനും റോഡിനും കേടുപാട്

Mail This Article
ചെമ്പേരി∙ ജില്ലയിലെ മലയോര മേഖലയിൽ ഇന്നലെ വൈകിട്ടു ശക്തമായ മഴ പെയ്തു. ഇടിമിന്നലേറ്റ് ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ ഭിത്തി തകരുകയും റോഡിൽ വിള്ളൽ വീഴുകയും ചെയ്തു. വിദ്യാർഥികൾക്കും അധ്യാപകർക്കും മിന്നലിൽ ചെറിയ ഷോക്ക് അനുഭവപ്പെട്ടു. ആർക്കും പരുക്കില്ല പ്ലസ്ടു ബ്ലോക്കിന്റെ പുതിയ കെട്ടിടത്തിനാണ് മിന്നലേറ്റത്. വലിയ ശബ്ദത്തോടെ ഭിത്തിയുടെ കല്ലുകൾ ഇളകിത്തെറിച്ചു മൈതാനത്തും തൊട്ടടുത്ത യുപി സ്കൂൾ ഓഡിറ്റോറിയത്തിലും പതിച്ചു. മൈതാനത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കു കേടുപാട് സംഭവിച്ചു. ക്ലാസ് മുറിയിലെ ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്നു തീ പടർന്നു.
തീഗോളം വീണപോലെ: ഷൈബി കെ.ഇ.കുഴിവേലിപ്പുറത്ത്, ലാബ് ടെക്നീഷ്യൻ, ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ
‘‘ഉച്ചകഴിഞ്ഞ് 2.45നായിരുന്നു അപ്രതീക്ഷിതമായ ഇടി മിന്നൽ ഉണ്ടായത്. മൈതാനത്ത് തീഗോളം വീഴുന്നതു പോലെ തോന്നി. പ്രിൻസിപ്പലിന്റെ കാർ ഹയർസെക്കൻഡറി ബ്ലോക്കിന് മുന്നിൽ നിർത്തിയിട്ടിരുന്നു. പെട്ടെന്ന് ധരിച്ചത് കാർ പൊട്ടിത്തെറിച്ചു എന്നാണ്. ഞാൻ അപ്പോൾ വരാന്തയിൽ നിൽക്കുകയായിരുന്നു, മുകളിൽ നിന്ന് കല്ല് തെറിച്ചു വീണ് ചിതറി തെറിച്ചു. യുപി സ്കൂൾ ഓഡിറ്റോറിയം വരെ കല്ലിന്റെ കഷണങ്ങൾ ചിതറിത്തെറിച്ച നിലയായിരുന്നു. സ്കൂളിലെ ഫാനുകളും കംപ്യൂട്ടറുകളും എല്ലാം കത്തിപ്പോയി. ക്ലാസ് എടുത്തു കൊണ്ടിരിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും ചെറിയ ഷോക്ക് അനുഭവപ്പെട്ടു. പ്രിൻസിപ്പലിന്റെ കാറിന് ചെറിയ തോതിൽ പോറലേറ്റു. ഭാഗ്യം കൊണ്ടു മാത്രമാണ് വലിയ ദുരന്തം ഒഴിവായത്.’’
കാഞ്ഞിരപ്പുഴയും നെല്ലാനിക്കൽ തോടും കരകവിഞ്ഞു
പൂളക്കുറ്റി∙ കനത്ത മഴയിൽ കാഞ്ഞിരപ്പുഴയും നെല്ലാനിക്കൽ തോടും കരകവിഞ്ഞു. വൈകിട്ട് മൂന്നോടെയാരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടു. കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, നെടുംപുറംചാൽ, ഏലപ്പീടിക എന്നിവിടങ്ങളിൽ ശക്തമായ മഴയും ഇടിയുമുണ്ടായി. കുണ്ടലചാപ്പ പാലത്തിനു മുകളിലൂടെ വെള്ളം കയറി ഒഴുകി ഗതാഗതം തടസ്സപ്പെട്ടു. നെടുംപുറംചാൽ മുതൽ തൊണ്ടിയിൽ വരെ ഒട്ടേറെ ഇടങ്ങളിൽ പുഴ കര കവിഞ്ഞൊഴുകിയതോടെ പൂളക്കുറ്റി മേഖലയിൽ ഉരുൾപൊട്ടലുണ്ടായെന്ന അഭ്യൂഹവും പരന്നു. സന്ധ്യയോടെ മഴ ശമിച്ചതിനാൽ വെള്ളക്കെട്ട് രൂക്ഷമായില്ല. നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.
ടാർ റോഡ് മിന്നലേറ്റ് തകർന്നു: സമീപത്തെ വീടിനും മിന്നലേറ്റു
ഏലപ്പീടിക∙ ഇടിമിന്നലേറ്റ് മലയാമ്പടിയിലേക്കുള്ള ടാർ റോഡ് തകർന്നു. വാഹന ഗതാഗതം തടസ്സപ്പെട്ടു.റോഡിൽ ആരുമില്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്. ഇടിമിന്നലേറ്റ് ടാറിങ് തകർന്ന് റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റോഡിനു സമീപമുള്ള കോച്ചേരിപടവിൽ ജോണിയുടെ വീടിന്റെ ഭിത്തിയിൽ വിള്ളൽ വീണു. റോഡിലെ വിള്ളലിലൂടെ മഴവെള്ളം കുത്തിയൊലിച്ച് ജോണിയുടെ വീടിന്റെ പിന്നിലുള്ള മൺതിട്ടയിൽ പതിച്ചതിനാൽ മൺതിട്ടയും അപകടാവസ്ഥയിലാണ്.