ADVERTISEMENT

പയ്യന്നൂർ ∙ നാളെ പത്താമുദയം. കടുത്ത വർണങ്ങളിൽ തെയ്യക്കോലങ്ങൾ ഉറഞ്ഞാടുന്ന, ഉത്തരമലബാറിലെ തെയ്യക്കാലത്തിന്റെ തുടക്കമാണിത്.തുലാം മാസത്തിലെ പത്തിനാണ് പത്താമുദയം. സൂര്യൻ ഏറ്റവും ബലവാനായി ഉദിച്ചു വരുന്ന ദിവസം.  പത്താമുദയത്തിൽ ഉദിച്ചുയരുന്ന സൂര്യനെ, മുറ്റത്ത് നിറദീപമൊരുക്കി സ്വീകരിക്കുന്ന പതിവുണ്ടായിരുന്നു പണ്ട്.  ഉദിച്ചുയർന്ന പത്താമുദയത്തെ അരിയിട്ടെതിരേറ്റ് നിലവിളക്കിലൂടെ വീടിനകത്തേക്ക് ആനയിക്കുന്നുവെന്നായിരുന്നു സങ്കൽപം. ഇന്നും ചില വീടുകളിൽ ഈ ചടങ്ങ് അപൂർവമായി കാണാം. കാറു മൂടാത്ത പത്താമുദയം നാടിന് സമ്പൽസമൃദ്ധി സമ്മാനിക്കുമെന്നായിരുന്നു പഴയ തലമുറയുടെ വിശ്വാസം.  

കന്നിക്കൊയ്ത്തിനു ശേഷമുള്ള കാർഷിക വൃത്തിക്കു തുടക്കമിടുന്ന ദിവസമായിരുന്നു തുലാപ്പത്ത്. മുഹൂർത്തം നോക്കാതെ തുലാപ്പത്തിന് ഏതു പ്രവൃത്തിയും തുടങ്ങാമെന്നാണു പഴമക്കാരുടെ വിശ്വാസം. കാർഷിക സംസ്കൃതിയുടെ ഭാഗമായി പല നാടൻ കലകളുടെയും അരങ്ങേറ്റം നടന്നതും പത്താമുദയത്തോടെയായിരുന്നു. പഴയ കാലത്ത് നഞ്ചിട്ട് മീൻ പിടിക്കാനും നായാട്ട് നടത്താനും തുലാപ്പത്തിന്റെ മുഹൂർത്തമായിരുന്നു പഴമക്കാർ എടുത്തിരുന്നത്. 

അതെല്ലാം ഇന്ന് ഓർമകളായി. വടക്കൻ കേരളം പത്താമുദയത്തെ വരവേൽക്കുന്നതു തെയ്യാട്ടക്കാലത്തെ മുന്നിൽ കണ്ടാണ്. കന്നിക്കൊയ്ത്തു കാലത്തു തുടങ്ങി ഇടവപ്പാതിയിലെ ഒന്നാം വിള വിതയുടെ കാലത്ത് അവസാനിക്കുന്നതാണ് ഉത്തരമലബാറിലെ തെയ്യക്കാലം.  കാർഷിക വൃത്തി നഷ്ടമായെങ്കിലും തുലാപ്പത്തിനു കാലിച്ചാൻ തെയ്യത്തിന്റെ വരവോടെയാണു നാടുണരുന്നത്. കന്നുകാലികളെ കൂട്ടിയ ആലയിൽ കന്നിമൂലയിൽ അടുപ്പു കൂട്ടി കാലിച്ചാനൂട്ട് എന്ന നിവേദ്യാർപ്പണം നടത്തുന്ന ചടങ്ങുകൾ ഇപ്പോഴും ചിലയിടങ്ങിളിലുണ്ട്. ആൺകുട്ടികളാണ് ഉണക്കലരി കൊണ്ട് നിവേദ്യ പായസം ഉണ്ടാക്കുക. കാലിച്ചേകോൻ എന്നും കാലിച്ചാൻ എന്നുമൊക്കെ വിളിക്കുന്ന അമ്പാടി കണ്ണനെ സംപ്രീതനാക്കാനാണ് പ്ലാവിലകളിൽ ഈ നിവേദ്യം വിളമ്പുന്നത്. 

തറവാടുകളിലും കാവുകളിലും പള്ളിയറകളിലുമെല്ലാം തുലാപ്പത്തിനു നട തുറന്ന് അടിച്ചുതളിച്ചു ദീപം തെളിയിച്ചു ദേവതമാർക്കു നിവേദ്യം നൽകും. പൂർവീകമായി നിശ്ചയിച്ച ദിവസങ്ങളിൽ കളിയാട്ടം നടക്കും. പല തറവാടുകളിലും ഗുരു കാരണവന്മാർക്കായി  നിവേദ്യം നൽകുന്ന പതിവ് പത്താമുദയത്തിലുണ്ട്. മുത്തപ്പൻ മടപ്പുരകളിൽ പുത്തരി വെള്ളാട്ടം നടത്തുന്നത് പത്താമുദയത്തിലാണ്. പുതിയ അരിയും അവലും നിവേദിച്ചാണു പുത്തരി വെള്ളാട്ടം നടക്കുക. കളിയാട്ടങ്ങൾക്കൊപ്പം ഇത്തവണ പെരുങ്കളിയാട്ടങ്ങളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com