ADVERTISEMENT

കണ്ണൂർ∙ ജനപ്രിയനായ മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ ഓർമകൾക്ക് ഒരു വയസ്സ്. 2022 ഒക്ടോബർ 27ന് ആണ് സതീശൻ പാച്ചേനി അന്തരിച്ചത്. 6 കോടി രൂപ ചെലവിട്ട് കണ്ണൂർ ഡിസിസിയുടെ പുതിയ കെട്ടിടം പൂർത്തിയാക്കുന്നതടക്കം ഒട്ടേറെ നേട്ടങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ആദർശ ജീവിതവും കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടി സതീശൻ പാച്ചേനി. സിപിഎം നേതാക്കളായ വി.എസ്. അച്യുതാനന്ദനെതിരെ 2001ൽ മലമ്പുഴ നിയമസഭാ മണ്ഡലത്തിലും എം.ബി.രാജേഷിനെതിരെ 2009ൽ പാലക്കാട് പാർലമെന്റ് മണ്ഡലത്തിലും സതീശൻ പാച്ചേനി കാഴ്ചവച്ച പോരാട്ടങ്ങളാണ് അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനാക്കിയത്.

സതീശൻ 
പാച്ചേനി
സതീശൻ പാച്ചേനി

പയ്യാമ്പലത്തു നിർമിച്ച സ്മൃതി മണ്ഡപം ഇന്ന് 9നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അനാഛാദനം ചെയ്യും.ഡിസിസി കെട്ടിട നിർമാണത്തിനു ഫണ്ട് കണ്ടെത്തുന്നതിനായി സ്വന്തം വീടു വിറ്റ അദ്ദേഹത്തിനായി പരിയാരം അമ്മാനപ്പാറയിൽ ഡിസിസിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന വീടിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നേരിട്ടാണു നിർമാണത്തിനു മേൽനോട്ടം വഹിക്കുന്നത്. തുടർന്ന്, നവനീതം ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും.

സതീശൻ പാച്ചേനിയുടെ ഓർമകൾ പങ്കുവയ്ക്കുന്നതിനിടെ ഭാര്യ കെ.വി.റീന വിതുമ്പിയപ്പോൾ.  	     ചിത്രം: മനോരമ
സതീശൻ പാച്ചേനിയുടെ ഓർമകൾ പങ്കുവയ്ക്കുന്നതിനിടെ ഭാര്യ കെ.വി.റീന വിതുമ്പിയപ്പോൾ. ചിത്രം: മനോരമ

സത്യം മാത്രം തേടിയ മനുഷ്യൻ: കെ.വി. റീന(സതീശൻ പാച്ചേനിയുടെ ഭാര്യ)
വിവാഹാലോചനയ്ക്കിടെ 2 കാര്യങ്ങളാണ് സതീശേട്ടൻ എന്റെ അച്ഛനോടു പറഞ്ഞത്. ഒന്ന്, കള്ളം പറയില്ല. രണ്ട്, രാഷ്ട്രീയം മതിയാക്കില്ല. രണ്ടും മരണം വരെ അദ്ദേഹം പാലിച്ചു. എന്റേതു കോൺഗ്രസ് കുടുംബമാണ്. എന്റെ അച്ഛനും സതീശേട്ടനും നാട്ടിലെ ക്ഷേത്രത്തിന്റെ ഭാരവാഹികളായിരുന്നു. കല്യാണാലോചന, സതീശേട്ടൻ തന്നെയാണ് എന്റെ അച്ഛനു മുന്നിൽ അവതരിപ്പിച്ചത്. 1998ൽ വിവാഹം പറഞ്ഞുറപ്പിച്ചു. 3 വർഷത്തിനു ശേഷമായിരുന്നു വിവാഹം. അന്നുമുതൽ മരണം വരെ കരുതലോടെഎന്നെ ചേർത്തുപിടിച്ചു സതീശേട്ടൻ.

വെറും രാഷ്ട്രീയക്കാരൻ മാത്രമായിരുന്നില്ല അദ്ദേഹം. കുടുംബത്തെ നന്നായി നോക്കിയിരുന്നു. എത്ര ദൂരെയാണെങ്കിലും എന്നെയും മക്കളെയും രാവിലെ മുടങ്ങാതെ വിളിക്കും. കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ഒരുമിച്ചു പങ്കിട്ടു. വാടക നൽകാൻ പണമില്ലാത്ത എത്രയോ ദിവസങ്ങളുണ്ടായിട്ടുണ്ട്. ഡിസിസി പ്രസിഡന്റായി ചുമതലയേറ്റെടുക്കാൻ വേണ്ട ചെലവിലേക്ക് 50,000 രൂപ ഞാനാണു തരപ്പെടുത്തിക്കൊടുത്തത്. 

ജീവിതച്ചെലവിനു വഴി കണ്ടെത്താനാണ് അവസാനം ഇൻഷുറൻസ് കമ്പനിയുടെ ഏജൻസിയെടുത്തത്. ചോരയും നീരും നൽകി രാവും പകലും പ്രവർത്തിച്ച പാർട്ടിയിൽ നിന്ന് എന്തെങ്കിലും ആനുകൂല്യമോ വരുമാന മാർഗമോ ലഭിച്ചിട്ടില്ലെന്നും മക്കളുടെ ഉന്നത പഠനത്തിന് ഒരു വരുമാന മാർഗം അത്യാവശ്യമാണെന്നും പറഞ്ഞാണ് അദ്ദേഹം ഇൻഷുറൻസ് ഏജൻസിയെടുക്കുന്നത്. ആ ഏജൻസി മകൻ ജവഹറാണിപ്പോൾ നടത്തുന്നത്. ജീവിക്കാൻ അതൊരു പിടിവള്ളി തന്നെയാണ്.

അവസാന 6 മാസം അദ്ദേഹം കടുത്ത സമ്മർദത്തിലായിരുന്നു. ഇടയ്ക്കിടയ്ക്ക് എന്നെ ഫോണിൽ വിളിക്കും. കാണണമെന്നു തോന്നുന്നതായി പറയും. നീയെന്റെ ശ്വാസവും മക്കൾ എന്റെ ജീവനുമാണെന്നു പറഞ്ഞിരുന്നു, സതീശേട്ടൻ.ആരെങ്കിലും പറയുന്നത്, അപ്പടി സത്യമാണെന്നു വിശ്വസിച്ചിരുന്നു അദ്ദേഹം. അതായിരുന്നു അദ്ദേഹത്തിന്റെ പരാജയവും. രാജ്യസഭാംഗത്വം ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. കെപിസിസി പുനഃസംഘടനയിൽ സ്ഥാനം ലഭിക്കാതെ പോയതും അദ്ദേഹത്തിന്റെ വിശ്വാസങ്ങൾക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു. 

അടുത്ത ബന്ധുവിനോടു വിഷമങ്ങൾ പറഞ്ഞ് കരഞ്ഞിട്ടുണ്ട്. കാറിൽ എന്നും ഭംഗിയുള്ള, മൂവർണമാല തൂക്കണമെന്നു നിർബന്ധമുണ്ടായിരുന്ന അദ്ദഹം അവസാന കാലത്ത് അതു തെറ്റിച്ചു. രാഷട്രീയം പൂർണമായി അവസാനിപ്പിച്ച്, എഴുത്തിലേക്കും വായനയിലേക്കും മാറണമെന്നും അദ്ദേഹം ആലോചിച്ചിരുന്നു. 

പലപ്പോഴും തളർന്നുപോകുമെന്ന് തോന്നിയ സമയത്ത് താങ്ങായത് കുടുംബ സുഹൃത്തായ അഡ്വ. രാജി ജോസഫും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും സഹപ്രവർത്തകരും ഒക്കെയാണ്. പുതിയ വീട് അമ്മാനപ്പാറയിൽ പൂർത്തിയാകുന്നതിനു പിറകിൽ മാർട്ടിന്റെ ആത്മാർഥമായ ശ്രമമുണ്ട്. എന്നും സത്യത്തിനൊപ്പം നിന്ന മനുഷ്യനാണു സതീശൻ പാച്ചേനി. ഞാൻ തർക്കിച്ചിട്ടുണ്ട്. അപ്പോൾ സതീശേട്ടൻ പറഞ്ഞ മറുപടിയാണ് എനിക്കിപ്പോൾ പറയാനുള്ളത്. സത്യം, മാത്രമാണെന്റെയും സമ്പാദ്യം.

സതീശൻ പാച്ചേനി സ്മാരക സമർപ്പണവും അനുസ്മരണ സമ്മേളനവും 29ന്
പരിയാരം∙വിട പറഞ്ഞ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിക്ക് ജന്മനാട്ടിൽ നിർമിച്ച സ്മാരക സ്തൂപം സമർപ്പണവും അനുസ്മരണ സമ്മേളനവും 29ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം നിർവഹിക്കും. പരിയാരം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം പാച്ചേനിയിൽ 2 ലക്ഷം രൂപ ചെലവിൽ‌ സ്മാരക സ്തൂപം നിർമിച്ചത്. പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് പി.എം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ദാനമായി നൽകിയ പാച്ചേനി പള്ളിക്കൽ ഇല്ലം വക സ്ഥലത്താണ് ശിൽപി ഗിരീശൻ പരിയാരത്തിന്റെ നേതൃത്വത്തിൽ സ്തൂപം നിർമിച്ചത്. 

29ന് നടക്കുന്ന ചടങ്ങിൽ മുൻ കെപിസിസി അധ്യക്ഷൻ വി.എൻ.സുധീരൻ സ്മാരക സ്തൂപം ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അനുസ്മരണ പ്രഭാഷണം നടത്തും. മണ്ഡലം പ്രസിഡന്റ്  പി.വി സജീവൻ അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com