ADVERTISEMENT

അവഗണനയിൽ വലഞ്ഞ് വിമാനത്താവളം
വടക്കേ മലബാറിനാകെ വികസനക്കുതിപ്പേകുമെന്നു പ്രതീക്ഷിച്ച കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങി അഞ്ചു വർഷം പൂർത്തിയാകാൻ ഒരു മാസം ബാക്കിയിരിക്കെ പ്രതിസന്ധികളിൽ നിന്നു കരകയറാൻ സാധിക്കാത്ത സ്ഥിതിയിലാണ്. വിദേശ വിമാനങ്ങൾക്ക് അനുമതി നൽകാത്ത സാഹചര്യവും ഗോ ഫസ്റ്റ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികളുടെ വീഴ്ചയുമാണ് വളർച്ചയ്ക്കു തടസ്സമായത്. കോഡ്ഷെയറിങ്, സ്വാപ്പിങ് അനുമതികളും കേന്ദ്രം നിഷേധിച്ചതോടെ അനുമതികൾക്കായി വീണ്ടും കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുകയാണ് കിയാലും സംസ്ഥാന സർക്കാരും വിവിധ സംഘടനകളും.

തലശ്ശേരി – മാഹി ബൈപാസ്: ഏറെയില്ല ഇനി കാത്തിരിപ്പ്
കണ്ണൂർ ∙ തലശ്ശേരി–മാഹി ബൈപാസിൽ അഴിയൂരിലെ റെയിൽവേ മേൽപാലത്തിൽ ഗർഡർ സ്ഥാപിക്കലും കോൺക്രീറ്റും ഇന്നു മുതൽ നടക്കും. പ്രവൃത്തി നടക്കുന്നതിനാൽ മൂന്നു മാസത്തേക്ക് അഴിയൂർ – മാഹി റെയിൽവേ ഗേറ്റ് വഴിയുള്ള ഗതാഗതം നിരോധിച്ചു. 150 മീറ്റർ നീളത്തിൽ നിർമിക്കുന്ന റെയിൽവേ മേൽപാലത്തിനായി 42 ഫാബ്രിക്കേറ്റഡ് കോംപസിറ്റ് ഗർഡറുകളാണ് സ്ഥാപിക്കേണ്ടത്.

റെയിൽ പാളത്തിനു മുകളിലുള്ള ഭാഗത്ത് 14 ഗർഡറുകൾ സ്ഥാപിക്കണം. ഇതിന് ഒരു ദിവസം ട്രെയിൻ ഗതാഗതം ക്രമീകരിക്കും. മൂന്നു മാസത്തിനകം ഈ പ്രവൃത്തികൾ പൂർത്തിയാകുമെന്നാണു പ്രതീക്ഷ. ബാലത്തെ ചതുപ്പിൽ 200 മീറ്റർ ഭാഗം കൂടി പാലമായി മാറ്റാനുള്ള പ്രവൃത്തിയും പുരോഗമിക്കുകയാണ്. ഇതുകൂടി പൂർത്തികുന്നതോടെ ബൈപാസ് ഗതാഗതത്തിനു തുറന്നുകൊടുക്കാൻ കഴിയും.

പുതുപ്രതീക്ഷയായി സിറ്റി ഗ്യാസ് 
പൈപ്പ് വഴി പാചകവാതകം വീടുകളിലേക്ക് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ജില്ലയുടെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങി. കണ്ണൂർ നഗരത്തിലും പരിസരത്തും പൈപ്പിടൽ പുരോഗമിക്കുകയാണ്. മുഴപ്പിലങ്ങാട്, അഴിയൂർ, വളപട്ടണം ഭാഗങ്ങളിലേക്കാണ് പൈപ്പ് ലൈൻ നീട്ടുന്നത്. ചാലോട് മുതൽ മേലേചൊവ്വ വരെ 15 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ പണി നേരത്തേ പൂർത്തിയായിരുന്നു.  കൂടാളിയിലും സമീപ പഞ്ചായത്തുകളിലുമായി നാനൂറിലേറെ വീടുകളിലേക്ക് കണക്‌ഷൻ നൽകിക്കഴിഞ്ഞു. വൈകാതെ അറുന്നൂറോളം വീടുകളിൽക്കൂടി കണക്‌ഷൻ നൽകും. സിഎൻജി സ്റ്റേഷനുകളുടെ എണ്ണവും വർധിപ്പിക്കുമെന്ന് വിതരണ ചുമതലയുള്ള ഇന്ത്യൻഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ പറഞ്ഞു.

സൈബർ പാർക്ക്:വീണ്ടും പ്രതീക്ഷ
ഐടി പാർക്ക് സ്ഥാപിക്കുന്നതിന് സംസ്ഥാന മന്ത്രിസഭ ഭരണാനുമതി നൽകിയതോടെ ഒന്നരപ്പതിറ്റാണ്ടു പഴക്കമുള്ള സ്വപ്നത്തിനു വീണ്ടും ചിറകുമുളച്ചു. കിൻഫ്ര ഏറ്റെടുക്കുന്ന 5000 ഏക്കറിൽ നിന്ന് ഭൂമി കണ്ടെത്താനും കിഫ്ബി ഫണ്ട് ഉപയോഗിച്ച് പാർക്ക് സ്ഥാപിക്കാനുമാണ് തീരുമാനം. കൊല്ലത്തും കണ്ണൂരിലും ഐടി പാർക്കുകൾ സ്ഥാപിക്കാൻ 1000 കോടി രൂപ അനുവദിക്കുന്നതായി 2022–23 വർഷത്തെ ബജറ്റിലാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. 

പ്രഖ്യാപനങ്ങളിൽ നിന്ന് നീങ്ങാതെ തുറമുഖം
അഴീക്കലിൽ പുതിയ രാജ്യാന്തര തുറമുഖത്തിന് മൂന്നു മാസത്തിനകം തറക്കല്ലിടുമെന്ന് പ്രഖ്യാപിക്കുമ്പോഴും നിലവിലെ തുറമുഖത്തോട് കഴിഞ്ഞ കാലങ്ങളിൽ കാണിച്ച അവഗണന കാരണം ആകെയുണ്ടായിരുന്ന കപ്പൽ സർവീസ് തന്നെ നിലച്ച സ്ഥിതിയാണ്. ഡ്രജർ നന്നാക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും മണൽ ശുദ്ധീകരണ പ്ലാന്റ്, ഗോഡൗൺ ഉൾപ്പെടെ പ്രഖ്യാപിച്ച പദ്ധതികളിൽ മിക്കതും ഇന്നും കടലാസിലാണ്.

കാടുകയറി പുല്ലുപാറ
2010ൽ എരമം പുല്ലുപാറയിലായിരുന്നു ജില്ലയിൽ സൈബർ പാർക്കിനു തറക്കല്ലിട്ടത്. റോഡും ചുറ്റുമതിലും നിർമിക്കുകയും പ്രീഫാബ് രീതിയിൽ കെട്ടിടത്തിന് 5 കോടി രൂപയുടെ സാധനങ്ങൾ കൊണ്ടുവന്ന് ഇറക്കുകയും ചെയ്തു. എന്നാൽ പിന്നീട് പദ്ധതി മുന്നോട്ടു പോയില്ല. ഈ ഭൂമി വ്യവസായ പാർക്കായി മാറ്റുമെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ച് രണ്ടു വർഷം പിന്നിട്ടെങ്കിലും ഇതുവരെ നടപടികൾ മുന്നോട്ടുപോയിട്ടില്ല. ഐടി വകുപ്പിൽ നിന്നു ഭൂമി വ്യവസായ വകുപ്പിനു കൈമാറാനുള്ള നടപടികൾ അനിശ്ചിതമായി നീളുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com