ദീപാവലിത്തിളക്കം; മുച്ചിലോട്ട് ഭഗവതിക്ക് ലക്ഷം ദീപം തെളിച്ചു
Mail This Article
കണ്ണൂർ∙ തിന്മയുടെമേൽ നന്മ നേടിയ വിജയം ആഘോഷിക്കുന്ന ദീപാവലി, ദീപം തെളിച്ചും പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ജില്ലയിലെങ്ങും ആഘോഷിച്ചു. ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രസാദ വിതരണവും നടന്നു. ഇന്നലെ രാവിലെ ക്ഷേത്രങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രങ്ങളിലും കാവുകളിലും ചുറ്റുവിളക്കുകൾ തെളിച്ചു. ഉത്തരേന്ത്യക്കാരായ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിലും ദീപാവലി ആഘോഷം വിപുലമായി നടന്നു. തൊഴിലാളികൾ മധുരം വിതരണം ചെയ്തു.
കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിലും പരിസരത്തും ദീപ സമർപ്പണം നടന്നു. ചെരാതുകളിൽ വിളക്ക് തെളിയിച്ച് ക്ഷേത്രക്കുളത്തിൽ ദീപാലങ്കാരം നടത്തി. പ്രത്യേക ദീപാരാധന, ലക്ഷ്മീപൂജ എന്നിവ നടന്നു. രാത്രി നൃത്തനൃത്യങ്ങളും അന്നപ്രസാദവും നടത്തി.കണ്ണൂർ കക്കാട് ഷിർഡി സായി മന്ദിരത്തിൽ കുട്ടികൾ ദീപം തെളിച്ച് രംഗോലി ഒരുക്കി. കണ്ണൂർ പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ലക്ഷം ദീപം സമർപ്പണം, ശിങ്കാരി മേളം, അന്നദാനം, മുതിർന്നവരെ ആദരിക്കൽ എന്നിവ നടന്നു.
മുച്ചിലോട്ട് ഭഗവതിക്ക് ലക്ഷം ദീപം തെളിച്ചു
പയ്യന്നൂർ ∙ പെരുങ്കളിയാട്ടത്തിന് ഒരുങ്ങുന്ന രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നാടിന്റെ കൂട്ടായ്മയിൽ ലക്ഷം ദീപം തെളിച്ചു. തന്ത്രി അബ്ലി വടക്കേ ഇല്ലത്ത് ശങ്കര വാധ്യാൻ നമ്പൂതിരി ആദ്യ ദീപം തെളിച്ചു. ആ ദീപത്തിൽ നിന്ന് ക്ഷേത്രം സ്ഥാനികൻ ഭണ്ഡാരപ്പുരയിൽ ബാബു അന്തിത്തിരിയൻ പകർന്നെടുത്ത ദീപം മറ്റ് സ്ഥാനികരും വാല്യക്കാരും ഏറ്റുവാങ്ങി ക്ഷേത്ര പരിസരത്ത് തടിച്ചു കൂടിയ ആയിരങ്ങൾക്ക് പകർന്നു കൊടുത്തു. ജനുവരി 8 മുതൽ 11 വരെയാണ് പെരുങ്കളിയാട്ടം.