ADVERTISEMENT

മട്ടന്നൂർ∙ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനു മട്ടന്നൂർ ഒരുങ്ങി. നാളെ ഉച്ചയ്ക്ക് 2നാണ് പരിപാടികൾ ആരംഭിക്കുക. മട്ടന്നൂർ മണ്ഡലത്തിലെ 170 ബൂത്തുകളിൽ നിന്ന് 25000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.കെ.ശൈലജ എംഎൽഎ അറിയിച്ചു. കണ്ണൂർ വിമാനത്താവളത്തിന്റെ ഒന്നാം ഗേറ്റിന് മുൻവശത്തുള്ള ഗ്രൗണ്ടിലാണ് വേദി. 

പതിനായിരം പേർക്ക് ഇരിക്കാനുള്ള വിശാലമായ പന്തലും സ്റ്റേജും അനുബന്ധ സൗകര്യങ്ങളും വേദിക്ക് സമീപം പൊതുജനങ്ങൾക്ക് നിവേദനം സമർപ്പിക്കുന്നതിന് 20 കൗണ്ടറുകളും ഒരുക്കി. രാവിലെ 11 മുതൽ നിവേദനം സമർപ്പിക്കാം. സമർപ്പിക്കപ്പെടുന്ന നിവേദനങ്ങൾക്ക് രശീതി നൽകുന്നതിനുള്ള ക്രമീകരണവുമുണ്ട്. ആവശ്യമെങ്കിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിന് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അലോപ്പതി, ആയുർവേദം, ഹോമിയോ തുടങ്ങിയ വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകളും ഉണ്ടാകും. 

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എംഎൽഎ ഔദ്യോഗികമായി മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ അവർക്ക് പനിനീർപൂക്കൾ, മട്ടന്നൂരിന്റെ ചരിത്രം പ്രതിപാദിക്കുന്ന പുസ്കം എന്നിവ നൽകും. വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നതിന് കേരളീയ വേഷം ധരിച്ച ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന 75 പുരുഷൻമാരും, 75 സ്ത്രീകളും അണിനിരക്കും. വിവിധ നൃത്ത വേഷവിധാനങ്ങളോടെ സ്കൂൾ വിദ്യാർഥിനികളും കൂടെയുണ്ടാകും.  22ന് ഉച്ചയ്ക്ക് 2ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നയിക്കുന്ന തായമ്പകയോടെയാണ് നവകേരള സദസ്സിന് തുടക്കമാവുക. പ്രധാന പരിപാടിക്ക് ശേഷം പ്രസീത ചാലക്കുടി നയിക്കുന്ന നാടൻപാട്ടും മറ്റു കലാപരിപാടികളും അരങ്ങേറും. 

വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കണ്ണൂർ വിമാനത്താവള പരിസരത്ത് വിപുലമായ പാർക്കിങ് സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സൗകര്യങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും മട്ടന്നൂരിൽ നടക്കുന്ന  നവകേരള സദസ്സ് ചരിത്ര സംഭവമായി മാറുമെന്ന് സംഘാടക സമിതി കൺവീനർ നിനോജ് മേപ്പടിയത്ത്, ഭാരവാഹികളായ പി.പുരുഷോത്തമൻ, എൻ.വി ചന്ദ്രബാബു, സി.വി.ശശീന്ദ്രർ, എം.രതീഷ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com