ADVERTISEMENT

ചെറുപുഴ∙ ക്വാറിയിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥനും ആക്​ഷൻ കമ്മിറ്റി ഭാരവാഹികളും തമ്മിൽ വാക്കേറ്റം. പ്രാപ്പൊയിൽ ഈസ്റ്റിലെ എയ്യൻകല്ല് ക്വാറിയിൽ  ഇന്നലെ രാവിലെ പരിശോധനയ്ക്ക് എത്തിയ പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥനും ആക്ഷ​ൻ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും തമ്മിലാണു വാക്കേറ്റം ഉണ്ടായത്.

  ക്വാറിക്ക് പ്രവർത്തനാനുമതി നൽകുന്നതിനു മുന്നോടിയായുള്ള പരിശോധനയ്ക്ക് എത്തിയതായിരുന്നു ഉദ്യോഗസ്ഥൻ. ജനകീയ പ്രക്ഷോഭത്തെ തുടർന്നു ഏറെ കാലമായി പ്രവർത്തനം നിർത്തിവച്ച എയ്യൻകല്ല് ക്വാറിക്ക് വീണ്ടും പ്രവർത്തനാനുമതി നൽകുന്നതിനു മുന്നോടിയായി പൊല്യൂഷൻ കൺട്രോൾ ബോർഡ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് എന്നിവയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണു പരിശോധനയ്‌ക്ക് എത്തിയത്. ഇവർ പരിശോധനയ്ക്കെത്തുന്ന വിവരം അറിഞ്ഞു ആക്ഷൻ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളിൽ നിന്നു വിവരങ്ങൾ ആരാഞ്ഞ ശേഷം പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻവയൺമെന്റ് എൻൻജിനീയർ എം.എ.ഷിജു പരിശോധനയ്ക്കായി ക്വാറിയിലേക്ക് പോകുമ്പോൾ, ഒപ്പം പോകാൻ തയാറായ ആക്​ഷൻ കമ്മിറ്റി ഭാരവാഹികളേയും നാട്ടുകാരെയും ക്വാറിയിൽ പ്രവേശിക്കുന്നത് തടഞ്ഞതാണു വാക്കേറ്റത്തിനിടയാക്കിയത്. 

  എന്നാൽ ക്വാറിയുടമ ആവശ്യപ്പെട്ടതിനെ തുടർന്നാണു കമ്മിറ്റി ഭാരവാഹികളെയും നാട്ടുകാരെയും ക്വാറിയിൽ പ്രവേശിക്കുന്നത് വിലക്കിയതെന്നു ഉദ്യോഗസ്ഥൻ പറഞ്ഞു. വാക്കേറ്റം രൂക്ഷമായതോടെ എഡിഎമ്മിന്റെ നിർദേശപ്രകാരം സ്ഥലത്തുണ്ടായിരുന്ന പയ്യന്നൂർ തഹസിൽദാറും തിരുമേനി വില്ലേജ് ഓഫിസറും നാട്ടുകാരുമായി സംസാരിച്ചെങ്കിലും പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള ആക്​ഷൻ കമ്മിറ്റി പ്രവർത്തകർ വഴങ്ങിയില്ല. 

  തുടർന്നു ചെറുപുഴ പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്തംഗങ്ങളും പൊലീസും സ്ഥലത്തെത്തി. ഇവർ ഉദ്യോഗസ്ഥനുമായി സംസാരിച്ചതിനു ശേഷമാണു നാട്ടുകാർ ശാന്തരായത്. തുടർന്നു പഞ്ചായത്ത് അംഗങ്ങളും ആക്ഷൻ കമ്മിറ്റി നേതാക്കളും ഉദ്യോഗസ്ഥരും പൊലീസും ക്വാറിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. 

   താലൂക്ക് സർവേയറെ കൊണ്ടു അളന്നു തിട്ടപ്പെടുത്തിയ ശേഷം പ്രശ്നം പരിഹരിക്കാമെന്നു ഉദ്യോഗസ്ഥർ ആക്​ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് ഉറപ്പ് നൽകി. പൊലൂഷൻ കൺട്രോൾ ബോർഡ് എൻഞ്ചിനീയർ എം.എ.ഷിജുവിനു പുറമേ മൈനിങ് ആൻഡ് ജിയോളജിവകുപ്പ് അസി. ജിയോളജിസ്റ്റ് കെ.റഷീദ്, പയ്യന്നൂർ തഹസിൽദാർ എം.കെ.മനോജ്കുമാർ, പഞ്ചായത്ത്അംഗങ്ങളായ വി.ഭാർഗവി, കെ.എം.ഷാജി, സന്തോഷ് ഇളയിടത്ത്, പഞ്ചായത്ത് സെക്രട്ടറി ആർ.ജയകുമാർ ചെറുപുഴ എസ്.ഐ.എം.പി.ഷാജി എന്നിവരും സ്ഥലത്തു ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com