ADVERTISEMENT

കണ്ണൂർ∙ ഉടുക്കാൻ തുണിയില്ലാത്തവരുടെയും തിന്നാൻ അരിയില്ലാത്തവരുടെയും രാജ്യം തുണിയും അരിയും കയറ്റിയയ്ക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായത് ഇന്ത്യ ഭരിച്ച കോൺഗ്രസിന്റെ മികവു കൊണ്ടാണെന്നും അതിനു കോൺഗ്രസിനെ പ്രാപ്തമാക്കിയ പ്രസ്ഥാനമാണ് ഐഎൻടിയുസിയെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഐഎൻടിയുസി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കണ്ണൂരിൽ ഐഎൻടിയുസി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ വേദിയിലേക്ക്  സ്വീകരിക്കുന്നു. 			ചിത്രം: മനോരമ
കണ്ണൂരിൽ ഐഎൻടിയുസി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ വേദിയിലേക്ക് സ്വീകരിക്കുന്നു. ചിത്രം: മനോരമ

‘ഇന്ത്യയിൽ ഐഎൻടിയുസിയുമായി മത്സരിക്കാൻ തക്ക ശേഷിയുള്ള മറ്റൊരു തൊഴിലാളി പ്രസ്ഥാനമില്ല. സിഐടിയു മൂരാച്ചികളായി. എവിടെയാണ് ഇടതുപക്ഷമുള്ളത്? ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളിലൊന്നാണ് ഐഎൻടിയുസി. കോൺഗ്രസ് വളർത്തിയ പൊതുമേഖലയെ തകർക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്.

റെയിൽ, തുറമുഖം, വിമാനത്താവളം തുടങ്ങി എല്ലാ മേഖലകളും സ്വകാര്യവൽക്കരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നു. ഇതിനെ തടുത്തു നിർത്താൻ ഐ‍എൻടിയുസിക്കു മാത്രമേ സാധിക്കൂ.’ കെ.സുധാകരൻ പറഞ്ഞു.ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജോസ് ജോർജ് പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. നവകേരള യാത്രയ്ക്കിടെ കേരളത്തിൽ 3 കർഷക ആത്മഹത്യകൾ നടന്നതായി അദ്ദേഹം പറഞ്ഞു. 

‘കണ്ണൂരിലുമുണ്ടായി ഒരു കർഷക ആത്മഹത്യ. ജില്ലയിൽ കളിമൺ ഫാക്ടറികളും നെയ്ത്തുശാലകളും അപ്രത്യക്ഷമാവുകയാണ്. നെയ്ത്തുശാലകളിലെ സ്ത്രീകൾക്കു തുച്ഛമായ വരുമാനമാണ്. അതുപോലും എൽഡിഎഫ് സർക്കാർ നൽകുന്നില്ല. സർക്കാരിന്റെ ദുർചെയ്തികൾക്കെതിരെ തൊഴിലാളി വികാരമുയരണം. പെൻഷനുകൾ നിഷേധിക്കപ്പെടുന്നു. ജനങ്ങളെ നോക്കി സർക്കാർ കൊഞ്ഞനം കുത്തുകയാണ്. രാജ്യത്തു വീണ്ടുമൊരു സ്വാതന്ത്ര്യസമരം വേണ്ടി വരുന്ന സ്ഥിതിയാണ് –ജോസ് ജോർജ് പ്ലാത്തോട്ടം പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനവിരുദ്ധമാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ‘സാധനങ്ങൾക്കു തീവിലയാണ്. കെഎസ്ആർടിസിയെ സംസ്ഥാന സർക്കാർ തകർത്തു. സ്ഥിരം തൊഴിലില്ലാതായി.– ആർ.ചന്ദ്രശേഖരൻ പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ഐഎൻടിയുസി നേതാക്കളായ എ.ടി.നിശാത്ത്, യു.കെ.ജലജ, എ.പി.നാരായണൻ, വി.വി.ശശീന്ദ്രൻ, കാർത്തിക്, സി.ടി.ഗിരിജ എന്നിവർ പ്രസംഗിച്ചു, 

സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിൽ നൂറു കണക്കിനു പ്രവർത്തകർ പങ്കെടുത്തു. ഇന്ന് 9.30ന് ഡിസിസി ഓഡിറ്റോറിയത്തിൽ ചേരുന്ന പ്രതിനിധി സമ്മേളനം ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജോസ് ജോർജ് പ്ലാത്തോട്ടം അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com