കടത്തിൽ മുങ്ങി...; മലയോര മേഖലയിലെ കർഷകർ പ്രതിസന്ധിയിൽ
Mail This Article
കൊളക്കാട്∙ ഇന്ത്യൻ കർഷകൻ കടത്തിൽ ജനിക്കുന്നു, കടത്തിൽ ജീവിക്കുന്നു, കടത്തിൽ തന്നെ മരിക്കുന്നു എന്ന് സാമ്പത്തിക ശാസ്ത്രത്തിലെ പ്രയോഗത്തിന്റെ നേർസാക്ഷ്യമാണ് എം.ആർ.ആൽബർട്ട് എന്ന കർഷകന്റെ ജീവിതം. അധ്വാനിച്ച് സമ്പാദിച്ച ഒരേക്കർ ഭൂമിയിലെ റബർ കൃഷിയും പശു വളർത്തലുമായി ജീവിച്ച ആൽബർട്ട് ഒടുവിൽ ജീവിക്കാനുള്ള മാർഗം കാണാനാകാതെയാണ് ജീവനൊടുക്കിയത്.
കൊളക്കാട് പ്രദേശത്തെ ഒട്ടേറെ റോഡുകളുടെ നിർമാണത്തിനും വാഹനസൗകര്യം എത്തിക്കുന്നതിനും ആൽബർട്ട് അധ്വാനിച്ചിരുന്നു. ഇതിനിടയിലാണ് കൊളക്കാട് ക്ഷീരോൽപാദക സഹകരണ സംഘം ആരംഭിച്ചത്. സ്ഥാപക പ്രസിഡന്റായിരുന്ന ആൽബർട്ട് 25 വർഷത്തോളം സംഘത്തിന്റെ നായകനായി പ്രവർത്തിച്ചു. കഴിഞ്ഞമാസം നടത്തിയ തിരഞ്ഞെടുപ്പിൽ നേതൃസ്ഥാനത്ത് നിന്ന് ആൽബർട്ട് ഒഴിവായി. കടബാധ്യത വർധിച്ചതോടെ പശുക്കളെ വിൽക്കുകയും ഭൂമി വിറ്റ് കടങ്ങൾ തീർക്കാനുള്ള ശ്രമം നടത്തി വരികയുമായിരുന്നു. എന്നാൽ ഒരേ സമയത്ത് തന്നെ പല വിധമുള്ള വായ്പ തുക തിരിച്ച് അടയ്ക്കുന്നതിനായി സമ്മർദം ഉണ്ടായെന്നാണു കരുതുന്നത്.
പശുക്കളെ വാങ്ങുന്നതിനായാണ് ഭാര്യ ഉൾപ്പെടുന്ന ജെഎൽജി ഗ്രൂപ്പ് വഴി വായ്പയെടുത്തത്. പശുക്കളെയും ഭൂമിയും കുറെ കടങ്ങൾ വീട്ടിയെങ്കിലും ഇനിയും കൊളക്കാട് സഹകരണ ബാങ്ക് ഉൾപ്പെടെ 3 ബാങ്കുകളിലും സ്വകാര്യ വ്യക്തികൾക്കും സ്വാശ്രയ സംഘത്തിലുമായി 10 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ബാധ്യതകൾ വർധിക്കുന്ന വിവരം വീട്ടിൽ ആരെയും അറിയിക്കുമായിരുന്നില്ല. ഒടുവിൽ കേരള ബാങ്കിൽ നിന്ന് എടുത്ത വായ്പയിൽ റവന്യു റിക്കവറിക്ക് നോട്ടിസ് അയയ്ക്കുമെന്ന മുന്നറിയിപ്പ് വന്നപ്പോൾ കടം തീർക്കാൻ മാർഗം കാണാതെയാണ് ആൽബർട്ട് ആത്മഹത്യ ചെയ്തതെന്നാണു വിവരം.
മലയോരത്ത് അസ്വസ്ഥത
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ മലയോരമേഖലയിൽ കുടിശികയായ വായ്പകൾ തിരിച്ചു പിടിക്കാനും റവന്യു റിക്കവറിക്കും ബാങ്കുകൾ ശ്രമം തുടങ്ങിയതോടെ അസ്വസ്ഥത പുകയുന്നു. സഹകരണ ബാങ്കുകളും ദേശസാൽകൃത ബാങ്കുകളും ജപ്തി നടപടികൾക്കു മുന്നോടിയായി നോട്ടിസ് നൽകി വരുന്നുണ്ട്. ധാരാളം വീടുകളും കെട്ടിടങ്ങളും ബാങ്കുകൾ ജപ്തി ചെയ്ത് ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. പ്രാഥമിക സഹകരണ ബാങ്കുകളും കുടിശിക പിരിക്കുന്ന തിരക്കിലാണ്. ഇവയിൽ ഭൂരിപക്ഷവും സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ കടുത്ത നിലപാടുകളാണ് സ്വീകരിക്കുന്നത്.
മലയോര മേഖലയിലെ കർഷകരാണ് ഏറെ പ്രതിസന്ധിയിലായത്. റബറിന് വിലയിടിവ് സംഭവിക്കുകയും വിലസ്ഥിരതാ ഫണ്ടിൽനിന്നുള്ള ഇൻസെന്റീവ് യഥാസമയം ലഭിക്കാതിരിക്കുകയും ചെയ്യുന്നത് കർഷകരെ വലയ്ക്കുന്നു. കശുമാവ് കർഷകരും വിലത്തകർച്ചയെ തുടർന്ന് പ്രതിസന്ധിയിലാണ്. തെങ്ങ്, കുരുമുളക് കർഷകരും പ്രതിസന്ധിയിൽ തുടരുന്നു. തേങ്ങ സംഭരണം പോലും കൃത്യമായി നടത്താൻ സർക്കാരിന്റെ ഭാഗത്തു നിന്നു നടപടിയില്ല. ഇതിനൊപ്പം കാർഷിക ആവശ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി വായ്പ തേടി ബാങ്കുകളിൽ എത്തിയാലും രക്ഷയില്ല. ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്നതിനുള്ള സാധ്യതയും കുറഞ്ഞു വരികയാണ്.
∙ ബാങ്കിന്റെ നിയമ നടപടികൾ കാരണമാണ് എം.ആർ.ആൽബർട്ട് ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരള ബാങ്കിന്റെ പേരാവൂർ ശാഖയിലേക്ക് മാർച്ചും ധർണയും നടത്തി. പോസ്റ്റ്മോർട്ടത്തിനായി ആൽബർട്ടിന്റെ മൃതദേഹം കൊണ്ടു പോയശേഷം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു മാർച്ച് നടത്തിയത്. ബാങ്കിലേക്കു തള്ളിക്കയറാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.
കോൺഗ്രസ് കണിച്ചാർ മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, ഡിസിസി സെക്രട്ടറി ബൈജു വർഗീസ്, ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ, കർഷക കോൺഗ്രസ് സെക്രട്ടറി പി.അബൂബക്കർ, ഡിസിസി അംഗം സണ്ണി മേച്ചേരി, സുരേഷ് ചാലാറത്ത്, സന്തോഷ് പെരേപ്പാടൻ, മൈക്കിൾ ടി മാലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം പാൽ ഗോപാലൻ, കെ.ഗിരീഷ് കുമാർ, ആദർശ് കണിച്ചാർ, പഞ്ചായത്ത് അംഗങ്ങളായ സുനി ജസ്റ്റിൻ, സുരേഖ സജി, ജിഷ സജി, നേതാക്കളായ ഐ.കെ.വേലായുധൻ, കെ.എം.ജോർജ്, മനോജ് താഴെപ്പുര, ഷാജി കുന്നുംപുറം, തങ്കച്ചൻ ചൊള്ളംപുഴ, ജോൺ മുകളേൽ, ജിജോ കോയിപ്പുറം, പി.പി.അലി, മധു അയോത്തുംചാൽ നേതൃത്വം നൽകി.
പെൻഷൻമുടങ്ങി
ക്ഷീരകർഷർക്കു ലഭിച്ചിരുന്ന പെൻഷൻ 5 മാസമായി ലഭിക്കാതിരുന്നതും ആൽബർട്ടിന്റെ സാമ്പത്തിക ഞെരുക്കത്തിനു കാരണമായി. ഇക്കാര്യം അദ്ദേഹത്തിന്റെ ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. വായ്പയിൽ ഒരു ലക്ഷം രൂപ മാത്രമാണ് താൻ നൽകാനുള്ളതെന്നും അതിൽ പറയുന്നു.
കർഷക ആത്മഹത്യയല്ലെന്ന് കർഷകസംഘം
പേരാവൂർ കൊളക്കാട് നടന്ന ആത്മഹത്യയ്ക്ക് കാർഷികരംഗവുമായി ഒരു ബന്ധവുമില്ലെന്ന് കർഷക സംഘം ജില്ലാ സെക്രട്ടറി എം.പ്രകാശൻ. ആരു മരിച്ചാലും കാർഷികരംഗവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സ്ഥാപിക്കാനുള്ള ഗവേഷണമാണു നടക്കുന്നത്. ജില്ലയിൽ സമീപകാലത്തു നടന്ന രണ്ടു മരണങ്ങളുടെയും കാരണം കാർഷിക രംഗത്തെ പ്രശ്നങ്ങളല്ല. എം.ആർ.ആൽബർട്ട് എന്നയാൾക്ക് കൃഷിയില്ല. പശുവില്ല, സ്വന്തമായി കൃഷി ഭൂമിയില്ല. – എം.പ്രകാശൻ മാധ്യമങ്ങളോടു പറഞ്ഞു.
ഉത്തരവാദിത്തം സർക്കാരിന്:മാർട്ടിൻ ജോർജ്
കൊളക്കാട്ടെ ആൽബർട്ടിന്റെ ആത്മഹത്യയുടെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി. കാർഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാൻ കർഷകർക്ക് താങ്ങാകേണ്ട ഭരണകൂടം കണ്ണിൽ ചോരയില്ലാത്ത നടപടികളുമായി അവർക്കു മേൽ കൊലക്കയർ മുറുക്കുകയാണ്. ഒന്നിലധികം പേരെടുത്ത വായ്പയുടെ തിരിച്ചടവിലെ സങ്കീർണതകൾ അറിയാമായിരുന്നിട്ടും ഈ ക്ഷീരകർഷകനോട് ഒരു ദാക്ഷിണ്യവും അധികാരികളുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നും പറഞ്ഞു.
ആൽബർട്ടിന്റെ വീട് ഡിസിസി പ്രസിഡന്റ് സന്ദർശിച്ചു. നേതാക്കളായ എൻ.സുബ്രഹ്മണ്യൻ, കെ.ജയന്ത്, പി.എം.നിയാസ്, ചന്ദ്രൻ തില്ലങ്കേരി, ബൈജു വർഗീസ്, ജൂബിലി ചാക്കോ, ചാക്കോ തൈക്കുന്നേൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.