ADVERTISEMENT

പയ്യാവൂർ∙ ഉത്തര മലബാറിലെ കിഴക്കൻ മലയോര മേഖലയിൽ അര നൂറ്റാണ്ട് മുമ്പ് കുടിയേറിയ കർഷക കുടുംബങ്ങളിൽ പലരും കുടിയിറക്കത്തിന്റെ പാതയിലാണിപ്പോൾ. കർണാടക വനാതിർത്തിയാേടു ചേർന്ന മലഞ്ചെരിവുകളിലെ ഗ്രാമങ്ങളിൽ നിന്നാണ് കുടിയൊഴിയൽ ഏറെയും. ഇവിടങ്ങളിൽ ആളൊഴിഞ്ഞ വീടുകളുടെ എണ്ണം കൂടുകയാണ്.

പയ്യാവൂർ, ഏരുവേശി, നടുവിൽ, ആലക്കോട്, ഉദയഗിരി  പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി വിവിധ കൃഷികൾ ചെയ്ത് ജീവിച്ചിരുന്നവരാണ് ഇപ്പോൾ വീടും സ്ഥലവും വിറ്റൊഴിഞ്ഞും അല്ലാതെയും സമീപത്തെ നഗര പരിധിയിലേക്ക് താമസം മാറ്റുന്നത്. 

നടുവിൽ പഞ്ചായത്തിലെ പൊട്ടംപ്ലാവ്, കനകക്കുന്ന്, മുന്നൂർ കൊച്ചി, കവരപ്ലാവ്, ചെകുത്താൻകാട്, കരാമരം തട്ട്, മൈലംപെട്ടി, മാവുഞ്ചാൽ, പാത്തൻപാറ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വീടുകളിലാണ് ആൾതാമസമില്ലാതായത്. ഇവയിൽ പലതും കാടുമൂടിയും ഭാഗികമായി നശിച്ചുകൊണ്ടിരിക്കുന്ന നിലയിലുമാണുള്ളത്. ഇങ്ങനെയുള്ള വീടുകളും സ്ഥലങ്ങളും കിട്ടുന്ന വിലയ്ക്ക് പുറത്തുള്ളവർക്ക് വിൽക്കുന്നു. ചിലർ വ്യക്തിപരമായ സൗകര്യത്തിനായി നഗരങ്ങളിലേക്ക് താമസം മാറിയിട്ടുണ്ട്.

കൃഷിനാശവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇപ്പോഴത്തെ കുടിയിറക്കത്തിന് പ്രധാന കാരണമായി പറയുന്നത്. തെങ്ങിനും കമുകിനും മറ്റും സംഭവിച്ചു കൊണ്ടിരിക്കുന്ന വ്യാപകമായ കൃഷി നാശവും കർഷകർക്ക് വൻ തിരിച്ചടിയായിട്ടുണ്ട്. കൃഷിയിടങ്ങളിൽ പണി ചെയ്യാൻ തൊഴിലാളികളെ കിട്ടാത്തതും മറ്റൊരു പ്രശ്നമാണ്. റബർ ടാപ്പിങ്ങിനു പോലും ആളില്ലാത്ത സ്ഥിതി വന്നതോടെയാണ് കർഷകർ കടുത്ത പ്രതിസന്ധിയിലായത്.

കാട്ടാനകളും, കാട്ടുപന്നിക്കൂട്ടവും പതിവായെത്തി സകല കൃഷികളും നശിപ്പിക്കുകയാണ്. അടുത്ത കാലത്തായി കുരങ്ങൻമാരുടെ ശല്യവും പല കൃഷിയിടങ്ങളിലും വ്യാപകമായി. തെങ്ങുകളിലെ കായ്ഫലങ്ങൾ ഒന്നാകെ തിന്ന് നശിപ്പിക്കുന്ന കുരങ്ങൻമാരാണ് കർഷകരുടെ അവസാന പ്രതീക്ഷയും ഇല്ലാതാക്കിയത്. കപ്പ, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങു വിളകൾ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ ഒറ്റ രാത്രി കൊണ്ടാണ് നശിപ്പിക്കുന്നത്. 

തുടർ പഠനങ്ങൾക്കും വിവിധ ജോലികൾക്കുമായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരാണ് ഇവിടത്തെ യുവജനങ്ങളിലേറെയും. നാട്ടിലെ തൊഴിലില്ലായ്മയും ജീവിത സാഹചര്യങ്ങളിലെ അരക്ഷിതത്വവും പുത്തൻ തലമുറയെ നാടുവിടാൻ പ്രേരിപ്പിക്കുന്നു. ഇതുമൂലം നാട്ടിലുള്ള ഭൂരിഭാഗം വീടുകളിലും  രണ്ടാേ മൂന്നോ വയോധികർ മാത്രമായി. രാപ്പകൽ ഭേദമില്ലാതെ യഥേഷ്ടം വിഹരിക്കുന്ന കാട്ടുമൃഗങ്ങൾക്കിടയിൽ നിന്ന് രക്ഷ നേടണമെങ്കിൽ വീടുകളിൽ തനിച്ചാകുന്ന പ്രായമായവർക്ക് നഗരങ്ങളിലേക്ക് താമസം മാറുകയേ മാർഗമുള്ളൂ.

വനാതിർത്തി ഗ്രാമങ്ങളിൽ താമസക്കാർ കുറയുന്നതോടെ ഇവിടങ്ങളിലേക്കുള്ള ഗതാഗത സൗകര്യങ്ങളും  ഇല്ലാതാകുകയാണ്. പ്രദേശത്ത് നിലവിലുള്ള വിദ്യാലയങ്ങളിൽ കുട്ടികളുടെ അംഗസംഖ്യ കുറഞ്ഞു വരുന്നതിനാൽ സമീപ ഭാവിയിൽ ഇത്തരം സ്കൂളുകളുടെ അടച്ചുപൂട്ടലിനും സാധ്യതയേറിയിട്ടുണ്ട്. ചില വൻകിടക്കാരുടെ ബിനാമികളാണ് സ്ഥലക്കച്ചവടങ്ങളുടെ പിന്നിലെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഇവിടങ്ങളിൽ ഇക്കൂട്ടർ വാങ്ങിക്കൂട്ടിയ നൂറുകണക്കിന് ഏക്കർ ഭൂമിയിൽ പിന്നീട് യാതൊരു പ്രവൃത്തികളും നടത്താത്തതിനാൽ കാടു വളർന്ന് വനസമാനമായ നിലയിലാണുള്ളത്. 

ഇക്കാരണത്തൽ തന്നെ ഈ പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ കൂടുതലായെത്താനും വളർന്ന് പെരുകാനും കാരണമായിട്ടുണ്ട്. ഇതുകാരണം തൊട്ടടുത്ത കൃഷിഭൂമിയിൽ ജീവിക്കുന്നവർക്ക് വൈകാതെ പലായനം ചെയ്യേണ്ട അവസ്ഥയുണ്ടാക്കും. ഈ അവസ്ഥ തുടർന്നു കൊണ്ടിരുന്നാൽ വനാതിർത്തികളിലെ വലിയൊരു ഭാഗം കുടിയേറ്റ ഗ്രാമങ്ങളിലും ജനവാസമില്ലാതാകുകയും ഏറെക്കാലം സമ്പന്നമായിരുന്ന കൃഷിഭൂമികൾ കാട്ടുമൃഗങ്ങളുടെ വിഹാര കേന്ദ്രമാകുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com