ADVERTISEMENT

കണ്ണൂർ∙ നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടു വരുന്നു ‘എന്റെ കണ്ണൂർ’ പദ്ധതി. കണ്ണൂർ കോർപറേഷനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സും (ഐഐഎ), കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരവും (സിഇടി) ചേർന്നാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കണ്ണൂർ നഗരത്തിന്റെ വികസന സാധ്യതകൾ സംബന്ധിച്ച് തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ ഗവേഷണം നടത്തി. ഇതിനകം കോർപറേഷനിലെ 11 ഡിവിഷനുകളിൽ ജനപ്രതിനിധികളുമായും നാട്ടുകാരുമായി വിദ്യാർഥികൾ ചർച്ച നടത്തി. നഗര വികസനവുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് ഒരു മാസത്തിനകം തിരുവനന്തപുരം എൻജിനീയറിങ് കോളജ് കോർപറേഷനു സമർപ്പിക്കും.

ആശയ രൂപീകരണം

പദ്ധതിയുടെ ഭാഗമായി ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനും ആശയം ഉന്നയിക്കാനുമുള്ള വേദിയെന്ന നിലയിൽ പൊതുചർച്ചയും ആശയ രൂപീകരണവും നടത്തി. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് ആർക്കിടെക്ചർ വിദ്യാർഥികൾ നടത്തിയ പഠന രേഖകളും, വിശദമായ നഗര മാതൃകയും പയ്യന്നൂർ കോളജ് ഓഫ് എൻജിനീയറിങ് ആർക്കിടെക്ചർ വിഭാഗം വിദ്യാർഥികളുടെ പഠന പ്രവർത്തന റിപ്പോർട്ടുകളും പ്രദർശിപ്പിച്ചു.

വിദ്യാർഥികൾ തയാറാക്കിയ നഗര മാതൃകകളുടെ പ്രദർശനവുമുണ്ടായി. മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഐഐഎ ചെയർമാൻ സജോ ജോസഫ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ ഡപ്യൂട്ടി മേയർ കെ.ഷബീന, സ്ഥിരം സമിതി അധ്യക്ഷൻ സിയാദ് തങ്ങൾ, ഡോ.ബിജിൻ കോത്താരി, ടി.വി.ലിജു, ബിലെ മേനോൻ എന്നിവർ പ്രസംഗിച്ചു.

പദ്ധതി ഇങ്ങനെ

ജനങ്ങളുടെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള പദ്ധതി രൂപീകരണവും ഫണ്ട് കണ്ടെത്തലും ഫലപ്രദമായ വിനിയോഗവും ആണ് ലക്ഷ്യം. കോർപറേഷന്റെ നഗരാസൂത്രണ നഗര നഗര സൗന്ദര്യവൽക്കരണ പദ്ധതികൾ ഐഐഎയുടെ പങ്കാളിത്തത്തോടെ കൂടുതൽ മികവുറ്റതും ജനപ്രദവുമാക്കും. സൗന്ദര്യ സങ്കൽപ്പത്തിലുപരി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. നിക്ഷേപം ആകർഷിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഐഐഎ നടത്തുക.

നിർദേശം ഇങ്ങനെ
∙ നഗരം കാൽനട സൗഹൃദമാക്കുക
∙ പാരിസ്ഥിതിക – ഭിന്നശേഷി സൗഹൃദം ഉറപ്പാക്കുക
∙ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക
∙ മാലിന്യ നിർമാർജനം ഉറപ്പ് വരുത്തുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com