ADVERTISEMENT

കണ്ണൂർ∙ കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയ  ജല പൈതൃകപ്പട്ടികയിൽ ജില്ലയിലെ പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളം ഇടംപിടിച്ചു. 75 സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് 2 എണ്ണം മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്.

1500 വർഷം മുൻപ് നിർമിച്ച പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളം സ്റ്റെപ്പ് വെൽ ഗണത്തിലാണ് ഉൾപ്പെടുന്നത്. ഉത്തരേന്ത്യയിൽ കാണപ്പെടുന്ന പടിക്കെട്ടുകളോടുകൂടിയ കിണറുകളുടെ രൂപത്തിലാണു കുളം. 62 സെന്റിൽ 19 മീറ്റർ ആഴത്തിലാണ് കുളം നിർമിച്ചിരിക്കുന്നത്. വാസ്തുവിദ്യാ ശൈലി പ്രതിഫലിപ്പിക്കുന്ന പടികളാണ് ഏറെ ആകർഷണം.

അയണിവയൽ കുളം എന്നറിയപ്പെടുന്ന കുളം 2001ൽ നവീകരിച്ചു. അഞ്ചരക്കണ്ടി നദിയുടെ തീരത്താണ് പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ സിനിമകളിൽ ഈ കുളം ഇടംപിടിച്ചിട്ടുണ്ട്.എറണാകുളത്തെ കേരള ജലപാതയാണ് സംസ്ഥാനത്തു നിന്നുൾപ്പെട്ട മറ്റൊരു ജല പൈതൃക കേന്ദ്രം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജലശക്തി മന്ത്രാലയം ജലപൈതൃകപ്പട്ടിക തിരഞ്ഞെടുത്തത്.

പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടാൽ സാധാരണ നിലയിൽ വാർഷിക സാമ്പത്തിക സഹായത്തിനും അറ്റകുറ്റപ്പണികൾക്കുള്ള പണത്തിനുമെല്ലാം അർഹതയുണ്ട്. ദേശീയ ജലപൈതൃകപ്പട്ടികയിൽപെട്ട പെരളശ്ശേരി ക്ഷേത്രക്കുളത്തിന് ഇത്തരം സഹായം ലഭിക്കുമോയെന്ന കാര്യം ഉത്തരവിൽ വ്യക്തമല്ല. തുടർ നടപടിയെന്ന നിലയിൽ അത്തരം സഹായങ്ങളും ലഭിക്കുമെന്നാണു പ്രതീക്ഷ. പൈതൃകപ്പട്ടികയിൽപെടുന്നതോടെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലം കൂടിയാകും ഇവിടം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com