സൈനിക വേഷത്തിൽ തട്ടിപ്പ്: രാജസ്ഥാൻ സ്വദേശി പിടിയിൽ
Mail This Article
കണ്ണൂർ∙ ഓൺലൈൻ ആപ്പ് ആയ ഒഎൽഎക്സിൽ ഫ്ലാറ്റ് വിൽപനയ്ക്കുണ്ടെന്ന പരസ്യം നൽകിയാളുടെ പണം തട്ടിയ രാജസ്ഥാൻ സ്വദേശി പിടിയിൽ. ജയ്പുർ റായ്ഗരോ കാമൊഹല്ല സ്വദേശി അക്ഷയ് ഖോർവാളിനെയാണു (21) കണ്ണൂർ സൈബർ പൊലീസ് ജയ്പുരിലെത്തി അറസ്റ്റ് ചെയ്തത്. കേസിലെ ‘മാസ്റ്റർ മൈൻഡ്’ എന്ന് പൊലീസ് കരുതുന്ന, അക്ഷയ്‌യുടെ പിതൃസഹോദരൻ സുരേന്ദ്ര ഖോർവാൾ പൊലീസിനെ കണ്ട് രക്ഷപ്പെട്ടു.
കണ്ണൂർ തോട്ടട സ്വദേശി സാബിറയുടെ (57) അക്കൗണ്ടിൽ നിന്ന് 2.65 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. സമാനരീതിയിൽ കണ്ണൂർ താണ സ്വദേശിയുടെ 1.85 ലക്ഷം രൂപ തട്ടിയ കേസിലും ഇയാൾ പ്രതിയാണെന്ന് സൈബർ സെൽ ഇൻസ്പെക്ടർ കെ.സനിൽകുമാർ പറഞ്ഞു.
തട്ടിപ്പ് ഇങ്ങനെ
തന്റെ ഫ്ലാറ്റ് വിൽക്കാനുണ്ടെന്ന് അറിയിച്ചായിരുന്നു സാബിറ ഒഎൽഎക്സിൽ പരസ്യം നൽകിയത്. തൊട്ടടുത്ത ദിവസം അക്ഷയും സുരേന്ദ്രയും ഫോണിൽ സാബിറയെ വിളിച്ചു. ആർമി ഉദ്യോഗസ്ഥനാണെന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് ജോലി മാറ്റം ലഭിച്ചെന്നും പറഞ്ഞ അക്ഷയ് അടുത്ത ദിവസം തന്നെ കുടുംബസമേതം കണ്ണൂരിലെത്തുമെന്നു പറഞ്ഞു വിശ്വാസം നേടി. ഫ്ലാറ്റ് ഉടൻ വാങ്ങുമെന്നും അറിയിച്ചു. അഡ്വാൻസായി 2 ലക്ഷം രൂപ നൽകാമെന്നും അറിയിച്ചു.
ഗൂഗിൾ പേയിലേക്ക് ഒരു രൂപ അയയ്ക്കാൻ സാബിറയോട് ആവശ്യപ്പെട്ടു. പിന്നീട് അക്കൗണ്ടിൽ ഒരു രൂപ എത്തിയില്ലെന്നു പറഞ്ഞ അക്ഷയ് തന്റെ ബാങ്ക് അക്കൗണ്ട് നൽകി പണം ഇടാൻ ആവശ്യപ്പെട്ടു. ഇതിനു മുൻപായി സാബിറയുടെ അക്കൗണ്ട് വിവരവും ഐഎഫ്എസ്‌സി കോഡും തട്ടിപ്പ് സംഘം വാങ്ങി.
ഗൂഗിൾ പേ വഴി സാബിറ പണം പ്രതിയുടെ അക്കൗണ്ടിൽ ഇട്ടതോടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായുള്ള അറിയിപ്പ് എത്തി. ആർബിഐയുടെ രീതിയാണെന്നും പണം പിന്നീട് ക്രെഡിറ്റാകുമെന്നും വീണ്ടും ഇത്തരത്തിൽ പണം ഇട്ടോളൂ എന്നും പറഞ്ഞതോടെ 5 തവണകളായി 1,65,000 രൂപ കൂടി അക്കൗണ്ടിൽ ഇട്ടു. പണം നഷ്ടമായതല്ലാതെ പിന്നീട് ഇവരെ കുറിച്ച് വിവരം ഒന്നും ഇല്ലതായതോടെയാണ് സാബിറ പൊലീസിനെ സമീപിച്ചത്.
പൊലീസിനെ വളഞ്ഞ് ഗ്രാമവാസികൾ
എസ്ഐമാരായ സി.പി.ലിനേഷ്, എം.പ്രശോഭ്, എഎസ്ഐ പ്രകാശൻ, സിപിഒ സുനിൽ എന്നിവരുൾപ്പെട്ട സംഘം ഇക്കഴിഞ്ഞ 24ന് ആണ് ജയ്പുരിലെത്തുന്നത്. രാത്രിയോടെ ഗ്രാമത്തിലെത്തിയ പൊലീസ് സംഘം വീട്ടിൽ നിന്നും അക്ഷയിനെ പിടികൂടി പുറത്തിറങ്ങവെ ഗ്രാമവാസികളായ നൂറോളം പേർ പൊലീസിനെ വളഞ്ഞു. ജയ്പുർ പൊലീസിന്റെ സഹായത്തോടെയാണ് ഗ്രാമത്തിൽ നിന്നു സൈബർ പൊലീസിനു മടങ്ങാനായത്.
‘ആർമി ഫ്രോഡ്’: പണം തട്ടും വഴി
ആർമി ഫ്രോഡ് എന്നാണ് ഓൺലൈൻ പണത്തട്ടിപ്പു രീതിക്ക് സൈബർ പൊലീസ് പറയുന്ന പേര്. ഇന്ത്യൻ ആർമിയുടെ വ്യാജ ഐഡി കാർഡും യൂണിഫോമും ഉപയോഗിച്ചാണ് തട്ടിപ്പ്. തൊപ്പിയും യൂണിഫോമും ധരിച്ച് തട്ടിപ്പുകാർ വിഡിയോ കോളിൽ പ്രത്യക്ഷപ്പെടുന്നതോടെ വിശ്വാസം കൂടും.
അങ്കിത്ത് വിജയൻ എന്ന ആർമി ഓഫിസറുടെ പേരിലായിരുന്നു അക്ഷയ് തട്ടിപ്പ് നടത്തിയത്. യൂണിഫോമിലുള്ള ഐഡി കാർഡ്, ആധാർ കാർഡ് എന്നിവ വാട്സാപ്പിൽ അയച്ച് നൽകുകയും ചെയ്തു. ആർമി ഉദ്യോഗസ്ഥരെന്ന പേരിൽ ഓൺലൈൻ വഴി ആരെങ്കിലും വന്നാൽ കണ്ണടച്ച് വിശ്വസിക്കരുതെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു.