ഈ പാലം കടന്നാലും ഗതികേടാണ് ഗതാഗതം
Mail This Article
ചാവശ്ശേരി∙ അപകടാവസ്ഥയിലായ വട്ടക്കയം പാലം നന്നാക്കാൻ നടപടിയില്ല. കൂരൻമുക്ക് - വട്ടക്കയം - പെരിയത്തിൽ റോഡും തകർന്നതോടെ ജനങ്ങൾ യാത്രാ ദുരിതം അനുഭവിക്കുന്നു. നടന്നു പോകാൻ പോലും പറ്റാത്ത സ്ഥിതിയായി. വട്ടക്കയം പാലത്തിന്റെ അടിയിലെ പാറക്കെട്ടുകൾ ഇളകി അപകടാവസ്ഥയിലാണ്. വർഷങ്ങളായി പാലം അപകടഭീഷണിയിലായിട്ടും അധികൃതർ പരിഹാരം കാണാനുള്ള നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതി ഉന്നയിക്കുന്നു.
ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന വട്ടക്കയം - പെരിയത്തിൽ - വെളിയമ്പ്ര പ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്. വട്ടക്കയത്തെ വീതിയേറിയതും കുത്തൊഴുക്കുമുള്ള തോടിന് കുറുകേ 1996 ലാണ് പാലം നിർമിച്ചത്. അതുവരെ ജീപ്പുകളും മറ്റും തോട്ടിലൂടെ ഇറങ്ങിയാണ് ഈ പ്രദേശങ്ങളിലേക്ക് പോയിരുന്നത്. ജനങ്ങളുടെ ഏറെനാളത്തെ മുറവിളിക്കൊടുവിൽ 5 വർഷത്തെ ഉറപ്പിൽ തടയണയായാണ് അന്നു പാലം നിർമിച്ചത്.
പാലം വാഹനങ്ങൾക്ക് കടന്നുപോകാൻ തക്കവണ്ണം വീതികൂട്ടി നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് കരാറുകാരൻ നാട്ടുകാരുടെ സഹകരണത്തോടെ പാലം അൽപംകൂടി വീതികൂട്ടി നിർമിക്കുകയായിരുന്നു. 5 വർഷത്തെ ഗാരന്റി കഴിഞ്ഞ് രണ്ടര പതിറ്റാണ്ടിലേറെ കഴിഞ്ഞ പാലത്തിന്റെ അടിഭാഗത്തെ ചെങ്കൽ കെട്ട് ഇളകുകയും വലിയ വിള്ളൽ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. മുൻപ് ചെറിയ വാഹനങ്ങൾ മാത്രം കടന്നു പോയിരുന്ന പാലത്തിലൂടെ ബസുകളും ഭാരവാഹനങ്ങളും കടന്നു പോകാറുണ്ട്.
കാലവർഷത്തിൽ പാലം കവിഞ്ഞു വെള്ളമൊഴുകുന്നതും പാലത്തിന്റെ ബലക്ഷയത്തിന് ആക്കം കൂട്ടി. കൂരൻമുക്കിൽ നിന്നും വട്ടക്കയം വഴി പെരിയത്തിലേക്കു നീളുന്ന മൂന്നരക്കിലോമീറ്ററോളം വരുന്ന റോഡിന്റെ അവസ്ഥ വളരെ ദയനീയമാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് നിത്യവും ഈ റോഡിനെ ആശ്രയിക്കുന്നത്. ഇരിട്ടി നഗരസഭയുടെ കീഴിലുള്ള ടാർ റോഡ് വർഷങ്ങളായി അറ്റകുറ്റ പണികൾ ചെയ്യാത്തതുമൂലം ടാറിങ് ഇളകി വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷകൾ പണിമുടക്ക് സമരം നടത്തിയിരുന്നു.