കണ്ണവം - ചെറുവാഞ്ചേരി റോഡരിക് കുഴിച്ചു; യാത്രക്കാർ വീണ്ടും അപകട ഭീഷണിയിൽ

Mail This Article
ചിറ്റാരിപ്പറമ്പ്∙ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കണ്ണവം - ചെറുവാഞ്ചേരി റോഡരിക് കുഴിച്ചതോടെ റോഡിൽ യാത്രക്കാർ വീണ്ടും അപകട ഭീഷണിയിൽ. രണ്ട് വർഷം മുൻപ് റോഡ് നിർമാണം പൂർത്തിയായതോടെ റോഡരികിൽ മണ്ണ് നിറച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉണ്ടായ വാഹന അപകടത്തിൽ രണ്ട് ജീവൻ നഷ്ടപ്പെട്ടതോടെയാണ് റോഡിന് ഇരു വശവും കോൺക്രീറ്റ് ചെയ്യാൻ തീരുമാനമായത്. ഇവിടെയാണ് ജലജീവൻ മിഷന്റെ പൈപ്പ് ഇടാൻ കുഴി എടുത്തത്. വനത്തിലൂടെ കടന്നു പോകുന്ന ഈ ഭാഗത്താണ് അപകടങ്ങൾ ഒഴിവാക്കാനായി പെട്ടെന്ന് തന്നെ കോൺക്രീറ്റ് ചെയ്യണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കണ്ണവം - ചെറുവാഞ്ചേരി റോഡിൽ വനത്തിലൂടെ കടന്നു പോകുന്ന ഭാഗത്ത് അപകടങ്ങൾ പതിവായിരുന്നു. റോഡ് മെക്കാഡം ടാറിങ് നടത്തി നവീകരിച്ചതിലെ അപാകതയാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത് എന്ന ആരോപണം ഉന്നയിച്ച് പ്രതിഷേധങ്ങളും ഉയർന്നതിനെ തുടർന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരത്തിനായി സബ് കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേരുകയും ചെയ്തിരുന്നു. ആ യോഗത്തിലെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് രണ്ടര കിലോ മീറ്ററോളം ദൂരത്തിൽ റോഡിന് ഇരുവശവും കോൺക്രീറ്റ് ചെയ്തത്. ഓരോ വശത്തും 60 മുതൽ 75 സെന്റി മീറ്റർ വീതിയിലാ കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്.
വേഗം കുറയ്ക്കാൻ
സ്ഥാപിച്ച
സ്പീഡ് ബ്രേക്കറുകൾ
പൂർണമായും തകർന്നു
റോഡിലെ അപകട മേഖലയിൽ റോഡിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകൾ പൂർണമായും തകർന്നു. വനത്തിലൂടെ കടന്നു പോകുന്ന പഴശ്ശിമുക്ക് മുതൽ - പുളിയൻ പീടിക വരെയുള്ള ഭാഗത്ത് സ്ഥാപിച്ച 11 സ്പീഡ് ബ്രേക്കറുകളാണ് തകർന്നത്. മുൻപ് സ്പീഡ് ബ്രേക്കറുകൾ തകർന്നു തുടങ്ങിയത് മലയാള മനോരമ വാർത്ത നൽകിയിരുന്നു. തുടർന്ന് അധികൃതർ അടിയന്തരമായി ഇവ പുനഃസ്ഥാപിച്ചു. എന്നാൽ ഇവ ഉൾപ്പെടെ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകൾ ഗുണമേന്മ ഇല്ലാത്തതിനാൽ ആണ് പെട്ടെന്ന് നശിച്ചത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. പഴശ്ശിമുക്ക് മുതൽ - പുളിയൻ പീടിക വരെയുള്ള ഭാഗത്ത് 200 മീറ്റർ ഇടവിട്ട് 11 സ്പീഡ് ബ്രേക്കറുകൾ ആണ് സ്ഥാപിച്ചത്.