ADVERTISEMENT

തളിപ്പറമ്പ്∙ യാത്രക്കാരിയായ വിദ്യാർഥിനിയുടെ പരാതിയിൽ സ്വകാര്യബസ് കണ്ടക്ടറെ പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തളിപ്പറമ്പിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. വ്യാജ പരാതിയാണെന്ന് ആരോപിച്ചായിരുന്നു സമരം. റിമാൻഡിലുള്ള കണ്ടക്ടർക്കെതിരെ മറ്റൊരു വിദ്യാർഥിനിയുടെ പരാതിയിലും പൊലീസ് ഇന്നലെ കേസെടുത്തു.

ആലക്കോട് വെള്ളാട് റൂട്ടിൽ ഓടുന്ന ബസിലെ കണ്ടക്ടർ വെള്ളാട് സ്വദേശി പി.ആർ.ഷിജോയെയാണു കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാർ തളിപ്പറമ്പ് – ആലക്കോട് റൂട്ടിൽ ഇന്നലെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും രാവിലെ തളിപ്പറമ്പിൽ ദേശീയപാത വഴി സർവീസ് നടത്തുന്ന ദീർഘദൂര ബസുകൾ ഉൾപ്പെടെ എല്ലാ റൂട്ടുകളിലും മിന്നൽ പണിമുടക്ക് നടത്തുകയായിരുന്നു. ഇതോടെ വിദ്യാർഥികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ പെരുവഴിയിലായി.

24ന് രാവിലെ ആലക്കോട് നിന്ന് ബസിൽ യാത്ര ചെയ്യുമ്പോൾ ഷിജോ ഉപദ്രവിച്ചെന്ന് 13 വയസ്സുകാരിയായ പെൺകുട്ടി സ്കൂൾ അധ്യാപകരോടാണ് പറഞ്ഞത്. അധ്യാപകർ കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചാണ് പരാതി നൽകിയത്. തുടർന്ന് തളിപ്പറമ്പ് പൊലീസ് ബസ് സ്റ്റാൻഡിൽ വച്ച് ഷിജോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പണിമുടക്ക് ആഹ്വാനത്തിൽ യൂണിയനുകൾ ഇടപെട്ടിരുന്നില്ല.

ഇതിനിടയിലാണ് 22ന് രാവിലെ ഇതേബസിൽ തളിപ്പറമ്പിൽ വച്ച് ഷിജോ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് മറ്റൊരു 13കാരിയും പരാതി നൽകിയത്. ഈ കേസിൽ ഷിജോയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.സമരക്കാരുമായി ഡിവൈഎസ്പി: എം.പി.വിനോദ് ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചെങ്കിലും ഇന്നലെ ബസ് ഓടിക്കാൻ ജീവനക്കാർ തയാറായില്ല. 

പണിമുടക്കിയ തൊഴിലാളികൾ ഷിജുവിന്റെ കുടുംബാംഗങ്ങളുമായി തളിപ്പറമ്പിൽ പ്രകടനവും നടത്തി. ഗതാഗത തടസ്സം സൃഷ്ടിച്ചതിന് നൂറോളം ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.അപ്രതീക്ഷിതമായി സ്വകാര്യ ബസുകൾ മുടങ്ങിയതോടെ കെഎസ്ആർടിസി ബസുകൾ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കെഎസ്ആർടിസി ബസുകൾ കുറവായ ആലക്കോട്, ശ്രീകണ്ഠപുരം, പെരുമ്പടവ്, പട്ടുവം മേഖലകളിലും ബസുകൾ ഇല്ലാതെ ജനങ്ങളും വിദ്യാർഥികളും ദുരിതത്തിലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com