മത്സ്യത്തൊഴിലാളികളുടെ ഷെഡും ബൈക്കും തീവച്ച് നശിപ്പിച്ചു
Mail This Article
പയ്യന്നൂർ∙രാമന്തളി ഏറൻ പുഴയോരത്ത് മത്സ്യത്തൊഴിലാളികളുടെ ഷെഡും ബൈക്കും തീവച്ച് നശിപ്പിച്ചു. മത്സ്യത്തൊഴിലാളി പി.പി.രാഘവന്റെ ഷെഡും ഇവിടെ സൂക്ഷിച്ചിരുന്ന വലകളും സിപിഎം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ കൊവ്വപ്പുറത്തെ ഒ.കെ.ഗിരീശന്റെ ബൈക്കുമാണ് അഗ്നിക്കിരയാക്കിയത്. ഗിരീശനും സുഹൃത്ത് സുരയും ഷെഡ്ഡിനടുത്ത് ബൈക്കുകൾ നിർത്തിയിട്ട് രാഘവനൊപ്പം ഏറൻ പുഴയിൽ മീൻ പിടിക്കുകയായിരുന്നു.
രാഘവന്റെ ബൈക്കും ഇവിടെ ഉണ്ടായിരുന്നു. ഇതിനിടയിൽ തീ ഉയരുന്നത് കണ്ട് ഇവിടേക്ക് തോണി തുഴഞ്ഞ് എത്തുമ്പോഴേക്കും ഷെഡ്ഡും ഒരു ബൈക്കും പൂർണമായും കത്തിനശിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
വലയും മറ്റു തൊഴിലുപകരണങ്ങളും സൂക്ഷിക്കാനായി കൊവ്വപ്പുറത്തെ ഏറൻ പുഴക്കരയിൽ നിർമിച്ചതായിരുന്നു ഷെഡ്. സമീപത്ത് തന്നെയുണ്ടായിരുന്ന രാഘവന്റെ ബൈക്കിനും തീയുടെ ചൂടിൽ കേട് പാട് സംഭവിച്ചിട്ടുണ്ട്. ഓടിക്കൂടിയവർ തള്ളി മാറ്റിയതിനാലാണ് സുരയുടെ ബൈക്കിലേക്ക് തീ പടർന്നില്ല. 75,000 രൂപ വില വരുന്ന 3 സെറ്റ് നാടൻ വലകൾ ഉൾപ്പെടെ 6 സെറ്റ് വലകളും കത്തിനശിച്ചു.