ADVERTISEMENT

കണ്ണൂർ∙ രാജസ്ഥാനിലെ ജയ്പുരിലെ അപരിചിതമായ നാട്ടുമ്പുറം. കൊടും തണുപ്പ്. വയറ്റിൽ പിടിക്കാത്ത ചുട്ടറൊട്ടിയും പരിപ്പു കറിയും. പ്രതിയെ സംരക്ഷിക്കാൻ വീടു വളഞ്ഞ് ജനക്കൂട്ടം. മജിസ്ട്രേട്ടിന്റെ വീടു വരെ പൊലീസിനെ പിന്തുടർന്ന് പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ച ഗുണ്ടാസംഘം... ഓൺലൈൻ വ്യാപാരസൈറ്റ് ആയ ഒഎൽഎക്സ് വഴി തട്ടിപ്പു നടത്തിയ കേസിലെ പ്രതി ജയ്പുർ റായികരോഖ മൊഹല്ല സ്വദേശി അക്ഷയ് കോർവാളിനെ സൈബർ പൊലീസ് പിടികൂടി, കണ്ണൂരിലെത്തിച്ചത് സാഹസികമായി. ഓൺലൈൻ തട്ടിപ്പുകേസിൽ പ്രതിയെ ഉത്തരേന്ത്യയിലെത്തി പിടികൂടിയ, ഈ വർഷത്തെ ഏക കേസുമാണിത്.

നിർദേശം കമ്മിഷണറുടേത്

സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാറിന്റെ നിർദേശ പ്രകാരമാണ്, തോട്ടട സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് 2.65 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികളെ പിടികൂടാൻ സൈബർ പൊലീസ് തുനിഞ്ഞിറങ്ങിയത്. 

സൈബർ പൊലീസ് ഇൻസ്പെക്ടർ കെ.സനൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ പ്ലാനിങ്. സൈബർ പൊലീസ് സബ് ഇൻസ്പെക്ടർ സി.പി.ലിനേഷ്, മയ്യിൽ എസ്ഐ: എം.പ്രശോഭ്, സൈബർ എഎസ്ഐ: വി.വി.പ്രകാശൻ, ടൗൺ സ്റ്റേഷനിലെ സിപിഒ: കെ.സുനിൽകുമാർ എന്നിവരടങ്ങിയ സംഘം കഴിഞ്ഞ 20ന് ജയ്പൂരിലേക്കു ട്രെയിൻ കയറുമ്പോൾ, തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം എത്തിയ ബാങ്കിന്റെ വിശദാംശവും 2 അക്കൗണ്ടുകളുടെ നമ്പറും മാത്രമാണു കൈയിലുണ്ടായിരുന്നത്. 21ന് രാത്രി സംഘം ജയ്പുരിൽ ട്രെയിനിറങ്ങി. 

ആദ്യം ബാങ്കിലേക്ക്

ഒരേ ബാങ്കിന്റെ 2 ശാഖകളിലേക്കാണു തട്ടിപ്പു നടത്തിയ തുക എത്തിയത്. ഒരു ഭാഗമെത്തിയ അംബർബാരി ശാഖയിലാണു പൊലീസ് സംഘം അന്വേഷണം തുടങ്ങിയത്. രാഹുൽ സെയ്നിയുടെ പേരിലാണ് അക്കൗണ്ട്. വിവരങ്ങൾ ശേഖരിച്ചെങ്കിലും അക്കൗണ്ട് ഉടമയുടെ ഫോൺ നമ്പറില്ല. കെവൈസി (നോ യുവർ കസ്റ്റമർ) ആയി നൽകിയ ആധാർ കാർഡിലെ മേൽവിലാസം മാനസസരോവർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. 

വീടു തപ്പിപ്പിടിച്ചപ്പോഴാണ് വ്യാജ ആധാർ കാർഡാണെന്നു തിരിച്ചറിഞ്ഞത്. ജയ്പുർ കൂക്കാസിലെ രണ്ടാമത്തെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചായി അടുത്ത നീക്കം. ബാങ്കിൽനിന്നു രേഖകൾ ശേഖരിച്ചു. 

അക്കൗണ്ട് ഉടമ അക്ഷയ് കോർവാളിന്റേതു യഥാർഥ തിരിച്ചറിയൽ രേഖകളായിരുന്നു. പ്രതിയുടെ സ്ഥലം റായ്സർ പൊലീസ് സ്റ്റേഷൻ പരിധിയിൽ. സൈബർ ടീം പൊലീസ് സ്റ്റേഷനിലെത്തി. പ്രതിയുടെ ഗ്രാമത്തിൽനിന്ന് 6 കിലോമീറ്റർ മാറിയുള്ള പൊലീസ് ഔട്പോസ്റ്റ് വഴി പ്രതിയുടെ ഫോൺ നമ്പർ ശേഖരിച്ചു. 23ന് മുഴുവൻ പ്രതിയുടെ ഫോൺ ലൊക്കേഷൻ നിരീക്ഷിച്ചു. ഗ്രാമത്തിൽ നിന്ന് 20 കിലോമീറ്റർ മാറിയുള്ള സ്ഥലങ്ങളിൽ മാറിമാറിയാണു ലൊക്കേഷൻ കാണിച്ചത്. പ്രതിയെ തിരിച്ചറിയുന്നതും പിന്തുടർന്നു പിടികൂടുന്നതും ബുദ്ധിമുട്ടായതിനാൽ, പ്രതി ഗ്രാമത്തിലെത്തുന്നതു കാത്തിരിക്കാൻ സംഘം തീരുമാനിച്ചു. 

ഒടുവിൽ, 24ന് രാത്രി ഫോണിന്റെ ലൊക്കേഷൻ പ്രതിയുടെ ഗ്രാമത്തിൽ തന്നെ കാണിച്ചു. ഗ്രാമത്തിലെ പൊലീസിന്റെ ഇൻഫോർമർ വഴി, പ്രതി വീട്ടിലെത്തിയതായി ഔട്ട്പോസ്റ്റിലെ പൊലീസുകാരൻ ഉറപ്പിച്ചു.

സംഘം ഗ്രാമത്തിലേക്ക്

റായ്സർ പൊലീസ് സ്റ്റേഷനിൽ നിന്ന് 25 കിലോമീറ്ററുണ്ട്, പ്രതിയുടെ ഗ്രാമത്തിലേക്ക്. അടുത്തടുത്തു ചെറിയ വീടുകളുള്ള നാട്ടുമ്പുറം. രാത്രി എട്ടരയോടെ സംഘം പ്രതിയുടെ വീട്ടിലെത്തി. പൊലീസെത്തിയതിനു പിന്നാലെ കണ്ണൂർ സ്ക്വാഡ് സിനിമയിലെപ്പോലെ നാട്ടുകാർ വീടിനു ചുറ്റും കൂടി. 

മഫ്തിയിലായിരുന്ന സംഘം, കേരള പൊലീസാണെന്ന് അറിയാവുന്ന ഹിന്ദിയിലൊക്കെ പറഞ്ഞ് പ്രതിയുമായി ഔട്ട് പോസ്റ്റിലേക്ക്. നാട്ടുകാർ പിറകെ.  നൂറോളം പേർ ഔട്ട്പോസ്റ്റ് വളഞ്ഞു. പ്രതിയെ വിട്ടുകൊടുക്കണമെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു വാദം. ഹിന്ദി അറിയുന്ന  സിപിഒ കെ.സുനിൽകുമാർ വഴിയായിരുന്നു ആശയവിനിമയം. ഔട്ട് പോസ്റ്റിലെ ഒരു പൊലീസുകാരനും 4 കേരള പൊലീസുകാരും എത്ര പറഞ്ഞിട്ടും നാട്ടുകാർ പിന്മാറിയില്ല. റായ്സർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. 

ഇതിനിടെ ഉന്തും തള്ളുമായി. തിരഞ്ഞെടുപ്പു സുരക്ഷയ്ക്കെത്തിയവരടക്കമുള്ള പൊലീസുകാരുണ്ടായിരുന്നതിനാൽ, ഉടൻ തന്നെ റായ്സർ സ്റ്റേഷനിൽ നിന്നു പൊലീസ് സംഘമെത്തി. കനത്ത സുരക്ഷയിൽ, പ്രതിയുമായി റായ്സർ പൊലീസ് സ്റ്റേഷനിലേക്ക്. നാട്ടുകാർ അവിടെയുമെത്തിയെങ്കിലും അകത്തേക്കു പ്രവേശിക്കാൻ പൊലീസ് സമ്മതിച്ചില്ല. 

ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി, ട്രാൻസിറ്റ് വാറന്റിനായി രാത്രി പത്തോടെ മജിസ്ട്രേട്ടിന്റെ വീട്ടിലെത്തിച്ചു. അവിടം വരെ ഗുണ്ടാസംഘം പിന്തുടർന്നുവെന്നു പൊലീസുകാർ പറയുന്നു. രാത്രി പതിനൊന്നോടെ നടപടികൾ പൂർത്തിയാക്കി, പ്രതിയുമായി അന്നു തന്നെ ട്രെയിനിൽ കണ്ണൂരിലേക്കു മടങ്ങുകയും ചെയ്തു.

തണുപ്പും റൊട്ടിയും

നല്ല തണുപ്പായിരുന്നു ജയ്പുരിൽ. അതിനെ പ്രതിരോധിക്കാൻ വേണ്ട വസ്ത്രങ്ങളൊന്നുമില്ലാതെയാണു സംഘം യാത്ര ചെയ്തത്. മൂന്നു നേരവും ചുട്ട റൊട്ടിയും പരിപ്പു കറിയും കഴിക്കേണ്ടി വന്നതും സംഘത്തെ വലച്ചു. 

പ്രധാനിയെ പിടികൂടാൻ വീണ്ടും

തങ്ങളെ കബളിപ്പിച്ചു കടന്ന, കേസിലെ പ്രധാന പ്രതിയും പിടിയിലായ അക്ഷയ് കോർവാളിന്റെ പിതൃസഹോദര പുത്രനുമായ സുരേന്ദ്ര കോർവാളിനെ (25) പിടികൂടാനായി വീണ്ടും ജയ്പുരിലേക്കു പോകാനുളള ഒരുക്കത്തിലാണു സൈബർ പൊലീസ്. സൈബർ തട്ടിപ്പിനു നേതൃത്വം നൽകുന്നതും സൈനികനെന്ന വ്യാജേനെ ഇരകളുമായി സംസാരിക്കുന്നതും സന്ദേശങ്ങൾ അയക്കുന്നതുമൊക്കെ സുരേന്ദ്ര കോർവാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.സുരേന്ദ്ര കോർവാൾ.
സുരേന്ദ്ര കോർവാൾ.

തട്ടിപ്പിന്റെ പണം സ്വീകരിക്കാനായി അക്ഷയിന്റെയും രാഹുലിന്റെയും മറ്റും പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗിക്കുകയാണു ചെയ്യുന്നത്. അക്ഷയിനെ പിടികൂടുമ്പോൾ, തൊട്ടടുത്ത വീട്ടിൽ സുരേന്ദ്ര കോർവാളുണ്ടായിരുന്നു. പക്ഷേ, മുങ്ങി.

English Summary:

Kannur's Cold Confrontation: How Cyber Police Caught Up with Jaipur's Online Fraudster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com