ആദ്യമല്ല, പുലി; അന്ന് ഭീതി പടർത്തി നിലയുറപ്പിച്ചത് 8 മണിക്കൂർ
Mail This Article
കണ്ണൂർ ∙ പുലി കാടുവിട്ടു നാട്ടിലിറങ്ങിയ സംഭവം ജില്ലയിൽ മുൻപും ഉണ്ടായിട്ടുണ്ട്. 2017 മാർച്ച് 5ന് ആയിരുന്നു കണ്ണൂർ നഗരത്തെ വിറപ്പിച്ചു പുലിയുടെ പ്രവേശം. കണ്ണൂർ തായത്തെരു റെയിൽ പാലത്തിനു സമീപം കുറ്റിക്കാട്ടിലൊളിച്ച പുലി ഭീതി പടർത്തി നിലയുറപ്പിച്ചത് 8 മണിക്കൂർ. മയക്കുവെടി വച്ചു പിടികൂടും വരെ മുൾമുനയിലായിരുന്നു നാടും നാട്ടുകാരും. പുലി 5 പേരെ ആക്രമിച്ചു പരുക്കേൽപിക്കുകയും ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് 11നു കീഴ്പ്പള്ളി അത്തിക്കല്ലിൽ ആലക്കൽ ജോണിയുടെ വീട്ടിൽ നിന്ന് 25 മീറ്റർ അകലെ വഴിയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടു. ജനുവരി 30നു മുഴക്കുന്ന് മുടക്കോഴിയിൽ ടാപ്പിങ്ങിനിടെ തൊഴിലാളി കാരായി രവീന്ദ്രൻ പുലിയെ കണ്ടു. ജനുവരി 28നു തില്ലങ്കേരി കാവുംപടിമുക്കിൽ കാവുംപടി – വഞ്ഞേരി റോഡിൽ ബൈക്കിൽ വരുമ്പോൾ വഞ്ഞേരി സ്വദേശികളായ സുഭാഷും ജിജേഷും പുലിയെ കണ്ടു. ജനുവരി 9നു തില്ലങ്കേരി വാഴക്കാൽ ഊർപ്പള്ളിയിൽ ടാപ്പിങ് തൊഴിലാളി കെ.സി.അപ്പച്ചനും ഭാര്യ ഗിരിജയും പുലിയെ കണ്ടു.
കഴിഞ്ഞ വർഷം ഡിസംബർ 22ന് എടത്തൊട്ടിയിൽ ഇല്ലിക്കൽ ബേബി ടാപ്പിങ്ങിനിടെ പുലിയെ കണ്ടു. വാണിയപ്പാറ നിരങ്ങൻപാറ, പാലത്തിൻകടവ്, പേരട്ട അതിർത്തി മേഖലയിലും പുലിയെ കണ്ടതായി പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. മട്ടന്നൂർ അയ്യല്ലൂരിൽ കഴിഞ്ഞ വർഷം ഡിസംബർ 20നു ടാപ്പിങ് തൊഴിലാളികൾ പുലിയെ കണ്ടു. വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു നിരീക്ഷണം നടത്തിയപ്പോൾ പുലിയുടെ ദൃശ്യം ലഭിച്ചിരുന്നു. പിന്നീടു പുലിയെ കണ്ടില്ല.
2022 ഡിസംബർ മുതൽ കേളകം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. റബർ ടാപ്പിങ് തൊഴിലാളികൾ പുലിയെ കണ്ട് ഓടി രക്ഷപ്പെട്ട സംഭവങ്ങളുമുണ്ട്. 10 മാസത്തിനുള്ളിൽ കൊട്ടിയൂരിലെ ഒറ്റപ്ലാവ്, കരിമ്പുംകണ്ടം, ചപ്പമല, പാൽചുരം പ്രദേശങ്ങളിൽ 20ൽ അധികം തവണ പുലികളെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. 5 ദിവസം മുൻപു നെല്ലിയോടിയിൽ റോഡിനു നടുവിലും പുലിയെ കണ്ടിരുന്നു.