ADVERTISEMENT

കണ്ണൂർ ∙ രക്ഷാപ്രവർത്തനത്തിനിടെ വന്യമൃഗം ചാവുന്നതു സമീപകാലത്തെ രണ്ടാമത്തെ സംഭവം. നേരത്തേ തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി രക്ഷാപ്രവർത്തനത്തിനിടെ ചത്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 20ന് ആയിരുന്നു അത്. മയക്കുവെടിയേറ്റ കരടി വെള്ളത്തിൽ വീണു ചാവുകയായിരുന്നു. 50 മിനിറ്റോളം കരടി വെള്ളത്തിൽ മുങ്ങിക്കിടന്നു. ഇതായിരുന്നു ചാവാൻ കാരണം. വേണ്ടത്ര സുരക്ഷയോടെയായിരുന്നില്ല രക്ഷാപ്രവർത്തനമെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ എല്ലാ സുരക്ഷയും ഏർപ്പെടുത്തിയാണു പെരിങ്ങത്തൂർ അണിയാരത്ത് കിണറ്റിൽ വീണ പുലിയെ മയക്കുവെടിവച്ച് പുറത്തെടുത്തത്.

മയക്കുവെടിയേറ്റ ശേഷം വെള്ളത്തിൽ വീഴാതിരിക്കാൻ കിണറ്റിൽ പലക ഇറക്കി പുലിയെ അതിൽ കയറ്റി നിർത്തിയിരുന്നു. കിണറ്റിലെ വെള്ളം രണ്ടു തവണ പമ്പു ചെയ്തു കളഞ്ഞാണു പലകയിൽ നിന്നു പുലിയെ വലയിലാക്കി ഉയർത്തിയത്. കരയിലെത്തുമ്പോൾ അക്രമിക്കാതിരിക്കാൻ വലയിൽ ഉയർത്തുമ്പോഴാണു മയക്കുവെടി വെച്ചത്. ശേഷമാണു കൂട്ടിലാക്കി വാഹനത്തിൽ ചികിത്സയ്ക്കായി കൊണ്ടുപോയത്. ആ യാത്രയിൽ  കണ്ണവം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പുലി ചത്ത കാര്യം സ്ഥിരീകരിച്ചത്.

 

ഇന്നലെ പുലർച്ചെ 2 മണിയോടെ വീടിന്റെ പരിസരത്തു നിന്നു ശബ്ദം കേട്ടിരുന്നു. രാവിലെ 7നു സമീപത്തെ വീട്ടുകിണറ്റിൽ വെള്ളം ഇളകുന്ന ശബ്ദവും കേട്ടു. കിണറ്റിലകപ്പെട്ടതു വലിയ മൃഗമാണെന്നു വെള്ളം അനങ്ങുന്ന ശബ്ദം കേട്ടപ്പോൾ മനസ്സിലായി. കാട്ടുപന്നിയെന്നാണു കരുതിയത്. നിർമാണത്തിലിരിക്കുന്ന വീടിന്റെ മുറ്റത്ത് ആൾമറയില്ലാത്ത കിണറാണ്. തുടർന്നുള്ള പരിശോധനയിലാണു പുലിയാണു കിണറ്റിലെന്നു മനസ്സിലായത്.

കഴിഞ്ഞ ദിവസം അർധരാത്രി നായ്ക്കളുടെ ശബ്ദം കേട്ടിരുന്നു. എന്തോ ആക്രമിക്കുന്നതു പോലെയുള്ള ശബ്ദമായിരുന്നു. കനകമലയുടെ താഴ്‌വാരമാണു പുലി കിണറ്റിൽ വീണ സ്ഥലം. സമീപകാലത്തു കാട്ടുപന്നി ശല്യം രൂക്ഷമാണ്. മയിൽ പതിവായി എത്താറുണ്ട്. മുള്ളൻപന്നി വ്യാപകമായുണ്ട്. കൃഷിനാശം രൂക്ഷമാണ്. 50ലേറെ വീട്ടുകാർ താഴ്‌വാരത്തു താമസിക്കുന്നു. കനകമലയിൽ നിന്നെത്തിയതാണോ പുലിയെന്ന ആശങ്കയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com