ADVERTISEMENT

കണ്ണൂർ ∙ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേതു പോലെ 2024ലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ശക്തികൾക്കു തമിഴ്നാടും കേരളവും ശക്തമായ തിരിച്ചടി നൽകണമെന്നു തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. കണ്ണൂർ സർവകലാശാലാ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഫെഡറൽ സംവിധാനത്തിനെതിരെയാണു കേന്ദ്രസർക്കാർ നീങ്ങുന്നത്. സംസ്ഥാനങ്ങൾ എന്തു ചെയ്യണമെന്ന് അവർ ആജ്ഞാപിക്കുകയാണ്. ഭരണം മോശമാക്കാൻ ലക്ഷ്യമിട്ടാണു ഗവർണർമാരെ അയക്കുന്നത്. ഇക്കാര്യത്തിൽ തമിഴ്നാടും കേരളവും ഒരുപോലെ അനുഭവിക്കുകയാണ്. അധികാരം കേന്ദ്രീകൃതമാക്കാനും നയങ്ങൾ അടിച്ചേൽപിക്കാനുമാണു കേന്ദ്രം ശ്രമിക്കുന്നത്.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ അന്വേഷണ ഏജൻസികളെ നിയോഗിക്കുന്നു. തമിഴ്നാടിന്റെ ആരോഗ്യരംഗം തകർക്കാൻ അടുത്തിടെ കേന്ദ്രം നടത്തിയ നീക്കം മുഖ്യമന്ത്രി ഇടപെട്ടതു കാരണം തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ്. ഹിന്ദി ഉൾപ്പെടെ ഒരു ഭാഷയ്ക്കും തമിഴ്മക്കൾ എതിരല്ല. പക്ഷേ, ഭാഷയുൾപ്പെടെ എന്തും അടിച്ചേൽപിക്കാനുള്ള നീക്കത്തെ ശക്തമായി ഇനിയും എതിർക്കും’–ഉദയനിധി സ്റ്റാലിൻ പറഞ്ഞു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ടി.പി. അഖില അധ്യക്ഷത വഹിച്ചു. 

വിസി പ്രഫ. ഗോപിനാഥ് രവീന്ദ്രൻ, പിവിസി പ്രഫ. സാബു എ. ഹമീദ്, കെ.വി.സുമേഷ് എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സിൻഡിക്കറ്റ് അംഗങ്ങളായ എൻ.സുകന്യ, പ്രമോദ് വെള്ളച്ചാൽ, റജിസ്ട്രാർ പ്രഫ. ജോബി കെ. ജോസ്, എഴുത്തുകാരൻ അശോകൻ ചരുവിൽ, പി.എസ്.സഞ്ജീവ്, ഡോ. റഫീഖ് ഇബ്രാഹിം, സി.വി.വിഷ്ണു പ്രസാദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com