ADVERTISEMENT

ഇരിട്ടി∙ 2 വർഷത്തോളമായി ‘വഴി’ മുട്ടിച്ച ഹൈടെക് റോഡ് നിർമാണത്തിന്റെ ദുരിതവും ആയി കുടുംബം.    പ്രളയ പുനർനിർമാണ പദ്ധതിയായ റീബിൽഡ് കേരളയിൽ പെടുത്തി എടൂർ - കമ്പിനിനിരത്ത് - ആനപ്പന്തി - അങ്ങാടിക്കടവ് - വാണിയപ്പാറ - ചരൾ - വളവുപാറ - കച്ചേരിക്കടവ് - പാലത്തുംകടവ് 24.5 കിലോമീറ്റർ ദൂരത്ത് നടത്തുന്ന ആധുനിക റോഡ് നിർമാണത്തിന്റെ ഭാഗമായാണു അങ്ങാടിക്കടവ് നിരങ്ങൻപാറയിലെ മൈലക്കൽ സ്റ്റീഫന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടത്. ആദ്യം റോഡ് നിർമാണത്തിന്റെ ഭാഗമായുള്ള വീതികൂട്ടുന്നതിനായി റോഡ് പൊളിച്ചിട്ടു. 70 വയസ്സിന് മുകളിൽ പ്രായം ചെന്ന പാർക്കിൻസെൻസ് രോഗത്തിന്റെ അസ്വസ്ഥതകൾ ഉള്ള സ്റ്റീഫനും ഭാര്യ അന്നക്കുട്ടിയും തനിച്ചു താമസിക്കുന്ന വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുന്ന സാഹചര്യത്തിനെതിരെ വിവിധ കോണുകളിൽ നിന്നു പ്രതിഷേധം ഉയർന്നപ്പോഴും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നു വീട്ടുകാർ പറയുന്നു.

ഇതോടെ മകൻ ബിനീഷ് സമൂഹ മാധ്യമത്തിൽ പ്രായമായ മാതാപിതാക്കളെ ദുരിതത്തിലാക്കിയതിനെതിരെ പ്രതികരണ കുറിപ്പിട്ടു. നിർമാണവുമായി ബന്ധപ്പെട്ടവർ എത്തി റോഡ് നിരപ്പിൽ നിന്ന് ഉയരത്തിൽ സ്ലാബ് കോൺക്രീറ്റ് ചെയ്തു. വാഹനങ്ങൾ കയറില്ലെന്നു മാത്രം അല്ലാ, നടന്നു കയറാൻ പോലും കഴിയാത്ത വിധം കുത്തനെയാണു സ്ലാബ് വാർപ് നടത്തിയത്. ഇക്കാര്യവും ബിനിഷ് കുറിപ്പിട്ടു.  വീണ്ടും ജോലിക്കാർ എത്തി മണ്ണിട്ടു. മണ്ണിടൽ കൊണ്ടും പ്രയോജനം ഇല്ലാത്തതു ചിത്രങ്ങൾ സഹിതം മകൻ പോസ്റ്റിട്ടതോടെ ഇന്നലെ എത്തിയ ജോലിക്കാർ സ്ലാബുകൾ പൊളിച്ചുമാറ്റി കോൺക്രീറ്റ് അവശിഷ്ടങ്ങൾ അടക്കം സ്ഥലത്ത് ഇട്ടിരിക്കുകയാണ്.

കിലോമീറ്ററിന് 5.4 കോടി രൂപ ചെലവിൽ നവീകരിക്കുന്ന റോഡ് നിർമാണത്തിനെതിരെ നേരത്തേയും വിവിധ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. നിരങ്ങൻപാറയിലെ മൈലക്കൽ സ്റ്റീഫനും ഭാര്യ അന്നക്കുട്ടിക്കും ചികിത്സാ ആവശ്യങ്ങൾക്കു പോലും പുറത്തിറങ്ങാനാകാത്ത വിധം ഉള്ള വഴി മുടക്കൽ ഇനിയും ആവർത്തിക്കാതെ ഗതാഗതം സാധ്യമാകുന്ന വിധം നിർമാണം അടിയന്തരമായി നടത്തി നൽകണമെന്നാണു പ്രദേശവാസികളുടെയും ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com