ADVERTISEMENT

കണ്ണൂർ ∙ ഡോ.പ്രിയാ വർഗീസ് റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയതും ഹൈക്കോടതി പരാമർശങ്ങളും ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയും പിവിസി പ്രഫ.സാബു എ.ഹമീദുമായുണ്ടായ ചില ഉരസലുകളും ചോദ്യപേപ്പർ ആവർത്തിച്ചതുമടക്കം സംഭവബഹുലമായിരുന്നു പ്രഫ.ഗോപിനാഥ് രവീന്ദ്രൻ വിസി ആയിരുന്ന കാലം. 

വിസി അധികാരപരിധി മറികടന്നുവെന്ന പരാമർശത്തോടെ, കാസർകോട് പടന്നയിൽ സ്വാശ്രയ കോളജിനുള്ള അനുമതി റദ്ദാക്കിയ 2022 ഒക്ടോബറിലെ ഹൈക്കോടതി വിധിയും ഗോപിനാഥ് രവീന്ദ്രനു തിരിച്ചടിയായി. ഗോപിനാഥ് രവീന്ദ്രന്റ 2017ലെ നിയമനത്തിൽ, സേർച് കമ്മിറ്റി ഒരു പേര് മാത്രമാണു നിർദേശിച്ചതെന്ന ആരോപണവും ഇതിനിടെ ഉയർന്നു വന്നു.  ഒന്നിലധികം പേരുള്ള പാനലുകൾ സമർപ്പിക്കുന്നതിനു പകരം ഒരു പേരു മാത്രം നിർദേശിച്ചതു ചട്ടലംഘനമാണെന്നായിരുന്നു ആരോപണം. സേർച് കമ്മിറ്റിയിൽ 3 പേരും അക്കാദമിക് മേഖലയിലുള്ളവരാകണമെന്നും സർവകലാശാലയുമായി ബന്ധപ്പെട്ടവരാകരുതെന്നുമുള്ള നിബന്ധനകളും ലംഘിക്കപ്പെട്ടതായി ആരോപണമുയർന്നു. 

പുനർനിയമനത്തെ ചോദ്യം ചെയ്തത് 2 കോളജ് അധ്യാപകർ

സ്വന്തം സർവകലാശാലാ വിസിയുടെ പുനർനിയമനത്തെ ചോദ്യം ചെയ്ത് 2 കോളജ് അധ്യാപകർ. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത നീക്കമായിരുന്നു പയ്യന്നൂർ കോളജിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകൻ ഡോ.പ്രേമചന്ദ്രൻ കീഴോത്തും രാജഗിരി സെന്റ്.പയസ് ടെൻത് കോളജിലെ മാനേജ്മെന്റ് സ്റ്റഡീസ് അധ്യാപകൻ ഡോ.ഷിനോ പി.ജോസിന്റേതും. ഡോ.പ്രിയാ വർഗീസിനു നിയമനം നൽകാനുള്ള നീക്കത്തിനെതിരെ രംഗത്തെത്തിയതും ഇവരായിരുന്നു. പ്രിയയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചതിനു തൊട്ടുപിറകെ, ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം ലഭിച്ചതു പ്രത്യുപകാരമായിട്ടാണെന്ന ആരോപണമുയർത്തിയാണ് ഇരുവരും പുനർനിയമന വിവാദത്തിനു തിരികൊളുത്തിയത്. പിന്നീടാണ് ഇരുവരും ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ക്വോ വാറന്റോ ഹർജി തള്ളിക്കളഞ്ഞിട്ടും പിന്മാറാതെ ഇരുവരും സുപ്രീം കോടതിയെ സമീപിച്ചു. രണ്ടു വർഷത്തോളം നീണ്ട നിയമപോരാട്ടം വേണ്ടി വന്നു ലക്ഷ്യത്തിലെത്താൻ. മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസമന്ത്രി, ഗവർണർ തുടങ്ങിയവരും വിവാദങ്ങളിൽ കക്ഷി ചേർന്നതോടെ രാഷ്ട്രീയ നിറം തുടക്കത്തിൽ തന്നെ കേസിനുണ്ടായിരുന്നു. ഇതിന്റെ സമ്മർദവും ഇരുവരും താങ്ങേണ്ടി വന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് പുനർനിയമനം ശരിവച്ചപ്പോൾ, ഹർജിക്കാർക്കു വേണമെങ്കിൽ മേൽക്കോടതിയെ സമീപിക്കാമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പ്രതികരിച്ചതു വെല്ലുവിളിയായി തോന്നിയെന്ന് അധ്യാപകർ പറഞ്ഞു. വിസിയുടെ പുനർനിയമനക്കേസ് സുപ്രീം കോടതി വരെ എത്തിക്കാൻ ഈ വെല്ലുവിളി ഇവരെ പ്രേരിപ്പിച്ചിട്ടുണ്ട്. കേരള സാങ്കേതിക സർവകലാശാലാ വിസിയുടെയും ഇതര സംസ്ഥാനങ്ങളിലെ ചില വിസിമാരുടെയും നിയമനക്കേസുകളിൽ സുപ്രീം കോടതിയുടെ ഉത്തരവുകളും നിരീക്ഷണങ്ങളും ഇവർക്കു പ്രതീക്ഷ നൽകുകയും ചെയ്തു. കേസ് നടത്താനുള്ള ചെലവിലേക്കു കെപിസിടിഎയുടെ സഹായം ഇവർക്കു ലഭിച്ചിരുന്നു. 

വിവാദ നിയമനം; നാൾവഴി

∙2021 ഒക്ടോബർ 20: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിനായി ഗവർണർ സേർച് കമ്മിറ്റി രൂപീകരിക്കുന്നു.
∙2021 നവംബർ 1: പുതിയ വിസിക്കായി സേർച് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുളള അവസാന തീയതി നവംബർ 30.
∙2021 നവംബർ 13: വിസി നിയമന വിജ്ഞാപനത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കു പരാതി നൽകി. വിജ്ഞാപനം ചട്ടവിരുദ്ധമെന്നും നിയമിക്കേണ്ട ആളെ മുന്നിൽ കണ്ടു തയാറാക്കിയതെന്നും ആക്ഷേപം.
∙2021 നവംബർ 22: സേർച് കമ്മിറ്റിയെ പിൻവലിക്കുന്നതായി ഗവർണറുടെ ഉത്തരവ്.
∙2021 നവംബർ 23: വിസിയായി പ്രഫ.ഗോപിനാഥ് രവീന്ദ്രന്റെ 4 വർഷ കാലാവധി പൂർത്തിയാകുന്നു. ഈ ദിവസം തന്നെ, 4 വർഷത്തേക്കു പുനർനിയമനം നൽകുന്നതായി ഗവർണറുടെ ഉത്തരവ്.
∙2021 നവംബർ 29: നിയമനത്തിനെതിരെ കെപിസിടിഎ നേതാക്കളായ ഡോ.ഷിനോ പി.ജോസ്, ഡോ.പ്രേമചന്ദ്രൻ കീഴോത്ത് എന്നിവർ ഹൈക്കോടതിയിൽ ക്വോ വാറന്റോ ഹർജി നൽകുന്നു.‍
∙2021 ഡിസംബർ 10: വിവാദത്തിനും തർക്കത്തിനും വയ്യാത്തതിനാലാണു ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിന് അംഗീകാരം നൽകിയതെന്നു മുഖ്യമന്ത്രിക്കു ഗവർണറുടെ കത്ത്.
∙2021 ഡിസംബർ 15: പുനർ നിയമനം ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചു,  
∙2021 ഡിസംബർ 16: സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ ഹർജിക്കാരുടെ അപ്പീൽ.
∙2021 ഡിസംബർ 17: ഗവർണർക്ക് ഹൈക്കോടതി നോട്ടിസ്.
∙2022 ജനുവരി 10: പുനർനിയമനത്തിൽ, മന്ത്രി ആർ.ബിന്ദു അധികാര ദുർവിനിയോഗം നടത്തിയതായി ലോകായുക്തയിൽ രമേശ് ചെന്നിത്തലയുടെ ഹർജി.
∙2022 ഫെബ്രുവരി 3: പുനർ നിയമനത്തിനു രാജ്ഭവൻ നിർദേശം നൽകിയിട്ടില്ലെന്നു ഗവർണർ.
∙2022 ഫെബ്രുവരി 4: രമേശ് ചെന്നിത്തലയുടെ ഹർജി ലോകായുക്ത തള്ളി.
∙2022 ഫെബ്രുവരി 23: പുനർനിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു.  
∙2022 മാർച്ച് 2: പുനർനിയമനത്തിനെതിരെ സുപ്രീം കോടതിയിൽ സ്പെഷൽ ലീവ് പെറ്റീഷൻ നൽകുന്നു.
∙2022 ഏപ്രിൽ 4: ഗവർണർക്കും സംസ്ഥാന സർക്കാരിനും സുപ്രീം കോടതി നോട്ടിസ്.
∙2022 ജനുവരി 24: പുനർനിയമനം യുജിസി ചട്ടങ്ങൾ പാലിച്ചാണെന്നു സുപ്രീം കോടതിയിൽ പ്രഫ.ഗോപിനാഥ് രവീന്ദ്രന്റെ സത്യവാങ്മൂലം. 
∙2023 ഒക്ടോബർ 17: പുനർനിയമത്തിനെതിരായ ഹർജിയിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയാക്കി.  
∙2023 നവംബർ 30: പുനർനിയമനം സുപ്രീം കോടതി റദ്ദാക്കി.

കണ്ണൂർ സർവകലാശാലയിൽ 2 വർഷത്തിനിടെ നടന്ന നിയമനങ്ങളെല്ലാം സമഗ്രമായി അന്വേഷിക്കണം. സ്വജനപക്ഷപാതവും ബന്ധുനിയമനവും രാഷ്ട്രീയ നിയമനങ്ങളുമൊക്കെ അന്വേഷിക്കണം. ഇത്തരം ക്രമക്കേടുകളും അഴിമതിയും ചെറുത്തുതോൽപിക്കാനാണു സുപ്രീംകോടതി വരെ കേസ് നടത്തിയത്. വിധിയുടെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണം.

കേരളത്തിലെ ഭരണാധികാരികളുടെ ചൊൽപ്പടിക്കു നിൽക്കാൻ തയാറായ പ്രഫ.ഗോപിനാഥ് രവീന്ദ്രനു സംഭവിച്ച പതനമാണു സുപ്രീംകോടതി വിധി. ജനാധിപത്യത്തിൽ പാവപ്പെട്ട ജനങ്ങൾക്കുള്ള വിശ്വാസമാണു കോടതി വിധിയിലൂടെ ഉറപ്പിച്ചത്. വിദ്യാർഥികളിൽ നിന്നു പിരിച്ചെടുത്ത, സർവകലാശാലയുടെ ഫണ്ടാണു വിസിയുടെ കേസ് നടത്താൻ ചെലവാക്കിയത്. ഈ തുക മുഴുവൻ തിരിച്ചടയ്ക്കാൻ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ തയാറാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com