പ്രതീക്ഷയോടെ വിത്തിറക്കിയ കർഷകർക്ക് ഭീഷണിയായി കീടങ്ങൾ
Mail This Article
കരിവെള്ളൂർ∙പ്രതീക്ഷയോടെ വിത്തിറക്കിയ നെൽകർഷകർക്ക് കീടങ്ങളുടെ ആക്രമണം ഇരുട്ടടിയാകുന്നു. രണ്ടാംവിള നെൽകൃഷിയാണ് ഇലചുരുട്ടി പുഴുവിന്റെയും മുഞ്ഞയുടെയും ആക്രമണം നേരിടുന്നത്. പഞ്ചായത്തിലെ പുത്തൂർ, ഒയോളം പാടശേഖരങ്ങളിലാണ് കീടങ്ങൾ വ്യാപകമായി കാണപ്പെടുന്നത്. വിത്തിറക്കി 25 ദിവസം പാകമായപ്പോൾ ഞാറ്റടികൾ വയലിൽ പറിച്ചുനട്ടു. വയലിലേക്ക് മാറ്റി നട്ട് ഒരാഴ്ച കഴിഞ്ഞ ശേഷമാണ് ഞാറ്റടികൾക്ക് കീടങ്ങൾ ബാധിച്ചിരിക്കുന്നത്. ഇതോടെ പുത്തൂരിലെ 15 ഏക്കറോളം വയലിലെ നെൽച്ചെടികൾ കരിഞ്ഞു.
നെൽച്ചെടിയുടെ ചുവട്ടിലും തണ്ടിലും പറ്റിപ്പിടിച്ച് നീരൂറ്റിക്കുടിക്കുകയും വളരെ വേഗം പടരുകയും ചെയ്യുന്ന കീടമാണ് മുഞ്ഞ. ഇതുമൂലം നെൽച്ചെടി പൂർണമായും വൈക്കോലിന് സമമാകും. ഇലചുരുട്ടിപ്പുഴു ചെടിയുടെ ഇലകൾ തിന്നുതീർക്കുന്നു. ഇതോടെ ഹരിതകം നഷ്ടപ്പെടുന്നു. രണ്ടാംവിള നെൽകൃഷിയെയാണ് ഇത്തരം കീടങ്ങൾ കൂടുതലായും ബാധിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും തുലാവർഷ മഴയുടെ ലഭ്യത കുറവും കീടങ്ങൾ വ്യാപകമാകാൻ കാരണമായി. വീണ്ടും വിത്തിറക്കി ഞാറ്റടികൾ ഒരുക്കുന്നതു പ്രയാസമായതിനാൽ കർഷകർ മറ്റു പ്രദേശങ്ങളിലെ ബാക്കിവന്ന ഞാറ്റടികൾ അന്വേഷിക്കുകയാണ്.