വയത്തൂരിൽ കടുവയെ കണ്ടതായി അഭ്യൂഹം
Mail This Article
ഉളിക്കൽ ∙ വയത്തൂരിൽ ജനവാസകേന്ദ്രത്തിൽ കടുവയെ കണ്ടതായി അഭ്യൂഹം. വയത്തൂർ അമ്പലത്തിനു സമീപത്തെ കശുമാവിൻ തോട്ടത്തിൽ കാടു തെളിക്കാനെത്തിയ തൊഴിലാളികളാണു കടുവയെ കണ്ടെന്നു അറിയിച്ചത്. പയ്യാവൂർ സ്വദേശിയുടെ കശുമാവിൻ തോട്ടത്തിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളിയായ വയത്തൂർ സ്വദേശി സജിയാണ് ഒരു ജീവിയെ കാണുന്നത്. കാട്ടുപന്നിയാണെന്നു കരുതിയ സജി തന്റെ സുഹൃത്തുക്കളായ ചന്ദ്രൻ, ഗംഗാധരൻ എന്നിവരെ വിളിച്ചുവരുത്തി. ഇവരാണു കടുവയാണെന്നു പറഞ്ഞത്.
തളിപ്പറമ്പ് സെഷൻ ഫോറസ്റ്റ് ഓഫിസർ എ.കെ.ബാലന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടിയും ഉളിക്കൽ സിഐ കെ.സുധീറിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തു കടുവയുടെ കാൽപ്പാടുകളോ മറ്റു ലക്ഷണങ്ങളോ കണ്ടെത്തിയില്ലെന്നു തിരച്ചിൽ സംഘം പറഞ്ഞു.വനാതിർത്തിയിൽ നിന്ന് 10 കിലോമീറ്ററിനുള്ളിൽ ജനവാസ മേഖലയാണു കടുവയെ കണ്ടെന്നു പറയുന്ന സ്ഥലം. കടുവയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തുമെന്നു തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റർ പി.രതീഷ് പറഞ്ഞു.