നവകേരള സദസ്സ്: ശ്രുതിതരംഗം പദ്ധതിയിലെ പരാതികൾ സാമൂഹിക നീതി വകുപ്പിന്
Mail This Article
കണ്ണൂർ ∙ ശ്രുതിതരംഗം പദ്ധതിയുമായി ബന്ധപ്പെട്ട് നവകേരള സദസ്സിൽ നൽകിയ പരാതികൾ പരിഹരിക്കാനായി കൈമാറിയത് നിലവിൽ പദ്ധതിയുമായി ബന്ധമില്ലാത്ത ജില്ലാ സാമൂഹിക നീതി ഓഫിസർക്ക്. കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുള്ള പരാതികളാണ് ഇങ്ങനെ കൈമാറിയതായി അറിയിപ്പ് ലഭിച്ചത്. ശ്രുതിതരംഗം പദ്ധതി ഇപ്പോൾ സാമൂഹിക നീതി വകുപ്പിനു കീഴിലല്ല. കഴിഞ്ഞവർഷത്തെ സംസ്ഥാന ബജറ്റ് നിർദേശത്തെത്തുടർന്നാണ് സാമൂഹിക നീതി വകുപ്പിൽ നിന്ന് ശ്രുതിതരംഗം പദ്ധതി ആരോഗ്യ വകുപ്പിലേക്ക് മാറ്റിയത്.ധനമന്ത്രി കെ.എൻ.ബാലഗോപാൽ കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിലെ മറ്റു നിർദേശങ്ങൾ പതിവുപോലെ ഏപ്രിലിൽ പ്രാബല്യത്തിലായെങ്കിലും ‘ശ്രുതിതരംഗം’ പദ്ധതിയുടെ വകുപ്പു മാറ്റം നീണ്ടു പോയിരുന്നു.
ശ്രവണസഹായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയും അപ്ഗ്രേഡും പുതിയ അപേക്ഷകരുടെ ശസ്ത്രക്രിയയും മുടങ്ങി. പ്രതിഷേധം ശക്തമായതോടെ ജൂണിൽ മുഖ്യമന്ത്രി യോഗം വിളിച്ചാണ് വകുപ്പു മാറ്റം പൂർത്തിയാക്കാൻ നിർദേശിച്ചത്. തുടർന്ന് ജൂലൈ അവസാനത്തോടെ ശ്രുതിതരംഗം പദ്ധതിയും ധ്വനിയും ആരോഗ്യവകുപ്പിനു കീഴിലെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കു കീഴിലേക്കു മാറ്റി. ഈ സാഹചര്യത്തിൽ ശ്രുതിതരംഗം പദ്ധതിയുമായി ബന്ധപ്പെട്ട് നവകേരള സദസ്സിൽ നൽകിയ അപേക്ഷകൾ ആരോഗ്യവകുപ്പിനാണു കൈമാറേണ്ടത്. എന്നാൽ, ഇവ സാമൂഹിക നീതി ഓഫിസർക്ക് നൽകാൻ തുടങ്ങിയതോടെ തീർപ്പ് വൈകുമെന്ന് ഉറപ്പായി.
വൃക്കരോഗികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സഹായ പദ്ധതികൾ മുടങ്ങിയതിനു പരിഹാരം തേടി നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതി ജില്ലാ മെഡിക്കൽ ഓഫിസർക്ക് കൈമാറിയതും വിമർശനത്തിന് ഇടയാക്കിയിരുന്നു. സർക്കാർ ഉത്തരവിലെ പിഴവ് തിരുത്താൻ ആവശ്യപ്പെട്ടുള്ള പരാതിയിൽ ഡിഎംഒയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നു പരാതി നൽകിയ കിഡ്നി കെയർ കേരള ചെയർമാൻ പി.പി.കൃഷ്ണൻ ചൂണ്ടിക്കാട്ടിയിരുന്നു.