ADVERTISEMENT

കണ്ണൂർ∙കലയുടെയും സാഹിത്യത്തിന്റെയും ദം ബിരിയാണിച്ചെമ്പ് പൊട്ടിക്കാനൊരുങ്ങി തലശ്ശേരി. കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിന് ഇന്ന് തലശ്ശേരിയിൽ തുടക്കം.ഗവ. ബ്രണ്ണൻ എച്ച്എസ്എസ്,സേക്രഡ് ഹാർട്ട് എച്ച്എസ്എസ്  ബിഇഎംപിഎച്ച്എസ്എസ്, ജിവിഎച്ച്എസ്എസ് ചിറക്കര എന്നീ വേദികളിൽ രാവിലെ 9.30 മുതലാണ് ഇന്നത്തെ മത്സരങ്ങൾ. ആകെ 17 വേദികളിലായി 8171 വിദ്യാർഥികളാണ് 4 ദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിനൊരുങ്ങുന്നത്.

നാളെയാണ് ഔദ്യോഗിക ഉദ്ഘാടനം. സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ വൈകിട്ട് 3ന് സ്പീക്കർ എ.എൻ.ഷംസീർ നിർവഹിക്കും. കെ.പി.മോഹനൻ എംഎൽഎ അധ്യക്ഷനാകും. 9ന് വൈകിട്ട് 4ന് ഗവ.ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന സമാപന സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാകും. 15 ഉപജില്ലകളിൽ നിന്നായി വിദ്യാർഥികളും രക്ഷിതാക്കളും കാണികളും ഉൾപ്പെടെ 25,000ത്തിലധികം ആളുകളെത്തുമെന്നാണ് പ്രതീക്ഷ.ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ പാചകശാലയ്ക്ക് ഇന്നലെ വൈകിട്ട് ഡിഡിഇ എ.പി.അംബികയും നഗരസഭാ അധ്യക്ഷ കെ.എം.ജമുനാറാണിയും ചേർന്ന് പാലുകാച്ചി തുടക്കം കുറിച്ചു.

കണ്ണൂരിന്റെ കലോത്സവ വേദികളിൽ നിന്ന് താരങ്ങളായി ഉദിച്ചുയർന്ന മഞ്ജു വാര്യരും നടനും നർത്തകനുമായ വിനീതും വിനീത് ശ്രീനിവാസനും വിനീത്കുമാറും സംവൃത സുനിലും അടക്കം പ്രമുഖർ തെളിച്ച പാതയിലേക്കാണ് കണ്ണെഴുതി, നിറങ്ങൾ ചാലിച്ച് കുട്ടിക്കൂട്ടവുമെത്തുന്നത്. നിറങ്ങളുടെ മാസ്മരികത വിതറി ചിത്രകാരും ഭാവനകളെ സമ്പുഷ്ടമാക്കി സാഹിത്യകാരും ഈ ദിനങ്ങളെ തങ്ങളുടേതുകൂടെയാക്കും. അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും മത്സരച്ചൂടിന്റെയും തോൽവിയുടെയും ജയത്തിന്റെയും രുചിക്കൂട്ടുകൾ തേടിയുള്ള കലോത്സവ ദിനരാത്രങ്ങൾ.  തലശ്ശേരിത്തീരത്തെ തിരമാലക്കൂട്ടങ്ങൾക്ക് ഈ ദിനങ്ങളിൽ ചിലമ്പൊലിത്താളമായിരിക്കും..

ഇന്നത്തെ മത്സരങ്ങൾ  (എല്ലാ 

വേദികളും രാവിലെ 9.30ന് തുടങ്ങും)

∙സേക്രഡ് ഹാർട്ട് എച്ച്എസ്എസ് – രചനാ മത്സരങ്ങൾ 

∙ഗവ. ബ്രണ്ണൻ എച്ച്എസ്എസ്– കേരള നടനം

ബിഇഎംപിഎച്ച്എസ്എസ് – മോഹിനിയാട്ടം, പൂരക്കളി (ഉച്ചയ്ക്ക്1.30)

∙ ബിഇഎംപിഎച്ച്എസ്എസ് (മുൻഭാഗം) – ഓട്ടൻതുള്ളൽ

∙ഗവ. ബ്രണ്ണൻ എച്ച്എസ്എസ് (പ്ലസ്ടു ഹാൾ)– പദ്യം കന്നഡ (രാവിലെ 10.30)

∙ജിവിഎച്ച്എസ്എസ് ചിറക്കര–  വട്ടപ്പാട്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com