ADVERTISEMENT

ഇരട്ടി∙ ജനകീയ കൂട്ടായ്മയുടെ കരുത്തിൽ പുതിയങ്ങാടി ഗ്രാമത്തെ കാട്ടാന ഭീഷണിയിൽ നിന്നു പ്രതിരോധിക്കാൻ നിർമിച്ച സോളർ തൂക്കുവേലി പ്രദേശവാസികളുടെ ആഹ്ലാദാരവങ്ങൾക്കിടെ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 

ഗ്രാമത്തിലെ 200 ഓളം കുടുംബങ്ങൾക്ക് ഇനി കാട്ടാന ഭീതി ഇല്ലാതെ കഴിയാം. ആറളം ഫാമിൽ നിന്നും ആറളം വന്യജീവി സങ്കേതത്തിൽ നിന്നും പുതിയങ്ങാടിയിൽ സ്ഥിരമായി കാട്ടാനകൾ എത്തി ഗ്രാമീണരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തിയതോടെയാണ് സർവകക്ഷി യോഗം ചേർന്നു ജനകീയ കമ്മിറ്റിക്കു രൂപം കൊടുത്തത്.

കാട്ടാന കടന്നു വരുന്ന കക്കുവ മുതൽ പരിപ്പുതോട് വരെ 4 കിലോമീറ്റർ ദൂരം 6 ലക്ഷം ചെലവിട്ടാണു കെ.ടി.ജോസ് ചെയർമാനും ജോർജ് ആലാംപള്ളി കൺവീനറും എൻ.മുഹമ്മദ് ട്രഷറും ആയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2 മാസം കൊണ്ട് സോളർ പ്രതിരോധം തീർത്തത്.

∙ ആനഭീഷണിഇല്ലാതാകാൻ8 കിലോമീറ്റർ കൂടി

ആറളം പഞ്ചായത്തിലെ 4, 5, 6 വാർഡുകളിൽ പെടുന്ന മേഖലയിലാണു പുതിയങ്ങാടി നിവാസികൾ തൂക്കുവേലി സ്ഥാപിച്ചത്. ജനകീയ കൂട്ടായ്മയിൽ മുഴക്കുന്ന് പഞ്ചായത്തിനു അതിരിൽ പാലപ്പുഴ മുതൽ ആറളം പഞ്ചായത്തിലെ കൊക്കോട്, പെരുമ്പഴശ്ശി എന്നിവിടങ്ങളിൽ നേരത്തേ ജനകീയമായി തൂക്കുവേലി നിർമിച്ചിരുന്നു.

 ഈ അതിരിൽ കാട്ടാന പ്രതിരോധം ഇല്ലാത്ത കക്കുവ – വട്ടപ്പറമ്പ് 1 കിലോമീറ്റർ ദൂരം ഉണ്ട്. ഇവിടെ സോളർ വേലി പണിയാൻ പ്രദേശവാസികൾ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കക്കുവ മുതൽ പരിപ്പുതോട് വരെയാണ് പുതിയങ്ങാടി കമ്മിറ്റി സോളർ തൂക്കുവേലി സ്ഥാപിച്ചിട്ടുള്ളത്. പരിപ്പുതോട് മുതൽ വാളത്തോട് – നീലായ്മല വരെ 7 കിലോമീറ്റർ ദൂരം കാട്ടാന പ്രതിരോധം ഇല്ല.

 ഇവിടെ കൃഷിവകുപ്പിന്റെ പദ്ധതിയിൽ പെടുത്തി സോളർ തൂക്കുവേലി സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. 8 കിലോമീറ്റർ കൂടി പൂർത്തിയായാൽ ആറളം പഞ്ചായത്ത് മേഖല കാട്ടാന ഭീഷണി വിമുക്തമാകുമെന്നാണു പ്രതീക്ഷ.ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷത വഹിച്ചു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, കണ്ണൂർ ഡിഎഫ്ഒ പി.കാർത്തിക്, ആറളം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഇ.സി.രാജു, വാർഡ് അംഗം ജോർജ് ആലാംപള്ളി, കെ.ടി.ജോസ്, കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, മാങ്ങോട് സെന്റ് മേരീസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മുട്ടത്തുപാറ, പുതിയങ്ങാടി മഹല്ല് ഖത്തീബ് സഹദ് ഫൈസി ഇർഫാനി, സെക്ഷൻ ഫോറസ്റ്റർമാരായ സി.കെ.മഹേഷ് (മണത്തണ), പി.പ്രകാശൻ (കീഴ്പ്പള്ളി), എൻ.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com