മാവോയിസ്റ്റ് സാന്നിധ്യ പ്രദേശങ്ങളിൽ വീണ്ടും ഹെലികോപ്റ്ററിൽ പരിശോധന

Mail This Article
ഇരിട്ടി ∙ മാവോയിസ്റ്റ് സാന്നിധ്യ പ്രദേശങ്ങളിൽ പൊലീസ് – നക്സൽ വിരുദ്ധ സേന – സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് സംഘം വീണ്ടും ഹെലികോപ്റ്ററിൽ പരിശോധന നടത്തി. ആറളം, അയ്യൻകുന്ന്, കൊട്ടിയൂർ പ്രദേശങ്ങൾ അതിരിടുന്ന വനമേഖലകൾക്കും വയനാട് വനമേഖലകൾക്കും മുകളിലൂടെയാണു പേരാവൂർ സിഐ ബിജോയി, എസ്ഐ ബിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ തണ്ടർബോൾട്ട് കമാൻഡോകൾ ഉൾപ്പെടുന്ന സംഘം തിരച്ചിൽ നടത്തിയത്. സംശയകരമായ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണു സൂചന.
വയനാട്ടിൽ നിന്ന് 2 മാവോയിസ്റ്റുകൾ പിടിയിലാകുകയും അയ്യൻകുന്ന് ഞെട്ടിത്തോട് ഏറ്റുമുട്ടൽ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് അതിർത്തി വനമേഖലകൾക്കു മുകളിലൂടെ വീണ്ടും നിരീക്ഷണം ശക്തമാക്കിയത്.
പരിശോധന വരും ദിവസങ്ങളിലും തുടരും. അരിക്കോട് നിന്നാണു മാവോയിസ്റ്റ് മേഖലകളിലെ പൊലീസ് പ്രതിനിധികൾ ഉൾപ്പെടെ മാവോയിസ്റ്റ് വിരുദ്ധ സേനാ വിഭാഗം പ്രതിനിധികൾ ഹെലികോപ്റ്ററിൽ പറന്നുയർന്നത്. തിരുനെല്ലി, ബാണാസുര, കമ്പമല, മക്കിമല, രാമച്ചി, ആറളം ഫാം, ആറളം, കൊട്ടിയൂർ, അയ്യൻകുന്ന് എന്നീ വനമേഖലകൾക്കു മുകളിലൂടെ നിരീക്ഷണം നടത്തിയ ശേഷം ഇരിട്ടി വള്ള്യാട് വയലിൽ ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം അരിക്കോട്ടേക്കു മടങ്ങി.