ഓൺലൈൻ കെണിയിൽ വീണ്ടും
Mail This Article
കണ്ണൂർ∙ ജില്ലയിൽ വീണ്ടും ഓൺ ലൈൻ തട്ടിപ്പ്. 2 പേരിൽ നിന്നായി 4,12,535 രൂപ നഷ്ടപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. സ്ക്രീൻ ഷെയർ ആപ്പിലൂടെ നടത്തിയ ഓൺലൈൻ തട്ടിപ്പിൽ കതിരൂർ പാട്യം സ്വദേശിക്ക് 232535 രൂപയും ഓൺലൈൻ വഴി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തു യുവതിയിൽ നിന്നും 1,80,000 രൂപയുമാണ് തട്ടിയത്.
തട്ടിപ്പ് ഇങ്ങനെ
ആർമിയിൽ നിന്നു റിട്ടയർ ആയ ശേഷം തന്റെ പേരിലുള്ള പഴ്സനൽ ലോൺ ക്ലോസ് ചെയ്യുന്നതിനായി ഗൂഗിളിൽ സേർച് ചെയ്തു കിട്ടിയ ജയ്സാൽമീറിലുള്ള ബാങ്കിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെടുകയും ബാങ്കിന്റെ സീനിയർ കൺസൽറ്റന്റാണെന്ന് പരിചയപ്പെടുത്തിയാൾ പറഞ്ഞതനുസരിച്ച് പ്ലേ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും ചെയ്തതോടെയാണ് കതിരൂർ സ്വദേശി തട്ടിപ്പിനിരയായത്. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് പെർമിഷൻ നൽകിയതോടെ ഫോൺ സ്ക്രീൻ ഷെയർ ചെയ്യപ്പെടുകയും പിന്നീട് തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് എടിഎം വഴി 232535 രൂപ പലതവണകളായി തട്ടിയെടുക്കുകയുമായിരുന്നു.
സ്ക്രീൻ ഷെയർ ചെയ്യപ്പെടുന്നതോടെ ബാങ്കിന്റെ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാൻ പറഞ്ഞാണ് തട്ടിപ്പുകാർ വിവരങ്ങൾ ശേഖരിച്ചത്. ഓൺലൈൻ വഴി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്താണ് കപിൽ നാറാത്ത് സ്വദേശിയായ 23 കാരിയിൽ നിന്നും 1,80,000 രൂപ തട്ടിയത്. യുവതിയുടെ പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ നവംബർ 25നാണ് സംഭവം. ഓൺലൈൻ വഴി പാർട്ട് ടൈം ജോലി ചെയ്തു പണം സമ്പാദിക്കാമെന്നു വാട്സാപ്പിലൂടെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു പ്രതി. ഇ കൊമേഴ്സ് ബിസ്നസിന് പണം നിക്ഷേപിച്ചാൽ ലാഭമടക്കം തിരിച്ചു നൽകാമെന്ന് പറഞ്ഞതോടെ പലതവണകളായി യുവതി 1,80,000 രൂപ അയച്ച് കൊടുത്തു. എന്നാൽ പിന്നീട് അയച്ച് നൽകിയ പണം തിരികെ നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി.
വേണം, ജാഗ്രത
അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള ഒരു എളുപ്പ വഴിയാണ് സ്ക്രീൻ ഷെയർ ആപ്ലിക്കേഷനുകൾ. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളും നിങ്ങൾക്ക് അയച്ച തരും. ബാങ്കുകളുടെ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാൻ പറഞ്ഞും, ബാങ്കുകളുടെതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ പറഞ്ഞുമാണ് സ്ക്രീൻ ഷെയറിങിലൂടെ തട്ടിപ്പുകാർ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്നത്. സ്‌ക്രീൻ ഷെയറിങ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും.
പൊലീസ് നിർദേശം ഇങ്ങനെ
ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ വ്യക്തിവിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല. ഇത്തരം ഫോൺകോളുകൾ, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകൾ എന്നിവ പൂർണമായും അവഗണിക്കുക. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സിവിസി, ഒടിപി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവയ്ക്കരുത്.
ഗൂഗിളിൽ സേർച് ചെയ്ത് ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുകയും ചെയ്യുക.സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ് ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക