ADVERTISEMENT

ഇരിട്ടി∙ ആറളം ഫാം ‘ചവിട്ടി മെതിച്ച്’ കാട്ടാനക്കൂട്ടം. ഒരു രാത്രി മാത്രം തകർത്തത് കായ്ഫലം ഉള്ള 30 തെങ്ങുകൾ. പാലപ്പുഴ – കീഴ്പ്പള്ളി റോഡിന് സമീപം ബ്ലോക്ക് 1 ലെ തെങ്ങിൻ തോപ്പിലാണു ആനക്കൂട്ടത്തിന്റെ താണ്ഡവം. കുട്ടിയടക്കമുള്ള സംഘത്തിൽ 15 ഓളം ആനകൾ ഉള്ളതായും സമീപ കൃഷിയിടത്തിൽ തന്നെ ഇവ തമ്പടിച്ചിട്ടുണ്ടെന്നും ബ്ലോക്ക്1, 2 തോട്ടങ്ങൾ ലീസിനു എടുത്ത സാദത്ത് പറഞ്ഞു. ബ്ലോക്ക് 1 ലെ റോഡിൽ കുറുകെയും കൃഷിയിടത്തിൽ തലങ്ങും വിലങ്ങും ആയി തെങ്ങുകൾ വീണുകിടക്കുന്നുണ്ട്.

ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് എത്തുന്ന കാട്ടാനകളാണ് ഫാമിൽ നാശം വിതയ്ക്കുന്നത്. ആനക്കൂട്ടം താവളമാക്കിയ ഫാമിൽ മിക്കപ്പോഴും തൊഴിലാളികളും യാത്രക്കാരും തലനാരിഴയ്ക്കാണ് ഇവയുടെ മുൻപിൽ നിന്ന് രക്ഷപ്പെടുന്നത്. 2 മാസത്തിനിടെ മാത്രം 100 ലധികം കായ്ച്ചിട്ടുള്ള തെങ്ങുകൾ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നശിച്ചിട്ടുണ്ട്.  ഫാമിൽ അതിരാവിലെ എത്തേണ്ടി വരുന്ന തെങ്ങ് ചെത്തു തൊഴിലാളികളും ഭീതിയിലാണ്. ആനശല്യം മൂലം യാതൊരു നവീകരണ പ്രവർത്തനങ്ങളും ഫാമിൽ വിജയിക്കാത്ത സ്ഥിതിയാണ്.

പകലും ആനകൾ
ഫാമിനുള്ളിലുള്ള പാലപ്പുഴ – കക്കുവ  റോഡ് നേരത്തേ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോയിരുന്ന വഴിയാണ്. ആന ഭീഷണി മൂലം ഈ റോഡിൽ ഇപ്പോൾ വാഹനങ്ങൾ വിരളമായി. രാത്രി വാഹനങ്ങൾ പോകാറില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഫാമിന് ആശ്വാസം പകരേണ്ട പ്രധാന വിളകളിൽ ഒന്നാണു തെങ്ങ്. ഫാമിലെ തെങ്ങുകളിൽ മൂന്നിൽ രണ്ടു ഭാഗവും ഇതിനകം കാട്ടാനകൾ നശിപ്പിച്ചു. പണമില്ലാത്തതിനാൽ ജീവനക്കാർക്കും തൊഴിലാളികൾക്കും 5 മാസത്തെ ശമ്പളവും കുടിശികയാണ്.

കൊലവിളിയുമായി 70ലേറെ ആനകൾ
9 വർഷത്തിനിടെ 12 പേരെയാണ് കാട്ടാന കൊന്നത്. ഫാമിൽ മാത്രം 32 കോടിയോളം രൂപയുടെ കൃഷി നാശം 3 വർഷത്തിനിടെ ഉണ്ടായി. ആദിവാസി, ജനവാസ മേഖലയിലെ നഷ്ട കണക്ക് ഇതിനു പുറമേ വരും. 70ലേറെ ആനകൾ ഫാമിൽ തമ്പടിച്ചതായാണു പ്രദേശവാസികൾ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com