വളപട്ടണം പുതിയ പാലം നിർമാണം പുരോഗമിക്കുന്നു
Mail This Article
പാപ്പിനിശ്ശേരി∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി വളപട്ടണം പുഴയ്ക്ക് കുറുകെ പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. പൈലിങ് പ്രവൃത്തികൾക്ക് വേഗം കൂട്ടുന്നതിനായി ഇന്നലെ കൂറ്റൻ ബാർജ് തുരുത്തിക്ക് സമീപം പുഴയിലിറക്കി. പരശുരാമ എന്ന പേരിലുള്ള ബാർജിൽ പാലത്തിന്റെ നിർമാണത്തിനുള്ള യന്ത്രസാമഗ്രികളും, ക്രെയിൻ എന്നിവ ഉൾപ്പെടുന്നു. നൂറുകണക്കിന് തൊഴിലാളികളാണ് പാലം പണിയിലേർപ്പെട്ടിരിക്കുന്നത്. ദേശീയപാത അധികൃതരും കരാറുകാരും സ്ഥലത്തെത്തി നിർമാണ പുരോഗതി വിലയിരുത്തി. 727 മീറ്റർ നീളത്തിലുള്ള പാലമാണ് നിർമിക്കുന്നത്.
പാപ്പിനിശ്ശേരി തുരുത്തിയിൽ നിന്നും ചിറക്കൽ കോട്ടക്കുന്ന് എത്തുന്ന നിലയിലാണ് പുതിയ പാലം. ഇരുഭാഗത്തും 200 മീറ്ററിലധികം ദൂരം പുഴയിലേക്ക് മണ്ണിട്ടുയർത്തിയാണ് ബാർജുകളും, പൈലിങ് യന്ത്രങ്ങളും ഇറക്കുന്നത്. പുഴയ്ക്ക് കുറുകെ 19 സ്പാനുകളിലൂടെ കടന്നുപോകുന്ന പാലം കരയുടെ ഇരുഭാഗത്തും ഏറെ ഉയരം കൂട്ടിയാണ് നിർമിക്കുന്നത്. പൈലിങ് പൂർത്തിയാക്കി പുഴയിൽ തൂണുകളുടെ നിർമാണ ജോലികൾ ദ്രുതഗതിയിൽ നടക്കുന്നു. കോട്ടക്കുന്ന്, കാട്ടാമ്പള്ളി പ്രദേശങ്ങളിലും നിർമാണം വേഗത്തിൽ നടക്കുന്നു.