ADVERTISEMENT

കണ്ണൂർ ∙ കോൺഗ്രസിനു പുതുശക്തി പകരാൻ യൂത്ത് കോൺഗ്രസിനു സാധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ തിളച്ചു മറിയുന്ന അഗ്നികുണ്ഠമായി മാറാൻ യൂത്ത് കോൺഗ്രസിനു കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി വിജിൽ മോഹനൻ സ്ഥാനമേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ. 

കേരളത്തിന്റെ രാഷ്ട്രീയം ഇപ്പോൾ യുഡിഎഫിന് അനുകൂലമാണ്. സമരമുഖത്ത് ഇറങ്ങേണ്ട ഒട്ടേറെ പ്രശ്നങ്ങൾ  നിലനിൽക്കുന്നു. സമരത്തിൽ പങ്കെടുക്കുന്ന യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കു സംരക്ഷണം നൽകണമെന്നു കെപിസിസി തീരുമാനിച്ചിരിക്കുകയാണ്. സമരങ്ങളുടെ ഭാഗമായുള്ള കേസുകൾ നടത്താൻ ലോയേഴ്സ് കോൺഗ്രസ് ലീഗൽ സെൽ ഉണ്ടാക്കിയിട്ടുണ്ട്. സമരത്തിന്റെ പേരിലുണ്ടാകുന്ന കേസുകളുടെ സാമ്പത്തിക ബാധ്യത കെപിസിസി ഏറ്റെടുക്കാൻ ചർച്ച നടക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. എത്ര കേസുകളും സാമ്പത്തിക ബാധ്യതയും ഉണ്ടായാലും യൂത്ത് കോൺഗ്രസിന് സമരമുഖത്തുനിന്നു മാറിനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.  

വി.രാഹുൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മേയർ ടി.ഒ.മോഹനൻ, സണ്ണി ജോസഫ് എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, കെപിസിസി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, കെ.ജയന്ത്, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, വി.കെ.ഷിബിന, വി.എ.നാരായണൻ, പ്രഫ.എ.ഡി.മുസ്തഫ, പി.ടി.മാത്യു, മുഹമ്മദ് ബ്ലാത്തൂർ, അബിൻ വർക്കി, ജോമോൻ ജോസ്, മിഥുൻ മോഹൻ, വി.പി.അബ്ദുൽ റഷീദ്, റോബർട് വെള്ളാംവെള്ളി, മുഹ്സിൻ കാതിയോട്, ഡോ.കെ.വി.ഫിലോമിന, റിജിൽ മാക്കുറ്റി, പി.മുഹമ്മദ് ഷമ്മാസ്, എം.സി.അതുൽ, കെ.കമൽജിത് എന്നിവർ  പങ്കെടുത്തു.  യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന കൊല്ലപ്പെട്ട ശുഹൈബ്, ശരത്‌ലാൽ, കൃപേഷ് എന്നിവർക്കും ഡിസിസി പ്രസിഡന്റായിരുന്ന സതീശൻ പാച്ചേനിക്കും ആദരാഞ്ജലികൾ അർപ്പിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു തോറ്റ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തില്ല. പുതിയ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി തുടരാൻ താൽപര്യമില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണു വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com