നാൾമരം മുറിക്കൽ ചടങ്ങ് നടന്നു: പെരുങ്കളിയാട്ടത്തിനൊരുങ്ങി കാപ്പാട്ട് കഴകം
Mail This Article
പയ്യന്നൂർ ∙ കാൽ നൂറ്റാണ്ടിനു ശേഷം പെരുങ്കളിയാട്ടം നടക്കുന്ന കാപ്പാട്ട് കഴകത്തിൽ നാൾമരം മുറിക്കൽ ചടങ്ങ് നടന്നു. കോയ്മ തറവാടായ കരിപ്പത്ത് തറവാട്ടിൽ നിന്നാണ് ആചാരപ്പെരുമയോടെ നാൾ മരം മുറിച്ചത്. അരങ്ങിലിറങ്ങിയ കോമരങ്ങൾ അന്തിത്തിരിയനും കാരണവന്മാർക്കും വിവിധ ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികർക്കും വാല്യക്കാർക്കുമൊപ്പം ജന്മാശാരിയെയും കൂട്ടിയാണ് കഴകത്തിൽ നിന്ന് തറവാട്ടിലെത്തിയത്.
സർവചരാചരങ്ങളോടും അനുമതി തേടി ജന്മാശാരി പി.വി.രാഘവനാചാരി ഗണപതിയെ പ്രീതിപ്പെടുത്തി കയ്യുളി കൊണ്ട് മരത്തിൽ കൊത്തിട്ടു. തുടർന്ന് അവകാശികൾ മരം മുറിച്ചിടുമ്പോൾ വാല്യക്കാർ ചുമലിലേറ്റി കഴകത്തിൽ എത്തിച്ചു. അരങ്ങിലെത്തുന്ന കാപ്പാട്ട് ഭഗവതിക്കും പോർക്കലി ഭഗവതിക്കുമുള്ള ഇരിപ്പിടമൊരുക്കുന്നതിനുള്ള പീഠങ്ങൾ നിർമിക്കുന്നതിനും 101 മേലരിക്കും വേണ്ടിയാണ് നാൾ മരം മുറിച്ചത്.