ADVERTISEMENT

ഇരിക്കൂർ ∙ പ്രതീക്ഷകളും ആശങ്കകളുമുയർത്തി വീണ്ടും ഒരു കശുവണ്ടിക്കാലം. മുൻ വർഷത്തെ അപേക്ഷിച്ച പൂ കരിച്ചിലും തേയിലക്കൊതുകുകളുടെ ആക്രമണവും കുറവാണെന്നത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും നവംബർ-ഡിസംബർ മാസങ്ങളിൽ പെയ്ത കനത്ത മഴ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നത് ആശങ്കയാകുന്നു.

കശുവണ്ടി കിലോയ്ക്ക് 100 രൂപ മാത്രമാണ് ഇത്തവണ സീസൺ തുടക്കത്തിൽ കർഷകർക്ക് ലഭിക്കുന്നത്. അണ്ടിപ്പരിപ്പിന് കിലോയ്ക്ക് 1000 മുതൽ 1200 രൂപ വരെ വിലയുള്ളപ്പോഴാണ് ഈ അവസ്ഥ. 200-250 രൂപയെങ്കിലും കിലോയ്ക്ക് ലഭിക്കണമെന്നാണു കർഷകരുടെ ആവശ്യം. 

സീസൺ ആരംഭിച്ചിട്ടും കശുവണ്ടി സംഭരിക്കാനുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടില്ല. 114 രൂപ കഴിഞ്ഞ വർഷം തറവില നിശ്ചയിച്ചിരുന്നെങ്കിലും മുൻ വർഷങ്ങളിൽ സംഭരിച്ചതിന്റെ പണം ലഭിക്കാത്തതിനാൽ കഴിഞ്ഞ സീസണിൽ മിക്ക സഹകരണ സംഘങ്ങളും കശുവണ്ടി സംഭരിക്കാൻ തയാറായില്ല. 

സംഭരണം സീസൺ അവസാനിക്കാറായ മേയ് മാസമാണ് തുടങ്ങിയതെന്നതും തിരിച്ചടിയായി. കശുവണ്ടി ഏറ്റവും കൂടുതൽ ലഭ്യമാകുന്നത് ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ്. അതുകൊണ്ടു തന്നെ ജനുവരി ആദ്യം സംഭരണം തുടങ്ങണം.

രാത്രി തണുപ്പ് കൂടുതലും പകൽ ചൂട് കൂടുതലുമുള്ള കാലാവസ്ഥയും മൂടിക്കെട്ടിയ അന്തരീക്ഷവും കാരണം തേയിലക്കൊതുകിന്റെ ആക്രമണത്തിന് സാധ്യത കൂടുതലാണ്. ഇതിനെതിരെ തളിരിടുന്ന സമയത്ത് ലാംഡ സൈഹലോത്രിൻ 6 മില്ലി ലീറ്റർ, 10 ലീറ്റർ വെളളത്തിൽ ചേർത്ത് തളിക്കുന്നത് ഗുണകരമാണ്. പൂവിടുന്ന സമയത്ത് ക്വിനാൽഫോസ് 2 മില്ലി ലീറ്റർ ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുകയും പച്ചണ്ടി ഉണ്ടാകുന്ന സമയത്ത് തിയോമെത്തോക്സം 2.5 ഗ്രാം 10 ലീറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുകയും വേണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com