ADVERTISEMENT

കണ്ണൂർ ∙ കഴിഞ്ഞവർഷം കണ്ണൂർ ജില്ലയിൽ മഴക്കുറവ് 22 ശതമാനമാണ്. 3277 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്തു കഴിഞ്ഞ വർഷം ലഭിച്ചത് 2552 മില്ലീമീറ്റർ മഴ മാത്രം. മഴക്കുറവിനൊപ്പം ചൂടും ജില്ലയിൽ ഇത്തവണ വില്ലനാകും. 

രാജ്യത്തെ തന്നെ ഉയർന്ന ചൂട്
കഴിഞ്ഞയാഴ്ച രണ്ടു തവണയാണു രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ രേഖപ്പെടുത്തിയത്. ചെറുതാഴത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട് 38 ഡിഗ്രി സെൽഷ്യസാണ്. ചൂട് ഉയരുകയും ജലക്ഷാമം രൂക്ഷമാകുകയും ചെയ്യുന്ന വേനൽക്കാലം ജനജീവിതത്തെ സാരമായി ബാധിക്കുമെന്നു കാലാവസ്ഥാ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. മലയോര മേഖലകളിൽ ജലക്ഷാമം രൂക്ഷമാകാനാണു സാധ്യത.

വരൾച്ചയുണ്ടാകില്ല, പക്ഷേ, ശ്രദ്ധിക്കണം
ഏറ്റവും മഴക്കുറവുള്ള 2016ലെ വരൾച്ച ഇത്തവണ ഉണ്ടാകില്ലെന്നാണു വിലയിരുത്തൽ. അതിനു സഹായിച്ചതാകട്ടെ തുലാവർഷത്തിൽ ലഭിച്ച അധിക മഴയും. എന്നാൽ, 27 ശതമാനം കൂടുതൽ തുലാമഴ സംസ്ഥാനത്തു ലഭിച്ചിട്ടും കണ്ണൂരിൽ തുലാമഴ സാധാരണ ലഭിക്കേണ്ട അളവിൽ ലഭിച്ചിട്ടില്ല. വയനാടാണ് തുലാവർഷത്തിൽ കുറവു മഴ ലഭിച്ച മറ്റൊരു ജില്ല. വയനാട് കാലവർഷത്തിലും 55 ശതമാനം കുറവുണ്ടായിരുന്നു. 

ആശ്വാസമാകുമോജനുവരിയിലെ മഴ? 
ജനുവരിയിൽ സംസ്ഥാനത്ത് കൂടുതൽ മഴ ലഭിക്കുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ, ജനുവരിയിൽ സാധാരണ ലഭിക്കേണ്ട മഴ 7.4 മില്ലീമീറ്റർ മാത്രമാണ്. അതിനേക്കാൾ അൽപം കൂടുതൽ മഴ ലഭിച്ചാൽ പോലും വാർഷിക മഴക്കുറവ് പരിഹരിക്കപ്പെടില്ല. 

ഒരാൾക്ക് എത്ര വെള്ളം
കേന്ദ്ര മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് പ്രതിദിനം 55 ലീറ്റർ വെള്ളമാണു നൽകേണ്ടതെങ്കിലും സംസ്ഥാനത്ത് ഒരാൾക്ക് പ്രതിദിനം 100 ലീറ്റർ എന്നു കണക്കാക്കിയാണ് കേരള ജല അതോറിറ്റി ജലവിതരണ പദ്ധതികൾ നടപ്പിലാക്കുന്നത്. ജലോപയോഗം ഈ പരിധിക്കുള്ളിൽ നിർത്തിയില്ലെങ്കിൽ വരാനിരിക്കുന്ന വേനൽക്കാലം ജില്ലയിൽ ബുദ്ധിമുട്ടുണ്ടാക്കും.

ഈ വേനൽക്കാലത്ത് സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ജലലഭ്യതയുടെ കുറവിനൊപ്പം ഈ ചൂടും സാധാരണക്കാരെ സാരമായി ബാധിക്കും. അതിനുള്ള മുൻകരുതലെടുക്കേണ്ടത് അത്യാവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com