ADVERTISEMENT

കണ്ണൂർ ∙ ക്യാമറക്കണ്ണിൽ കുരുങ്ങിയാലും അറിയില്ല, ജില്ലയിലെ ചലാൻ വിതരണം നിലച്ചു. ഡിസംബറിൽ മാത്രം ജില്ലയിൽ 22,000 റോഡ് നിയമലംഘനങ്ങളാണ് ക്യാമറ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, തപാൽമാർഗം ആർക്കും ചലാൻ അയച്ചിട്ടില്ല. ക്യാമറ കണ്ടെത്തുന്ന നിയമലംഘനം വാഹനമുടമയ്ക്ക് ഫോണിൽ ലഭിക്കണമെങ്കിൽ‍ ഫോണ്‍ നമ്പറും വാഹന നമ്പറും ബന്ധിപ്പിക്കേണ്ടതുണ്ട്.

ഇത് എല്ലാവരും ചെയ്തിട്ടില്ലാത്തതിനാലാണു തപാൽ മാർഗം നോട്ടിസ് അയയ്ക്കുന്നത്. എന്നാൽ, തപാൽ വകുപ്പിനും പണം കുടിശികയായതോടെ ഒരു മാസത്തിലധികമായി ജില്ലയിൽ പിഴയൊടുക്കേണ്ടതു സംബന്ധിച്ച നോട്ടിസ് വിതരണം ചെയ്തിട്ടില്ല. കരാർ കമ്പനിയായ കെൽട്രോണിനു കോടികളുടെ കുടിശികയാണു സർക്കാർ കൊടുക്കാനുള്ളത്.

ഇതോടെ, റോഡ് ക്യാമറ നിരീക്ഷണ മുറികളിലെ കെൽട്രോൺ ജീവനക്കാരെ കമ്പനി പിൻവലിച്ചു തുടങ്ങി. ജില്ലയിലെ മൂന്ന് കെൽട്രോൺ ജീവനക്കാരെയും കമ്പനി തിരിച്ചുവിളിച്ചെന്നാണു വിവരം. മട്ടന്നൂരാണ് റോഡ് നിയമലംഘനങ്ങൾ കണ്ടെത്താനും പിഴയീടാക്കാനും സ്ഥാപിച്ചിട്ടുള്ള റോഡ് ക്യാമറകളുടെ കൺട്രോൾ റൂം.

മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ സ്ഥലംമാറിപ്പോയിട്ടും ഇതുവരെ ആ ഒഴിവും നികത്തിയിട്ടില്ല. നിലവിൽ നാലു ജീവനക്കാർ മാത്രമാണ് കൺട്രോൾ റൂമിലുള്ളത്. തുടക്കത്തിൽ ഇത് എട്ടായിരുന്നു. കെഎസ്ഇബിക്കും കരാർ കമ്പനി പണം നൽകാനുണ്ട്. കെഎസ്ഇബി വൈദ്യുത ബന്ധം വിച്ഛേദിച്ചാൽ റോഡ് ക്യാമറകൾ പൂർണമായും പണിമുടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com