ADVERTISEMENT

തളിപ്പറമ്പ് ∙ നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാൻ ആളെ കിട്ടുന്നില്ലെന്ന് നഗരസഭാ അധികൃതർ. നഗരത്തിലെ കന്നുകാലി ശല്യത്തോടൊപ്പം കുതിര ശല്യവും തുടങ്ങിയതിനെ കുറിച്ച് കഴിഞ്ഞദിവസം മനോരമ വാർത്ത നൽകിയിരുന്നു. ഇവയെ പിടികൂടാൻ ആളുകളെ ലഭിക്കാത്തതിനാലാണു നടപടികൾ എടുക്കാത്തതെന്ന് അധികൃതർ അറിയിച്ചു.  കഴിഞ്ഞവർഷം നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാൻ കരാർ അടിസ്ഥാനത്തിൽ ആളുകളെ നിയോഗിച്ചിരുന്നു. ഇങ്ങനെ പിടികൂടിയ കന്നുകാലികളെ ലേലം ചെയ്തു വിറ്റു. ഒരു ലക്ഷത്തിലേറെ രൂപ നഗരസഭക്ക് വരുമാനമായി ലഭിച്ചിരുന്നു.  എന്നാൽ, പിന്നീട് നഗരസഭാ കോംപൗണ്ടിൽ പിടിച്ചുകെട്ടിയ കന്നുകാലിയെ രാത്രി പൂട്ട് പൊളിച്ച് കാവൽക്കാരനെ ആക്രമിച്ച് ഉടമ കടത്തിക്കൊണ്ടു പോയ സംഭവം നടന്നിരുന്നു.

വീട്ടിൽ കെട്ടിയിട്ട കന്നുകാലിയെ പിടിച്ചുകൊണ്ടു പോയെന്ന ആരോപണവും ഉയർന്നു. ഇതോടെ കന്നുകാലികളെ പിടികൂടുന്ന നടപടികൾ അവസാനിക്കുകയായിരുന്നു. ഇപ്പോൾ തളിപ്പറമ്പ് നഗരത്തിൽ കന്നുകാലികളുടെ ശല്യം രൂക്ഷമാണ്. 20ൽ കൂടുതൽ കന്നുകാലികൾ ഉള്ള സംഘത്തെ വരെ ഉടമസ്ഥർ നഗരത്തിലേക്ക് തുറന്നുവിടുന്നുണ്ട്. ഇതോടൊപ്പമാണ് ഇപ്പോൾ കുതിര ശല്യവും ആരംഭിച്ചത്. ഒരു കന്നുകാലിയെ പിടികൂടി നഗരസഭ ഓഫിസിൽ എത്തിച്ചാൽ 2,500 രൂപ വീതമാണു പ്രതിഫലമായി നൽകുന്നത്. 2 തവണ അപേക്ഷ ക്ഷണിച്ചിട്ടും ആരും അപേക്ഷിച്ചിട്ടില്ലെന്നും നഗരസഭാ അധികൃതർ അറിയിച്ചു. ഇപ്പോൾ നഗരത്തിലേക്ക് അഴിച്ചുവിടുന്ന കുതിരയുടെ ഉടമയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും ഇവയെ നാട്ടുകാർ പിടിച്ചുകെട്ടി നഗരസഭാ കോംപൗണ്ടിൽ എത്തിച്ചാ‌ൽ ലേലം ചെയ്ത് വിൽക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com