ADVERTISEMENT

കണ്ണൂർ∙ മഴ മാറി നിന്ന മാനത്തേക്കു കപ്പുയർത്തി കൗമാരപ്രതിഭകൾ ആർപ്പുവിളിച്ചു–ഇതു കാത്തിരുന്നു കിട്ടിയ കൗമാരകലാകിരീടം. 23 വർഷത്തെ ഇടവേളയ്ക്കു ശേഷം കണ്ണൂരിലേക്കു സ്വർണക്കപ്പെത്തി. 

ന്യൂമാഹി പാലത്തിനു സമീപത്തുനിന്ന് വൈകിട്ട് 3ന് ആരംഭിച്ച ഘോഷയാത്രയെ വരവേൽക്കാനെത്തിയതു വൻജനാവലി. മഹാവരവേൽപ് സമാപിക്കുന്നതുവരെ ആശംസകളും അഭിനന്ദനങ്ങളുമറിയിക്കാൻ വൻജനക്കൂട്ടമുണ്ടായിരുന്നു. തുറന്ന വാഹനത്തിലായിരുന്നു പ്രതിഭകളുടെ യാത്ര.ന്യൂമാഹിയിലെത്തിയ ഘോഷയാത്രയെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എന്നിവരടക്കം ചേർന്നു സ്വീകരിച്ചു. 

തലശ്ശേരി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ ബാൻഡ് മേളം സ്വീകരണ പരിപാടിക്ക് അകമ്പടിയായി. ന്യൂമാഹി എംഎം സ്കൂളിലെ മുഴുവൻ വിദ്യാർഥികളും താരങ്ങളെ സ്വീകരിക്കാനെത്തി. വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ പടക്കം പൊട്ടിച്ചും എംഎം സ്കൂൾ അലുമ്‌നൈ പ്രവർത്തകർ ലഡുവിതരണം ചെയ്തും സന്തോഷം പങ്കുവച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ ബ്യൂട്ടിഫുൾ കണ്ണൂർ ബാനർ ഉയർത്തിയാണു കുട്ടിക്കൂട്ടത്തെ സ്വീകരിച്ചത്. 

ടൗൺ സ്ക്വയറിൽ ഘോഷയാത്ര സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കഥാകൃത്ത് ടി.പത്മനാഭൻ വിദ്യാർഥികൾക്കു മധുരം നൽകിക്കൊണ്ടു നിർവഹിച്ചു. ഘോഷയാത്രയ്ക്ക് കാൾടെക്സിൽ കെഎസ്​യു ജില്ലാ കമ്മിറ്റി അഭിവാദ്യമർപ്പിച്ചു. 

കെഎസ്​യു, എസ്എഎഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റം
ഘോഷയാത്രയിൽ‍ സ്പോർട്സ് സ്കൂളിലെ വിദ്യാർഥികളെക്കൊണ്ട് എസ്എഫ്ഐ ബാനർ പിടിപ്പിച്ചത് കെഎസ്​യു, എസ്എഎഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റത്തിനിടയാക്കി. കാൾടെക്സിലെത്തിയപ്പോഴാണ് എസ്എഫ്ഐ വിദ്യാർഥികളെ ‘ബ്ലഡി കണ്ണൂരല്ലിത് ബ്യൂട്ടിഫുൾ കണ്ണൂർ’ എന്നു രേഖപ്പെടുത്തിയ ബാനർ പിടിപ്പിച്ചത്.

എന്നാൽ, വിദ്യാർഥികളെക്കൊണ്ട് പിടിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നും നീക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്​യു ജില്ലാ പ്രസിഡന്റ്‌ എം.സി.അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.അബ്‌ദുൾ റഷീദ് എന്നിവർ രംഗത്തെത്തി. ഇരുവിഭാഗങ്ങളും തമ്മിൽ‍ 15 മിനിറ്റോളം വാക്കേറ്റമുണ്ടായി. അധ്യാപകരെത്തി ബാനർ നീക്കിയതോടെയാണു തർക്കം തീർന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com