ADVERTISEMENT

എടക്കാട് ∙ പൊതുവാച്ചേരിയിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി വൈകി നിരീക്ഷണം നടത്തുകയായിരുന്ന എടക്കാട് പൊലീസിനെ ആക്രമിച്ച നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ഒളവണ്ണ സ്വദേശി നവീൻ ബാബു(28), കോഴിക്കോട് കോട്ടുളി സ്വദേശി ഇ.കെ.നിധിൻ(26), കണ്ണൂർ പൊതുവാച്ചേരി സ്വദേശി അബ്ദുൽ റഹീം(31), കണ്ണൂർ മരക്കാർക്കണ്ടി സ്വദേശി സി.മുഹമ്മദ് ഷാഹിദ്(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി വൈകി പയ്യന്നൂരിലെ ഒരു ഹോട്ടലിൽനിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്നു കണ്ണൂർ സിറ്റി പൊലീസ് കമ്മിഷനർ അജിത്ത്കുമാർ പറഞ്ഞു. 

എടക്കാട് സ്റ്റേഷൻ പരിധിയിലെ പൊതുവാച്ചേരി ഭാസ്കരൻ പീടികയ്ക്കു സമീപം രാത്രി നീരീക്ഷണം നടത്തുകയായിരുന്ന എടക്കാട് പൊലീസിനു നേർക്കാണു കർണാടക റജിസ്ട്രേഷനിലുള്ള കാറിലെത്തിയ നാലംഗ സംഘം കുപ്പിയേറും വടിവാൾ വീശലും നടത്തിയത്. 

കുപ്പിയേറിൽ പൊലീസ് വാഹനത്തിന്റെ ചില്ലു തകർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റിരുന്നു. സംശയാസ്പദമായ രീതിയിൽ കണ്ട കാറിനെ എടക്കാട് പൊലീസ് വാഹനം പിന്തുടർന്നതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. പൊലീസ് വാഹനത്തിന്റെ ചില്ലു തകർന്നിട്ടും കാറിനെ പിന്തുടരാൻ ശ്രമിച്ചപ്പോഴാണു കാറിന്റെ വേഗം കുറച്ച സംഘം പൊലീസ് വാഹനത്തിനു നേർക്കു വടിവാൾ വീശിയത്. പൊലീസ് വാഹനത്തിന്റെ നിയന്ത്രണം വിടുമെന്നായപ്പോൾ വേഗം കുറച്ചു റോഡരികിലേക്ക് നിർത്തി. ഈ സമയം നാലംഗ സംഘം വേഗത്തിൽ കാറോടിച്ചു രക്ഷപ്പെട്ടു.

പൊതുവാച്ചേരിയിൽനിന്നു മുൻപു ലഹരിമരുന്നു കേസിലടക്കം പിടിയിലായിരുന്ന അബ്ദുൽ റഹീം അടക്കമുള്ളവരാണു നാലംഗ സംഘമെന്നു പൊലീസ് തിരിച്ചറിഞ്ഞതോടെ ഇവരെ പിടികൂടാൻ  കണ്ണൂർ എസിപി ടി.കെ.രത്നകുമാറിന്റെ നിർദേശത്തിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനുമോഹൻ, എടക്കാട് പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം തുടരുകയായിരുന്നു. പ്രതികൾ പയ്യന്നൂരിലെ ഹോട്ടലിൽ ഉണ്ടെന്ന വിവരം ലഭിച്ച പൊലീസ് റെയ്ഡ് നടത്തി നാലു പ്രതികളെയും പിടികൂടി. കസ്റ്റഡിയിൽ എടുക്കുമ്പോഴും പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചതായി കമ്മിഷനർ പറഞ്ഞു.

പിടിയിലായ പ്രതി അബ്ദുൽ റഹീമിനെതിരെ കാപ്പ ചുമത്തിയിരുന്നു. ഇയാളുടെ പേരിൽ ലഹരിമരുന്നു കേസടക്കം 20 കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.  ടി.കെ.നിധിനെതിരെ കോഴിക്കോട് കവർച്ച, ലഹരിമരുന്ന് അടക്കം 11 കേസുകളുണ്ട്. നവീൻ ഏലിയാസിനെതിരെ കവർച്ചയടക്കം 10 കേസുകളും സി.മുഹമ്മദ് ഷാഹിദിനെതിരെ 6 കേസുകളും നിലവിലുണ്ടെന്നും കമ്മിഷനർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com