ADVERTISEMENT

കണ്ണൂർ∙ സ്കൂൾ വിദ്യാർഥികളുടെ സൗജന്യ യൂണിഫോം പദ്ധതിയിൽ ജില്ലയിലെ കൈത്തറി സംഘങ്ങൾക്ക് സർക്കാരിൽ നിന്ന് കുടിശിക ലഭിക്കാനുള്ളത് 4 കോടിയിലേറെ രൂപ. 5 മാസത്തെ കൂലി കുടിശിക തൊഴിലാളികൾക്കും ലഭിക്കാനുണ്ട്. കുടിശിക തുക കിട്ടാതായതോടെ ജില്ലയിലുള്ള 32 കൈത്തറി സംഘങ്ങൾ കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. യൂണിഫോം സൗജന്യമായി നൽകുന്ന പദ്ധതിയിൽ, കൈത്തറി യൂണിഫോം ആണ് ഉൽപ്പാദിപ്പിച്ചു നൽകുന്നത്. കൂലിയും തുകയും കൃത്യമായി നൽകുന്നില്ലെങ്കിലും കഴിഞ്ഞ 7 വർഷമായി കൈത്തറി തൊഴിലാളികളും കൈത്തറി സഹകരണ സംഘങ്ങളും യൂണിഫോം ഉൽപ്പാദിപ്പിച്ചു നൽകുന്നത് മുടക്കിയിട്ടില്ല.

അന്നന്ന് ജോലി ചെയ്ത് മാത്രം കുടുംബം പുലർത്താൻ കഴിയുന്ന കൈത്തറി തൊഴിലാളികളുടെ കൂലിയാണ് 5 മാസമായി മുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ 6 വർഷവും ഇതാണ് അവസ്ഥ. ജോലി ചെയ്ത നാളുകളിലെ കൂലി കിട്ടാത്തതിൽ കടുത്ത നിരാശയും തൊഴിലാളികൾക്കുണ്ട്. യൂണിഫോം പദ്ധതിയിൽ തുണി ഉൽപ്പാദിപ്പിക്കുന്ന തൊഴിലാളികൾക്ക് സർക്കാർ തന്നെ പ്രഖ്യാപിച്ച മിനിമം കൂലി നൽകുന്നതിനു പോലും പദ്ധതിയിൽ ആവശ്യമായ തുക വകയിരുത്തിയിട്ടില്ലാത്തതിനാൽ മിനിമം കൂലി തൊഴിലാളികൾക്ക് ലഭ്യമാകാത്ത അവസ്ഥയാണ്.

സ്കൂൾ യൂണിഫോം ഉൽപ്പാദിപ്പിക്കുന്നതിനു ഒരു ദിവസം കൂലിയായി തൊഴിലാളിക്ക് ലഭിക്കുന്നത് 393.40 രൂപയാണ്. 40 ശതമാനം കൂലി സംഘങ്ങളും 60 ശതമാനം കൂലി സർക്കാരുമാണ് തൊഴിലാളികൾക്ക് നൽകേണ്ടത്. ഒട്ടുമിക്ക സംഘങ്ങൾക്കും സർക്കാർ ഏറ്റെടുത്ത തുണിയുടെ വില യഥാസമയം ലഭിച്ചിട്ടില്ല. യഥാസമയം തുണി ഏറ്റെടുക്കാത്തതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി. പദ്ധതിയുടെ ആരംഭ കാലത്ത് നിശ്ചയിച്ച വില പുനർ നിർണയിച്ചിട്ടുമില്ല. ഇതേ തുടർന്ന് അതിനുശേഷമുണ്ടായ നൂൽ വില വർധന അടക്കമുള്ള ചെലവ് ഇനങ്ങൾ കാരണം ദൈനംദിന പ്രവർത്തനങ്ങൾക്ക് സാമ്പത്തികം തികയാതെയായി.

പദ്ധതി ഇങ്ങനെ
2017 മുതൽ ആണ് സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികൾക്ക് സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി ആരംഭിക്കുന്നത്. പദ്ധതി പ്രകാരം സർക്കാർ സ്കൂളുകളിലെ 1 മുതൽ 7 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കും 1 മുതൽ 4 വരെയുളള എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കുമായി 2 ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്. പരമ്പരാഗത വ്യവസായ കൈത്തറിയുടെ ഉന്നമനത്തിനും സ്‌കൂൾ കുട്ടികൾക്ക് ഗുണമേന്മയേറിയ യൂണിഫോം ലഭിക്കുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കിയത്. 

പൊതു വിദ്യാഭ്യാസ വകുപ്പും കൈത്തറി വകുപ്പും ചേർന്നാണ് പദ്ധതി നടത്തുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിൽ ഹാൻഡ്ക്‌സും, തൃശൂർ മുതൽ കാസർകോട് വരെയുളള ജില്ലകളിൽ ഹാൻവീവുമാണ് യൂണിഫോം തുണി വിതരണം ചെയ്യുന്നത്. ജില്ലയിൽ യൂണിഫോം നെയ്ത്ത് തൊഴിലാളികളായി 4000ത്തോളം പേരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com