ADVERTISEMENT

ആലക്കോട്∙ വൈദ്യുതലൈൻ ക്ലിയറൻസിന്റെ  പേരിൽ വെള്ളാട് മൈലംപെട്ടിയിൽ ഇരുപത്തഞ്ചോളം നേന്ത്രവാഴകൾ കെഎസ്ഇബി വെട്ടിനശിപ്പിച്ചു. കരുവഞ്ചാൽ കല്ലൊടിയിലെ വിറകൊടിയനാൽ ജയിംസ് വെള്ളാട് മൈലംപെട്ടിയിൽ പാട്ടത്തിനെടുത്ത 5 ഏക്കർ കൃഷിയിടത്തിലെ നേന്ത്രവാഴകളാണു നശിപ്പിച്ചത്. 12 വാഴകൾ പൂർണമായും നശിപ്പിച്ചു.കെഎസ്ഇബിയുടെ കരാർ ജീവനക്കാർ ക്ലിയറൻസിനു വന്നപ്പോൾ ജയിംസ് കൃഷിയിടത്തിൽ ഉണ്ടായിരുന്നു. കൃഷി നശിപ്പിക്കില്ലെന്നും ലൈനിലേക്ക് മുട്ടിനിൽക്കുന്ന വാഴയിലകൾ മാത്രമേ വെട്ടിമാറ്റുകയുള്ളൂവെന്നുമാണ് ജീവനക്കാർ പറഞ്ഞിരുന്നത്. എന്നാൽ വീട്ടിൽ പോയി തിരിച്ചു വന്നപ്പോൾ ലൈനിനെ ബാധിക്കാത്ത വാഴകളും നശിപ്പിച്ച നിലയിലായിരുന്നെന്നു ജയിംസ് പറയുന്നു. വൈദ്യുതലൈൻ കൃഷിയിടത്തിലൂടെ കടന്നുപോകുന്ന എഴുപതോളം മീറ്റർ നീളത്തിലെ വാഴകളാണു വെട്ടിയത്.

കഴിഞ്ഞവർഷം ക്ലിയറൻസ് നടന്നപ്പോൾ യാതൊരുവിധ നാശനഷ്ടവും ഉണ്ടായിരുന്നില്ലെന്നു ജയിംസ് പറയുന്നു. കാട്ടുമൃഗശല്യം കാരണം വീടുകൾ  ഉപേക്ഷിച്ച പ്രദേശത്തേക്കുള്ള വൈദ്യുതലൈനാണെന്നും ആ ഭാഗത്ത് ആരും വൈദ്യുതി ഉപയോഗിക്കുന്നില്ലെന്നും ജയിംസ് പറയുന്നു. ഇതിനു സമീപം കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തു വൈദ്യുതലൈൻ ക്ലിയറൻസ് നടത്തിയിട്ടുമില്ല. വായ്പയെടുത്തും മറ്റും ജയിംസ് പാട്ടത്തിനെടുത്ത 5 ഏക്കർ സ്ഥലത്തെ വാഴകളാണ് നശിപ്പിച്ചത്. മൂപ്പെത്തിയ വാഴക്കുലകൾ കുരങ്ങുകൾ നശിപ്പിക്കുന്നതിനിടെയാണ് കെഎസ്ഇബി ഇത്തരത്തിലുള്ള ക്രൂരകൃത്യം ചെയ്തതെന്ന് ജയിംസ് പറയുന്നു. പരാതിയെത്തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് അവരുടെ വാദം.വൈദ്യുത ലൈനിനു താഴെ കൃഷി  ചെയ്യരുതെന്ന നിബന്ധനയുണ്ടെന്നും വർഷത്തിൽ രണ്ടു പ്രാവശ്യം  ക്ലിയറൻസ് നടത്താറുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com