ADVERTISEMENT

കണ്ണൂർ ∙ സൈബർ പൊലീസും മാധ്യമങ്ങളും ഒട്ടേറെത്തവണ മുന്നറിയിപ്പു നൽകിയിട്ടും ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കുറയുന്നില്ല. കഴിഞ്ഞ ദിവസം സൈബർ പൊലീസിനു മുന്നിലെത്തിയത് 3 പരാതികൾ. സഹോദരന്റെ വ്യാജ വാട്സാപ് ഉണ്ടാക്കി ഓൺലൈൻ വഴി തട്ടിയത് 14000 രൂപ. സൗജന്യ ഫയർ ഗെയിം ഡൗൺലോഡ് ചെയ്തതിനെ തുടർന്ന് മറ്റൊരാൾക്ക് 20767 രൂപയും നഷ്ടമായി.

ആപ്പ് വഴി എടുത്ത വായ്പ മുഴുവനായി തിരിച്ചടച്ചിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയും കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിച്ചു. സഹോദരന്റെ ഫോട്ടോ ഉപയോഗിച്ച് നിർമിച്ച വ്യാജ വാട്സാപ് അക്കൗണ്ട് ഉപയോഗിച്ച് സ്ത്രീയുടെ കയ്യിൽ നിന്നു 14000 രൂപ ഓൺലൈൻ വഴി തട്ടിയെടുത്തു. സഹോദരനാണെന്ന വ്യാജേന സ്ത്രീയെ ബന്ധപ്പെടുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.

ഇത് യഥാർഥ്യമാണെന്നു ധരിച്ച് സ്ത്രീ തുക അയച്ചു നൽകി. പിന്നീട് ആണ് ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലായത്. തുടർന്ന് നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി സ്ത്രീ പരാതി നൽകുകയായിരുന്നു. മകൻ മൊബൈലിൽ സൗജന്യ ഫയർ ഗെയിം ഡൗൺലോഡ് ചെയ്ത് കളിച്ചതിനെ തുടർന്ന് പിതാവിന്റെ അക്കൗണ്ടിൽ നിന്ന് 20767 രൂപ നഷ്ടമാവുകയായിരുന്നു.

ഇരു പരാതികളിലും പൊലീസ് അന്വേഷണം ആരംഭിച്ചു. ആപ് വഴി വായ്പയെടുത്ത യുവാവ് തുക മുഴുവനായും തിരിച്ചടച്ചിട്ടും ഭീഷണി വന്നുകൊണ്ടിരിക്കുന്നു. ചിത്രം അശ്ലീലമായി മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുമെന്നാണു ഭീഷണി. തുടർന്നാണ് യുവാവ് നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി പരാതി നൽകിയത്. ഓൺലൈൻ വായ്പയുടെ പേരിൽ ഒരു ചെറിയ തുക വായ്പ നൽകിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളാണു നടക്കുന്നത്. 

തുക തിരിച്ചടച്ചാലും വ്യാജമായ നഗ്നചിത്രങ്ങളും മോശമായ സന്ദേശങ്ങളും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നു. ലോൺ ആപ്പുകൾ വഴി വായ്പയെടുക്കരുതെന്നാണ് പൊലീസിന്റെ നിർദേശം. വാട്സാപ്, ടെലിഗ്രാം, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്ന് പൊലീസ് അഭ്യർഥിച്ചു. 

വാട്സാപ് വഴിയോ മറ്റ് ഓൺലൈൻ മാധ്യമങ്ങൾ വഴിയോ പണം ആവശ്യപ്പെട്ട് ആരെങ്കിലും സമീപിക്കുകയാണെകിൽ നേരിട്ടോ മറ്റേതെങ്കിലും രീതിയിലോ ബന്ധപ്പെട്ട് ആധികാരികത ഉറപ്പ് വരുത്തണം. അംഗീകൃതമല്ലാത്ത ഗെയ്മിങ് ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കരുതെന്നും പൊലീസ് പറയുന്നു. സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള പോർട്ടലിലൂടെയും (www.cybercrime.gov.in) 1930 എന്ന സൈബർ ഹെൽപ് ലൈനിലൂടെയും ‍ പൊലീസിൽ പരാതികൾ അറിയിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com