ADVERTISEMENT

നെട്ടണിഗെ (ബെള്ളൂർ) ∙ ‌നെട്ടണിഗെ ബെളേരിയിലെ സത്യനാരായണ മണിയാണിയുടെ വീട്ടിലെത്തിയാൽ ഒരുമുറി നിറയെ പ്ലാസ്റ്റിക് ഭരണികൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കിവച്ചിരിക്കുന്നതു കാണാം. അതിലോരോന്നിലും ഓരോ ഇനം നെൽവിത്തുകളാണ്. കുപ്പിയുടെ പുറത്ത് വെള്ളക്കടലാസിൽ അവയുടെ പേരും എഴുതിവച്ചിട്ടുണ്ട്. ‌അപൂർവയിനം നെൽവിത്തുകളുടെ കാവലാളായ സത്യനാരായണ ബേളേരിയുടെ ജീവിതം, 2 പതിറ്റാണ്ടോളമായി പുതിയ നെല്ലിനങ്ങൾ തേടിയുള്ള യാത്രയാണ്. ഇതിനുള്ള അംഗീകാരമാണ് ഇപ്പോൾ തേടിയെത്തിയ പത്മശ്രീ പുരസ്കാരം.

രാജ്യത്തെയും വിദേശത്തെയും ഉൾപ്പെടെ, 650ൽ ഏറെ നെല്ലിനങ്ങളാണ് സത്യനാരായണയുടെ ശേഖരത്തിലുള്ളത്. പരമ്പരാഗത കർഷക കുടുംബത്തിലാണു ജനിച്ചതെങ്കിലും നെൽക്കൃഷിയുമായി സത്യനാരായണയ്ക്കു വലിയ ബന്ധമില്ലായിരുന്നു. കുടുംബത്തിന്റെ പ്രധാനകൃഷി കമുകും റബറുമായിരുന്നു.

പക്ഷേ, സത്യനാരായണയുടെ ഇഷ്ടം മറ്റൊന്നായിരുന്നു. ചെരിഞ്ഞു കിടക്കുന്ന പറമ്പാണ് ഇദ്ദേഹത്തിന്റേത്. നാലേക്കറോളം പറമ്പിൽ ഏറെയും റബറും കമുകും. നെൽക്കൃഷി ചെയ്യാൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് 25 സെന്റ് സ്ഥലം നിരപ്പാക്കിയെടുത്തു. ഉഡുപ്പിയിലെ സുഹൃത്തായ കർഷകനിൽനിന്നു രാജകയമ്മ എന്ന ഒരു വിത്തിനം കൃഷി ചെയ്തായിരുന്നു തുടക്കം. അതിനു ശേഷമാണ് അന്യംനിന്നുപോകുന്ന വിത്തുകൾ സംരക്ഷിക്കുക എന്ന ആശയത്തിലേക്ക് എത്തിയത്. 

സ്ഥലപരിമിതിയായിരുന്നു   തടസ്സം. നെൽക്കൃഷിക്കു കൂടുതൽ സ്ഥലം ആവശ്യമാണ്. അതിനു സ്വന്തം നിലയിൽ പരിഹാരവും  കണ്ടു. വിത്തുകൾ പേപ്പർ ഗ്ലാസിൽ മുളപ്പിച്ച ശേഷം മണ്ണും ചാണകപ്പൊടിയും നിറച്ച ഗ്രോബാഗിലേക്കു പറിച്ചുനടുക. നെല്ല് കതിരിടുന്ന സമയത്തു വെള്ളം ആവശ്യമാണ്. ഇതിനായി പ്ലാസ്റ്റിക് വിരിച്ച് ചെറിയ ജലസംഭരണിയുണ്ടാക്കി.

കതിരിടുന്ന സമയത്ത് ഇതിലേക്കു ഗ്രോബാഗുകൾ മാറ്റും. ഒരിനം നെല്ല് മറ്റൊരിനവുമായി പരാഗണം നടത്താതിരിക്കാൻ ആ സമയത്തു ദൂരത്തേക്കു മാറ്റും. വിത്തുകൾക്കായി പല സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ട്. ഇങ്ങനെ സ്ഥാപിച്ച സൗഹൃദങ്ങളുടെ ഭാഗമായി പലരും  പുതിയ വിത്തുകൾ അയച്ചുകൊടുക്കാറുമുണ്ട്. ഒരു ഗ്രോബാഗിൽ നിന്ന് 300 ഗ്രാം വിത്തുകൾ വരെ ലഭിക്കുന്നു. കൃഷി ചെയ്യാനും വിത്തുകൾ സംരക്ഷിക്കാനും താൽപര്യമുള്ളവർക്കു സൗജന്യമായി കൊടുക്കാറുമുണ്ട്. 2021ൽ കേന്ദ്ര കൃഷിമന്ത്രാലയും പ്ലാന്റ് ജിനോം സേവ്യർ ഫാർമർ പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com