ADVERTISEMENT

കണ്ണൂർ∙ അർബൻ നിധി തട്ടിപ്പു കേസിലെ ഡയറക്ടർ സ്ഥാനങ്ങളിലൊന്നും പ്രധാന പ്രതികളായ മലപ്പുറം ചങ്ങരംകുളം മേലെപ്പാട്ട് വീട്ടിൽ ഷൗക്കത്തലി, തൃശൂർ വയലത്തൂർ വെള്ളറ വീട്ടിൽ ആന്റണി സണ്ണി, തൃശൂർ വരവൂർ സ്വദേശി കെ.എം.ഗഫൂർ എന്നിവരില്ല. കെ.എം.ഗഫൂർ അർബൻ നിധിയുടെ കമ്പനിയുടെ ഓഹരിയുടമ മാത്രമാണെങ്കിൽ മറ്റു 2 പേർ അതുപോലുമല്ല. 

തീർത്തും ദരിദ്രമായ പശ്ചാത്തലത്തിൽ നിന്നുള്ള തൃശൂർ ചാലിശേരി സ്വദേശി മുണ്ടനാട്ട്പീടികയിൽ എം.ജെ.ജസീനയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണു കമ്പനി റജിസ്റ്റർ ചെയ്തത്. ഷൗക്കത്തലിയുടെ, ചങ്ങരംകുളത്തെ അടയ്ക്ക കമ്പനിയിൽ ജോലിക്കാരിയായിരുന്ന ജസീനയെയാണ് അർബൻ നിധിയുടെ മാനേജിങ് ഡയറക്ടറാക്കിയത്. പിന്നീട്, എനി ടൈം മണി റജിസ്റ്റർ ചെയ്തപ്പോൾ, അതിന്റെ ഡയറക്ടറാക്കുകയും ചെയ്തു.

ഇതിനൊക്കെ പ്രതിഫലമായി പാലക്കാട് ചളവറയിൽ 8 സെന്റും വീടും ജസീനയ്ക്കു സ്വന്തമായി നൽകി. നല്ല ശമ്പളവും വാഗ്ദാനം ചെയ്തു. സാമ്പത്തിക ശേഷിയില്ലാത്ത, ബെനാമികളെയാണു കമ്പനിയുടെ മറ്റു ഡയറക്ടർമാരെന്നും വ്യക്തമായിട്ടുണ്ട്. ജസീനയുടെ ഉമ്മ, സഹോദരൻ, അമ്മാവൻ, അമ്മാവന്റെ ഭാര്യ എന്നിവരും ഗഫൂറിന്റെ അടയ്ക്കാ കമ്പനിയിലെ 2 തൊഴിലാളികളുമാണ് അർബൻ നിധിയുടെ മറ്റു ഡയറക്ടർമാർ. ഇവർക്കും ജസീനയ്ക്കും തട്ടിപ്പുകളെ പറ്റി മനസറിവുണ്ടായിരുന്നില്ലെന്നാണു വിവരം. 

ആന്റണിയും ഷൗക്കത്തലിയുമാണ് എനി ടൈം മണിയെന്ന സഹോദര സ്ഥാപനത്തിലെ മറ്റു 2 ഡയറക്ടർമാർ. എടിഎമ്മുകളിലോ ബാങ്കുകളിലോ പോകാൻ ജനങ്ങൾക്കു സാധിക്കാത്ത കോവിഡ് കാലത്ത് വീടുകളിൽ കാർഡ് സ്വൈപിങ് മെഷീനുമായെത്തി പണം വിതരണം ചെയ്യുന്ന സ്ഥാപനമായാണ് എനി ടൈം മണി തുടങ്ങിയത്. വിവിധ ബാങ്കുകളുമായി ബന്ധപ്പെട്ടാണിതു പ്രവർത്തിക്കുക. ബാങ്കുകൾ നൽകുന്ന ചെറിയ കമ്മിഷനാണു കമ്പനിയുടെ വരുമാനം.   

കടത്തിൽ കുടുങ്ങി 
കോട്ടയത്ത് സിമന്റ് കമ്പനിയുടെ ഡീലറായിരുന്നു ആന്റണി സണ്ണി. 50 ലോറികളുണ്ടായിരുന്നു ഇയാൾക്ക്. പുതിയ ഒരു സിമന്റ് കമ്പനിയുടെ ഡീലർഷിപ്പിന് 100 ലോറികൾ വേണമെന്ന നിബന്ധന പാലിക്കാൻ 50 ലോറികൾ കൂടി ആന്റണി വാങ്ങി. ബാങ്ക് വായ്പയെടുത്താണ് ഇത്രയും ലോറികൾ വാങ്ങിയത്. ഇതിനിടെ, കോവിഡ് വ്യാപകമാവുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ ആന്റണിയുടെ സിമന്റ് ബിസിനസ് തകർന്നു. പുതിയ ഡീലർഷിപ് കമ്പനി റദ്ദാക്കി. ആ സമയത്ത് 6 കോടിയോളം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങുകയും ആന്റണി കടത്തിൽ മുങ്ങുകയും ചെയ്തു. ഇതോടെയാണ് ആന്റണി, ഷൗക്കത്തലിയെ സമീപിച്ചതും ഇരുവരും ചേർന്ന് അർബൻ നിധി കമ്പനി തുടങ്ങിയതും.

കേസുകൾ വേറെയും
ഷൗക്കത്തലി, അരൂരിലും കൊല്ലത്തും മേലേപ്പാട്ട് നിധിയെന്ന പേരിൽ 2 കോടി രൂപയുടെ തട്ടിപ്പു നടത്തിയിട്ടുണ്ട്. തൃശൂരിൽ, വായ്പ കൺസൽറ്റൻസി നടത്തി മറ്റുള്ളവരുടെ ഭൂമി പണയപ്പെടുത്തി കോടികളുടെ വായ്പയെടുത്തതിനും ഇയാളുടെ പേരിൽ കേസുണ്ട്.പണയഭൂമിക്ക്, ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അമിത വില കാണിച്ച് 6 കോടി രൂപയുടെ വായ്പയെടുത്തെന്ന സിബിഐ കേസിലും പ്രതിയാണ്. കണ്ണൂരിലെ അർബൻ നിധി തകർന്നു തുടങ്ങിയപ്പോൾ, ആന്റണിയും ഷൗക്കത്തലിയും ചേർന്നു തൃശൂരിൽ പ്രതീക് അർബൻ അഗ്രോ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘമെന്ന പേരിൽ സ്ഥാപനം തുടങ്ങി തട്ടിപ്പു നടത്തി. 

സ്വത്ത് കണ്ടുകെട്ടും
പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി പുരോഗമിക്കുകയാണ്. ഷൗക്കത്തലിയുടെ ചങ്ങരംകുളത്തെ ആഡംബര വീട്, ജസീനയുടെ ചളവറയിലെ വീട്, പ്രതികളുടെ 5 കാറുകൾ, 2 സ്കൂട്ടറുകൾ, 60 ലാപ്ടോപ്പുകൾ എന്നിവ കണ്ടുകെട്ടാനുളള നടപടികൾ കോടതിയിൽ പുരോഗമിക്കുകയാണ്. ആന്റണിയുടെ 50 ലോറികളും കണ്ടുകെട്ടും.

തട്ടിപ്പ് പല വഴികളിൽ
12.5 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണു അർബൻ നിധി കമ്പനിയിൽ നിക്ഷേപത്തട്ടിപ്പു നടത്തിയത്. നിക്ഷേപത്തിനെല്ലാം രസീതി നൽകിയിട്ടുണ്ട്. നിക്ഷേപകർ കമ്പനിയുടെ ഓഹരിയുടമകളുമാണ്. അർബൻ നിധിയുടെ ബാങ്ക് അക്കൗണ്ടിൽ 11 ലക്ഷം രൂപ മാത്രമാണു ശേഷിക്കുന്നത്. എനി ടൈം മണി എന്ന സ്ഥാപനത്തിൽ ജോലി ലഭിക്കാൻ ഒരു വർഷത്തേക്ക് 15 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം സ്വീകരിച്ച്, തട്ടിപ്പു നടത്തിയതാണു രണ്ടാമത്തെ രീതി. പലർക്കും നിക്ഷേപം തിരിച്ചു കിട്ടിയിട്ടില്ല. ജോലിക്കാർക്ക് ആകർഷകമായ ശമ്പളത്തിനു പുറമേ നിക്ഷേപത്തിന് 8% പലിശയും വാഗ്ദാനം ചെയ്തിരുന്നു. 

പണം പോയതെങ്ങോട്ട്?
ആഡംബര വീട് നിർമിച്ചും ആർഭാട ജീവിതം നയിച്ചും പ്രതികൾ പണം ധൂർത്തടിച്ചതായാണു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. നീന്തൽക്കുളമടക്കമുള്ള ഷൗക്കത്തലിയുടെ ചങ്ങരംകുളത്തെ ആഡംബര വസതിക്ക് 2 കോടിയോളം രൂപ മതിപ്പുണ്ട്. അടയ്ക്ക ബിസിനസിനെന്ന പേരിൽ, ആന്റണിയുടെ ഭാര്യയുടെയും സഹോദരന്റെയും പേരിൽ കമ്പനി തുടങ്ങുകയും കമ്പനിയുടെ അക്കൗണ്ടിലേക്കു ചെറിയ തുകകളുടെ ഇടപാടു നടത്തുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

തുടക്കത്തിൽ പലർക്കും പണവും പലിശയും തിരികെ ലഭിച്ചിട്ടുണ്ട്. ഇക്കാലത്ത് 40,000 രൂപ വരെയുള്ള ശമ്പളം ജീവനക്കാർക്കു ലഭിച്ചിട്ടുണ്ട്. പ്രധാന പ്രതികളെല്ലാം 2 ലക്ഷത്തോളം രൂപ വിലയുള്ള മൊബൈൽ ഫോണുകളാണ് ഉപയോഗിച്ചിരുന്നത്. കണ്ണൂരിലെ ഓഫിസുകൾ മോടി പിടിപ്പിക്കുന്നതിനും ലക്ഷങ്ങൾ ചെലവിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com