ADVERTISEMENT

ചെറുപുഴ∙ ആറാട്ടുകടവ് കോളനിയിലെ 8 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ പെരിങ്ങോത്ത് വീട് നിർമാണം പുരോഗമിക്കവേ, വീട് ലഭിക്കാതെ 3 കുടുംബങ്ങൾ ദുരിതക്കയത്തിൽ. മഴക്കാലത്തു കാട്ടാനശല്യം മൂലം ആറാട്ടുകടവ് കോളനി തീർത്തും ഒറ്റപ്പെടും. കോളനിയുടെ ഒരു ഭാഗം കുലം കുത്തിയൊഴുകുന്ന തേജസ്വിനിപ്പുഴയും മറുഭാഗം കർണാടക വനവുമാണ്. പുഴയ്ക്കു പാലമില്ലാത്തതും വനത്തിനുള്ളിൽ കൂടിയുള്ള റോഡിൽ കാട്ടാനക്കൂട്ടം തമ്പടിപ്പിക്കുകയും ചെയ്യും.ഇതേ തുടർന്നാണു പെരിങ്ങോത്ത് വീട് നിർമിച്ചു കോളനിയിലെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ റവന്യു വകുപ്പ് പ്രത്യേക പാക്കേജ് ഉണ്ടാക്കിയത്. പദ്ധതി പ്രകാരം 11 കുടുംബങ്ങൾക്കാണു വീട് നിർമിച്ചു നൽകേണ്ടിരിരുന്നത്. എന്നാൽ വീടുകളുടെ നിർമാണം തുടങ്ങിയപ്പോൾ 8 കുടുംബങ്ങൾക്ക് മാത്രമെ വീട് അനുവദിച്ചുള്ളൂ.

ശേഷിക്കുന്ന 3 കുടുംബങ്ങൾക്കു വീടില്ലാത്ത സ്ഥിതിയാണ്. ഇപ്പോൾ വീട് നിർമാണം അവസാനഘട്ടത്തിലാണ്. വീടുകളുടെ നിർമാണം പൂർത്തിയാകുന്നതോടെ 8 കുടുംബങ്ങളെ ആറാട്ടുക്കടവ് കോളനിയിൽ മാറ്റിപ്പാർപ്പിക്കും. ഇതോടെ വീട് ലഭിക്കാത്ത 3 കുടുംബങ്ങൾ കോളനിയിൽ അവശേഷിക്കും. 11 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ കാട്ടാനയെ പേടിച്ചു ഇപ്പോൾ തന്നെ താമസിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ആളുകളുടെ എണ്ണം കുറയുന്നതോടെ കാട്ടാനശല്യം വൻതോതിൽ വർധിക്കും. ഇതോടെ 3 കുടുംബങ്ങൾക്ക് ഇവിടെ താമസിക്കാൻ പറ്റാത്ത സ്ഥിതിയാകും. ഈ കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കണമെന്ന കോളനി നിവാസികളുടെ ആവശ്യത്തിനു ഇനിയും പരിഹാരമുണ്ടായിട്ടില്ല. ആറാട്ടുക്കടവ് കോളനിയിലെ കാണിക്കാരൻ കുഞ്ഞിരാമൻ, ഗീത താറ്റിക്കോടൻ, പുതിയവീട്ടിൽ കൃഷ്ണൻ എന്നിവർക്കാണ് ഇനി വീടുകൾ ലഭിക്കാനുള്ളത്.

ഇതിൽ കാണിക്കാരൻ കുഞ്ഞിരാമന്റെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു നിർമിച്ച വീട് ഏതുനിമിഷവും തകർന്നു വീഴാവുന്ന സ്ഥിതിയാണ്. 82 കാരനായ കുഞ്ഞിരാമൻ വീട്ടിൽ തനിച്ചാണു താമസിക്കുന്നത്.ഭാര്യ നേരത്തെ മരിച്ചു. റേഷൻകടയിൽ നിന്നു മണ്ണെണ്ണ ലഭിക്കാത്തതിനാൽ മെഴുകുതിരി കത്തിച്ചാണു രാത്രി കഴിയുന്നത്. രാത്രിയിൽ വീടിനു സമീപം വരെ കാട്ടാന എത്തും. ഓട കൊണ്ടു മുറം ഉണ്ടാക്കി വിറ്റാണു ജീവിതം മുന്നോട്ട് നയിക്കുന്നതെന്നു കുഞ്ഞിരാമൻ പറയുന്നു. മറ്റു 2 കുടുംബങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.വീട് നിർമാണം പൂർത്തിയായാലും ശേഷിക്കുന്ന 3 കുടുംബങ്ങളുടെ കാര്യത്തിൽ തീരുമാനം ഉണ്ടായാൽ മാത്രമെ പുതിയ വീടുകളിലേക്ക് താൻ ഉൾപ്പെടെയുള്ളവർ മാറി താമസിക്കുകയുള്ളൂവെന്നു വീട് ലഭിച്ച മനോജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com