ADVERTISEMENT

പയ്യന്നൂർ∙ കണ്ടൽക്കാടുകളെ കാണാനും അതിന്റെ ഭംഗി ആസ്വദിക്കാനും മാത്രമല്ല, കണ്ടൽക്കാടുകളെക്കുറിച്ചു പഠിക്കാനും അവസരമൊരുക്കുകയാണു കുഞ്ഞിമംഗലവും കണ്ണൂർ കണ്ടൽ പ്രോജക്ടും. ഇവിടെയുള്ള കണ്ടൽക്കാടുകളെ സംരക്ഷിക്കാനായി കണ്ടൽക്കാടുകൾ ഉൾപ്പെട്ട ഏക്കറുകണക്കിനു സ്ഥലമാണു സ്വകാര്യ വ്യക്തികളുൾപ്പെടെയുള്ളവർ വില കൊടുത്തു വാങ്ങിയത്.  ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ഡബ്ല്യുടിഐ) എന്ന സ്ഥാപനം ‘കണ്ണൂർ കണ്ടൽ പ്രോജക്ട്’ എന്ന പേരിൽ കണ്ടൽ സംരക്ഷണവുമായി ബന്ധപ്പെട്ട് 2005 മുതൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ഒരു ലക്ഷത്തോളം തൈകൾ
പ്രോജക്ടിന്റെ ഭാഗമായി കണ്ടൽ നട്ടുപിടിപ്പിക്കുന്നതിനായി 5 നഴ്സറികളിലായി ഒരു ലക്ഷം തൈകൾ വളർത്തിയെടുത്തുകഴിഞ്ഞു. പയ്യന്നൂർ കോളജ്, സർ സയ്യിദ് കോളജ് എന്നിവയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന നഴ്സറികളിലാണു കണ്ടൽ തൈകൾ വളർത്തിയിട്ടുള്ളത്.  പ്രാന്തൻ, കുറ്റി, പേന, മഞ്ച, കണ്ണാം പൊട്ടി, എഴുത്താണി, വള്ളി, സ്വർണ, ഉപ്പൂറ്റി, ചക്കര എന്നീ ഇനം കണ്ടൽ ചെടികളാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്. കേരളത്തിൽ കണ്ടുവരുന്ന 17 ഇനം കണ്ടൽചെടികളും നഴ്സറിയിൽ ഒരുക്കാനും ലക്ഷ്യമിടുന്നുണ്ട്. 

kannur-payyanur-2

ഇതിനുപുറമെയാണ്, പ്രാദേശിക ഭരണകൂടത്തിന്റെയും സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടെയും വിദ്യാർഥികളുടെയും സഹകരണത്തോടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ കണ്ടൽച്ചെടികളുടെയും തണ്ണീർത്തടങ്ങളുടെയും പുനരുജ്ജീവനത്തിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്. കണ്ണൂർ കണ്ടൽ പ്രോജക്ട് മാനേജർ എം.രമിത്, അസിസ്റ്റന്റ് മാനേജർ ഡോ.ആർ.നരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണു പ്രവർത്തനങ്ങളുടെ ഏകോപനം. 

കാസ്പിയൻ തീരത്തുനിന്ന്
തണ്ണീർത്തടങ്ങൾ എന്നു വിളിക്കുന്ന പരിസ്ഥിതി വ്യൂഹത്തിന്റെ പ്രാധാന്യം ലോകം തിരിച്ചറിയുന്നത് 1971ൽ ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ നടത്തിയ തണ്ണീർത്തടങ്ങളെക്കുറിച്ചും പ്രത്യേകിച്ചും ജലപക്ഷികളുടെ ആവാസവ്യവസ്ഥയെക്കുറിച്ചും നടന്ന രാജ്യാന്തര കൺവൻഷനു ശേഷമാണ്. മറ്റ് ആവാസവ്യവസ്ഥകളെക്കാൾ ജൈവവൈവിധ്യമുള്ള, പരിസ്ഥിതി മൂല്യമുള്ള തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനും അതിനുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് 1997 മുതൽ ഫെബ്രുവരി 2, ആഗോള തലത്തിൽ തണ്ണീർത്തട ദിനമായി ആചരിച്ചു തുടങ്ങിയത്.

തണ്ണീർത്തട സംരക്ഷണം  എന്തിന്? 
ഏതൊരു ആവാസവ്യവസ്ഥയുടെയും ജീവനാഡിയാണ് തണ്ണീർത്തടങ്ങൾ. സൂക്ഷ്മ ജീവികളടക്കം ആയിരക്കണക്കിനു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയുടെ കേന്ദ്രമായ ഈ പരിസ്ഥിതി വ്യൂഹം ഇല്ലാതാകുന്നതോടെ മനുഷ്യനടക്കമുള്ള ഒട്ടേറെ ജീവജാലങ്ങളുടെ നിലനിൽപു തന്നെ ഇല്ലാതാകും. ദേശാടനപ്പക്ഷികളടക്കമുള്ള പക്ഷിക്കൂട്ടങ്ങൾ പുതിയ താവളങ്ങൾ തേടിപ്പോകുന്നത് ആസന്നമായ ദുരന്തത്തിന്റെ ആപത്​സൂചനകളാണ്. 

kannur-payyanur-3

കേവലം അൻപതു വർഷങ്ങൾ കൊണ്ട് ഭൂമിയിൽ 35 ശതമാനത്തോളം തണ്ണീർത്തടങ്ങൾ ഇല്ലാതായിരിക്കുന്നു. ജൈവ വൈവിധ്യങ്ങളുടെ ഏറ്റവും സമ്പന്നമായ കലവറയായ തണ്ണീർത്തടങ്ങളിൽ നിന്നു ലഭിക്കുന്ന മത്സ്യം, ചെമ്മീൻ, ഞണ്ട്, കക്ക, വിറക്, തേൻ തുടങ്ങിയ വിഭവങ്ങളാണു തീരദേശവാസികളുടെ പ്രധാന ജീവനോപാധി.  അതുകൊണ്ടു കൂടിയാണ് ഇത്തവണത്തെ തണ്ണീർത്തട ദിനാചരണത്തിന്റെ വിഷയം  ‘തണ്ണീർത്തടങ്ങളുടെ സംരക്ഷണം മാനവരാശിക്ക്, പരിസ്ഥിതി സുരക്ഷയ്ക്ക്’ എന്നു തിരഞ്ഞെടുത്തത്. 

kannur-payyanur-4

വില കൊടുത്തു വാങ്ങി
റിസോർട്ടുകൾ, ചെമ്മീൻ കെട്ടുകൾ, പ്രകൃതി സൗഹൃദമല്ലാത്ത ടൂറിസം, അനധികൃത നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കെല്ലാം വേണ്ടി കേരളത്തിൽ വ്യാപകമായി കണ്ടൽക്കാടുകൾ നശിപ്പിക്കപ്പെട്ടു.  ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ 700 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയുണ്ടായിരുന്ന കണ്ടൽക്കാടുകൾ ചുരുങ്ങി കേവലം 17 ചതുരശ്ര കിലോമീറ്ററായി. കേരളത്തിൽ ഇന്ന് അവശേഷിക്കുന്ന കണ്ടൽക്കാടുകളിൽ ഭൂരിഭാഗവും സ്വകാര്യ വ്യക്തികളുടെ കയ്യിലാണെന്ന വസ്തുത പരിസ്ഥിതിസ്നേഹികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത്.

സ്വകാര്യ വ്യക്തികളുടെ അധീനതയിലുള്ള കണ്ടൽക്കാടുകൾ ഏതു സമയത്തും വെട്ടിമാറ്റാൻ സാധ്യതയുണ്ടെന്നും അതിനാൽ ഇവ വിലകൊടുത്തു വാങ്ങി സംരക്ഷിക്കണമെന്നും സർക്കാരിനോടും അധികൃതരോടും പരിസ്ഥിതി പ്രവർത്തകരും പ്രകൃതിസ്നേഹികളും ഒട്ടേറെത്തവണ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ചു സമരം ചെയ്യുന്നതിനു പകരം കണ്ടൽക്കാടുകൾ വിലകൊടുത്തുവാങ്ങി സംരക്ഷിക്കാൻ പരിസ്ഥിതി സ്നേഹികൾ മുന്നോട്ടുവരുകയും ചെയ്തു. 

കുഞ്ഞിമംഗലത്ത് ഏക്കറുകളോളം കണ്ടൽ 
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകരും പരിസ്ഥിതി സംഘടനകളും ചേർന്നു കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കുഞ്ഞിമംഗലത്ത് 3 ഏക്കർ 3 സെന്റ് സ്ഥലം 1998ൽ വിലകൊടുത്തു വാങ്ങിയത്. തുടർന്ന്, കേരളത്തിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ സീക്കും 4 ഏക്കറോളം കണ്ടൽക്കാടുകൾ വില കൊടുത്തു വാങ്ങി. കണ്ണൂർ കണ്ടൽ പ്രോജക്ട് വഴിയും കണ്ടൽക്കാടുകൾ വില കൊടുത്തു വാങ്ങി സംരക്ഷിക്കാൻ മുന്നിട്ടിറങ്ങി. ഇന്ന് 43 ഏക്കറോളം കണ്ടൽക്കാട് കുഞ്ഞിമംഗലത്തുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com